Thursday, June 27, 2019 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

ജലസേചന കനാലുകളിലൂടെ വെള്ളം തുറന്ന്‌ വിടാത്തത്‌ ജനങ്ങളോടുള്ള വെല്ലുവിളി: എം.എല്‍.എ.

അങ്കമാലി: .ചാലക്കുടി ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള സുഗമമായ ജലസേചനം ഉറപ്പ്‌ വരുത്താന്‍ ജലസേചന, വൈദ്യുതി വകുപ്പുകളുടെ ഇടപെടല്‍ വേണമെന്ന്‌ റോജി എം. ജോണ്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. പെരിങ്ങല്‍കുത്തില്‍ വൈദ്യുതി ഉത്‌പാദനം നിര്‍ത്തി വച്ച്‌ ടണലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതിനാല്‍ ചാലക്കുടിപ്പുഴയിലെ ജലത്തിന്‍റെ ലഭ്യത ഗണ്യമായി കുറഞ്ഞിരിക്കയാണ്‌. പെരിങ്ങല്‍ക്കുത്തില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ പുറത്തേക്ക്‌ വിടുന്ന വെള്ളമാണ്‌ ചാലക്കുടി പുഴയിലേക്ക്‌ എത്തുന്നതും ഇടതുകര, വലതുകര കനാലുകളിലൂടെ അങ്കമാലി ഉള്‍പ്പെടെ അഞ്ച്‌ നിയോജകമണ്ഡലങ്ങളില്‍ ജലസേചനത്തിനും, ക്യഷിക്കും ഉപയോഗിക്കുന്നതും. എന്നാല്‍ ടണലിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ കെ.എസ്‌.ഇ.ബി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതിനാല്‍ പുഴയിലേക്ക്‌ ഉള്ള വെള്ളത്തിന്റെ ഒഴുക്ക്‌ ഈ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചില്‍ ഒന്ന്‌ മാത്രമാണ്‌. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്‌ ഏകദേശം 1 എം.സി.എം വെള്ളം ദിവസേന ലഭ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ അത്‌ വെറും 0.2 എം.സി.എം മാത്രമാണ്‌. മുന്‍ വര്‍ഷങ്ങളില്‍ 4 ജനറേറ്ററുകള്‍ വരെ ഒരേ സമയത്ത്‌ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പെരിങ്ങല്‍ക്കുത്തില്‍ ഈ വര്‍ഷം ഒരു ജനറേറ്റര്‍ മാത്രമാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. ഇപ്പോള്‍ അതും അറ്റകുറ്റപ്പണികള്‍ക്കായി 40 ദിവസത്തേക്ക്‌ നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്‌.. ഇത്‌ മൂലം വെള്ളത്തിന്‍റെ ലഭ്യത ഗണ്യമായി കുറയുകയും ഇടതുകര, വലതുകര കനാലുകളെ ആശ്രയിച്ച്‌ ജീവിക്കുന്ന ആയിരക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ട്‌ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി റോജി എം. ജോണ്‍ എം.എല്‍.എ ജലസേചന, വൈദ്യുതി വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ കത്ത്‌ നല്‍കി.ടണലിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പെരിങ്ങല്‍ക്കുത്തില്‍ നിന്നും റിവര്‍ സ്ലൂയിസുകള്‍ വഴി വെള്ളം തുറന്ന്‌ വിടാന്‍ സാധിക്കും. എന്നാല്‍ അതിനായി പെരിങ്ങള്‍ക്കുത്തില്‍ കൂടുതല്‍ വെള്ളം ലഭ്യമാകേണ്ടതുണ്ട്‌. ഷോളയാറില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന്‌ വിട്ടെങ്കില്‍ മാത്രമെ ഇത്‌ സാധിക്കുകയുള്ളു. നിലവില്‍ ഒരു ജനറേറ്റര്‍ മാത്രമാണ്‌ ഷോളയാറില്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌. ചാലക്കുടിപ്പുഴയില്‍ വെള്ളത്തിന്‍റെ നീരൊഴുക്ക്‌ വര്‍ദ്ധിപ്പിക്കുവാന്‍ ഷോളയാറില്‍ ഒരു ജനറേറ്റര്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കണമെന്ന്‌ എം.എല്‍.എ ആവശ്യപ്പെട്ടു.
കൊടും വേനലില്‍ വെള്ളത്തിന്‍റെ ലഭ്യത ഉറപ്പ്‌ വരുത്താതെ വൈദ്യുതി വകുപ്പ്‌ ഏകപക്ഷീയമായി നടപടികള്‍ കൈക്കൊള്ളുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ എം.എല്‍.എ പറഞ്ഞു. ജലസേചന വകുപ്പ്‌ മന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും, ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള വെള്ളത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട്‌ പോകുമെന്നും റോജി എം. ജോണ്‍ എം.എല്‍. എ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW