Wednesday, July 17, 2019 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 01.44 AM

അടിയന്തരാവസ്‌ഥാ തടവുകാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു; രേഖകളില്ലാതെ ഇരുണ്ട നാളുകളുടെ ഇരകള്‍

uploads/news/2019/05/306627/1.jpg

കോഴിക്കോട്‌:

അടിയന്തിരാവസ്‌ഥാ തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര വകുപ്പ്‌ ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ ഉത്തരവു നല്‍കിയെങ്കിലും വിവര ശേഖരണം നടക്കുന്നില്ല. അടിയന്തിരാവസ്‌ഥാ തടവുകാര്‍ക്ക്‌ പെന്‍ഷന്‍, ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ്‌ ഈ വര്‍ഷം ഫിബ്രുവരി 18 ന്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എസ്‌.എസ്‌.എ 2/26/2019 എന്ന ഉത്തരവു നല്‍കിയത്‌.
അടിയന്തിരാവസ്‌ഥയില്‍ മൂന്നു തരം തടവുകാരായിരുന്നു ഉണ്ടായിരുന്നത്‌. ജയിലില്‍ അയക്കാതെ പോലീസ്‌ ലോക്കപ്പില്‍ മര്‍ദ്ദന മേറ്റവരും നിരവധിയുണ്ട്‌. ഇതില്‍ ജയിലില്‍ കഴിഞ്ഞ ചിലരുടെ പക്കല്‍ മാത്രമേ രേഖകള്‍ ഉള്ളൂ.
അടിയന്തിരാവസ്‌ഥയുടെ നാളുകളില്‍ യുവാക്കളായിരുന്നവരാണ്‌ ഏറെയും മര്‍ദ്ദനത്തിനും പീഢനത്തിനും ഇരയായത്‌. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഇരകളെല്ലാം 65 വയസ്സു പിന്നിട്ടവരാണ്‌.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ അടയന്തിരാവസ്‌ഥാ ഇരകള്‍ തെളിവു ഹാജരാക്കേണ്ടത്‌ വില്ലേജ്‌ ഓഫീസര്‍ മുമ്പാകെയാണ്‌. സംസ്‌ഥാനത്ത്‌ ഇപ്പോള്‍ 3000ത്തോളം ഇരകള്‍ ജീവിച്ചിരിപ്പുണ്ടെന്നാണു കരുതുന്നത്‌. ഇവരില്‍ പലരും എങ്ങിനെ തെളിവുകള്‍ ഹാജരാക്കും എന്ന കാര്യത്തില്‍ ആശങ്കയിലാണ്‌.നിര്‍ധനരും രോഗികളുമായി കഴിയുന്നവരാണു പലരും.44 വര്‍ഷം മുമ്പു ജയിലില്‍ കഴിഞ്ഞ ചിലരുടെ പക്കല്‍ മാത്രമാണ്‌ അതു സംബന്ധിച്ച രേഖകള്‍ ഉള്ളത്‌.
അടിയന്തിരാവസ്‌ഥാ തടവുകാരെ രാഷ്ര്‌ടീയ തടവുകാരായി വിവിധ സംസ്‌ഥാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്‌. 1980 മുതല്‍ പഞ്ചാബ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍, മഹാരാഷ്ര്‌ട തുടങ്ങി 13 ഓളം സംസ്‌ഥാനങ്ങളില്‍ അടിയന്തിരാവസ്‌ഥ ഇരകള്‍ക്ക്‌ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കി വരുന്നു.
ഈ സാഹചര്യത്തില്‍ കേരളത്തിലും മൂന്നു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അടിയന്തിരാവസ്‌ഥ തടവുകാര്‍ സംഘടിച്ചിരുന്നു. മറ്റു സംസ്‌ഥാനങ്ങളിലേ പോലെ അടിയന്തിരാവാസ്‌ഥാ തടവുകാരേയും രാഷ്ര്‌ടീയ തടവുകാരായി അംഗീകരിച്ച്‌ പെന്‍ഷനും ആനൂകൂല്യങ്ങളും നല്‍കുക, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രധാന സംഭവം എന്ന നിലയില്‍ അടിയന്തിരാവസ്‌ഥയെ പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തുക, അടിയന്തിരാവസ്‌ഥ കാലത്തെ കുപ്രസിദ്ധ പോലീസ്‌ ക്യാമ്പുകളായിരുന്ന കക്കയം, മാലൂര്‍ക്കുന്ന്‌, ചാത്തമംഗലം എന്നിവയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന ചാത്തമംഗലം ക്യാമ്പ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌, വിവിധ രാജ്യങ്ങളിലെ ഫാസിസ്‌റ്റ് സ്‌മാരകങ്ങള്‍ പോലെ സംരക്ഷിക്കുക എന്നിവയായിരുന്നു ഇവര്‍ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങള്‍.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച അടിയന്തിരാവസ്‌ഥാ തടവുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2010ല്‍ സെക്രട്ടറിയറ്റിനു മുമ്പില്‍ അനിശ്‌ചിതകാല സമരം നടന്നിരുന്നു. വി.എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത്‌ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ ചില ഉറപ്പുകള്‍ നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്നു സമരം അവസാനിപ്പിച്ചത്‌.
നരേന്ദ്ര മോഡി അധികാരത്തില്‍ വന്നപ്പോള്‍ ഏകോപനസമിയിലുണ്ടായിരുന്ന ആര്‍.എസ്‌.എസ്‌ അനുകൂലികള്‍ പ്രത്യേകമായി ചില നീക്കങ്ങളുമായി മുന്നോട്ടു പോയിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഏകോപന സമിതി എല്ലാ ജില്ലകളിലും ഇരകളുടെ യോഗം ചേര്‍ന്നു നടപടികള്‍ ആലോചിച്ചു വരികയാണെന്നു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പി.സി ഉണ്ണിച്ചെക്കന്‍ മംഗളത്തോടു പറഞ്ഞു.

(ബിജു ശങ്കര്‍....9656224406)

Ads by Google
Advertisement
Wednesday 08 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW