Saturday, July 20, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.56 AM

ചെങ്ങോടുമലയില്‍ ഖനനാനുമതി നല്‍കാന്‍ ചീഫ്‌ സെക്രട്ടറി കോട്ടൂര്‍ ഗ്രാമം വീണ്ടും സമരാഗ്നിയില്‍

കോഴിക്കോട്‌: ഒന്നര വര്‍ഷമായി തുടരുന്ന ശക്‌തമായ ബഹുജനപ്രക്ഷോഭം മറികടന്ന്‌ ക്വാറിമാഫിയക്കു ഖനന ലൈസന്‍സ്‌ നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ കോട്ടൂര്‍ ഗ്രാമം വീണ്ടും പ്രതിഷേധാഗ്നിയില്‍.
ബാലുശ്ശേരിക്കടുത്ത കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറി മാഫിയക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ കോട്ടൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. 17-നു കോഴിക്കോട്‌ കലക്‌ടര്‍ വിളിച്ചുചേര്‍ക്കുന്ന ഹിയറിങ്ങില്‍ ഡി. ആന്‍ഡ്‌. ഒ. ലൈസന്‍സ്‌ നല്‍കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
സി.പി.എം. ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്ത്‌ ഭരണസമിതിയും പാര്‍ട്ടിയും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമരസമിതിക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്‌. ഡെല്‍റ്റാ ഗ്രൂപ്പിന്‌ ലൈസന്‍സ്‌ നല്‍കാനുള്ള തീരുമാനത്തിനെതിരേ ഇന്നലെ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ സമരസമിതി വീണ്ടും സമരം ആരംഭിച്ചു. ഖനനാനുമതി നല്‍കിയാല്‍ പിന്നെ ഭരണം തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടിലാണു ഭരണസമിതി. ക്വാറി മാഫിയക്കു ലൈസന്‍സ്‌ നല്‍കണമെന്ന കര്‍ശനനിര്‍ദ്ദേശം ചീഫ്‌ സെക്രട്ടറി പഞ്ചായത്ത്‌ സെക്രട്ടറിക്കു നല്‍കിയത്‌ എല്ലാ നിയമവും മറികടന്നാണെന്നു സമരസമിതി ആരോപിക്കുന്നു.
19 അംഗ കോട്ടൂര്‍ പഞ്ചായത്തില്‍ 14 പേരാണു സി.പി.എമ്മിനുള്ളത്‌. ചീഫ്‌ സെക്രട്ടറിയുടെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടു മുന്നോട്ടുപോവാന്‍ ആവില്ലെന്നു ഭരണസമിതി പാര്‍ട്ടിയെ അറിയിച്ചിരുന്നു. രാത്രി നടന്ന അടിയന്തരനീക്കത്തെത്തുടര്‍ന്നാണ്‌ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചത്‌. 17-നു കലക്‌ടറേറ്റില്‍ നിശ്‌ചയിച്ച ഹിയറിങ്‌ മാറ്റിവയ്‌പിച്ച്‌ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ തേടണമെന്ന നിര്‍ദേശമാണു സി.പി.എം. പരിഗണിക്കുന്നത്‌. ക്വാറി തുടങ്ങുന്നതിന്‌ അനുമതി നല്‍കരുതെന്ന വനം വകുപ്പിന്റേതടക്കമുള്ള അഞ്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ട്‌ മറികടന്നാണു ചീഫ്‌ സെക്രട്ടറിയുടെ ഇടപെടല്‍.
ചെങ്ങോടുമലയില്‍ ക്വാറി ലൈസന്‍സിനായുള്ള ക്വാറി മാഫിയയുടെ നീക്കങ്ങളെല്ലാം പഞ്ചായത്ത്‌ അനുമതി നിഷേധത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു ഇതുവരെ. അവസാനം ക്വാറി മാഫിയ ലൈസന്‍സിനുവേണ്ടി ഏകജാലക സംവിധാനത്തിലൂടെ ജില്ലാ വ്യവസായവകുപ്പിനെ സമീപിച്ചു. മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ തിരിച്ചയയ്‌ക്കുകയാണുണ്ടായത്‌. ക്വാറി ഉടമ ജില്ലാ വ്യവസായ വകുപ്പിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോട്ടൂര്‍ പഞ്ചായത്ത്‌ കക്ഷിചേര്‍ന്ന്‌ ലൈസന്‍സ്‌ നല്‍കരുതെന്ന നിലപാടെടുത്തിരുന്നു.
കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ ക്വാറി ഉടമ കേസ്‌ പിന്‍വലിച്ചു. മതിയായ രേഖകള്‍ ഹാജരാക്കി വീണ്ടും അപേക്ഷ നല്‍കുമെന്നു പറഞ്ഞാണ്‌ പിന്‍വലിച്ചതെങ്കിലും ക്വാറി ഉടമ നേരെ സംസ്‌ഥാന ഏകജാലക ബോര്‍ഡില്‍ അപ്പീല്‍ നല്‍കുകയാണുണ്ടായത്‌. ഇതേത്തുടര്‍ന്നു ചീഫ്‌ സെക്രട്ടറി ഏകജാലക ബോര്‍ഡ്‌ യോഗത്തിലേക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയെ വിളിപ്പിച്ച്‌ ലൈസന്‍സ്‌ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 17-നു കോഴിക്കോട്‌ കലക്‌ടര്‍ ഹിയറിങ്‌ വിളിക്കുമെന്നും അപ്പോള്‍ ഡി ആന്‍ഡ്‌ ഒ ലൈസന്‍സ്‌ നല്‍കിയിരിക്കണമെന്നുമാണ്‌ ടോം ജോസിന്റെ കര്‍ശന നിര്‍ദേശം. ഇതേത്തുടര്‍ന്നാണ്‌ സമരസമിതി ഇന്നലെ വീണ്ടും സമരം ശക്‌തമാക്കിയത്‌.
പത്തനംതിട്ട ആസ്‌ഥാനമായ കരിങ്കല്‍ ഖനന വ്യവസായി ഡെല്‍റ്റ ഗ്രൂപ്പാണ്‌ ചെങ്ങോടുമലയുടെ നൂറേക്കറിലധികം സ്വന്തമാക്കിയത്‌. ആദിവാസികളും സാധാരണക്കാരുമായ കുടുംബങ്ങളില്‍ നിന്നാണു ഭൂമി വാങ്ങിക്കൂട്ടിയത്‌.
തുടക്കത്തില്‍ മഞ്ഞള്‍കൃഷിയും വെര്‍ജിന്‍ കോക്കനട്ട്‌ ഓയില്‍ യൂണിറ്റും തുടങ്ങുന്നു എന്നാണ്‌ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്‌. പിന്നീടാണ്‌ കരിങ്കല്‍ ക്വാറിക്ക്‌ അനുമതി തേടിയത്‌.
അതീവ പരിസ്‌ഥിതി ദുര്‍ബലപ്രദേശമാണു ചെങ്കുത്തായ ചെങ്ങോടുമലയെന്ന്‌ സമരസമിതി പറയുന്നു. പല തവണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുള്ള മലയാണിത്‌. കൂട്ടാലിട ജങ്‌ഷനില്‍നിന്ന്‌ കിലോമീറ്ററുകളോളം കുത്തനെ യാത്ര ചെയ്‌തുവേണം മലയിലെത്താന്‍.
ഡെല്‍റ്റ ഗ്രൂപ്പ്‌ ഏറ്റെടുത്ത സ്‌ഥലത്തോടുചേര്‍ന്ന്‌ കരിമ്പാലന്‍ സമുദായത്തില്‍പ്പെട്ട നൂറിലധികം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. കമ്പനി ഏറ്റെടുത്ത ഭൂമിയില്‍ ഏറിയ പങ്കും ആദിവാസികളില്‍നിന്നും റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ കൈക്കലാക്കിയതാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പരിസ്‌ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍പെടുന്ന സ്‌ഥലമല്ല ഇതെന്നും സമരത്തിനു പിന്നില്‍ നിക്ഷിപ്‌ത താല്‍പര്യക്കാരാണെന്നുമാണു ഡെല്‍റ്റാ ഗ്രൂപ്പിന്റെ നിലപാട്‌.

എം. ബിജുശങ്കര്‍

Ads by Google
Advertisement
Friday 10 May 2019 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW