Wednesday, June 19, 2019 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

പാറമടക്കെതിരെ ജനകീയ കൂട്ടായ്‌മയും ഉപരോധസമരവും

uploads/news/2019/04/304904/e1.jpg

അങ്കമാലി: ജനവാസ മേഖലയില്‍ നാട്ടുകാരുടെ പ്രതിഷേധം വകവയ്‌ക്കാതെ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട്‌. കറുകുറ്റി പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ ഏഴാറ്റുമുഖം കട്ടിംഗ്‌ ഭാഗത്താണ്‌ പാറമട ആരംഭിക്കാനുള്ള മണ്ണ്‌ നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്‌.
നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കറുകുറ്റി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി പാറമടക്കുള്ള ലൈസന്‍സ്‌ അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്ന്‌ പാറമടനടത്തിപ്പുകാര്‍ പഞ്ചായത്ത്‌ ട്രൈബൂണലിന്‌ അപ്പീല്‍ നല്‍കുകയാണുണ്ടായത്‌. ചാലക്കുടി ഇടതുകര മെയിന്‍ കനാലിന്റെയും അടിച്ചിലി ബ്രാഞ്ച്‌ കനാലിന്റെയും 100മീ. സമീപത്താണ്‌ നിര്‍ദ്ദിഷ്‌ട പാറമടയക്കായി സ്‌ഥലം കണ്ടെത്തിതിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍.ഒ. സി. ലഭ്യമാക്കിയാല്‍ പാറമടക്ക്‌ ലൈസന്‍സിനുള്ള അപേക്ഷ പരിഗണിക്കാന്‍ പഞ്ചായത്ത്‌ ട്രൈബൂണല്‍ കറുകുറ്റി ഗ്രാമപഞ്ചായത്ത്‌് സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ചില ഉപാധികളോടെ സെക്രട്ടറി പാറമടക്ക്‌ ലൈസന്‍സ്‌ നല്‍കിയിരിക്കുകയാണ്‌.
കനാല്‍ സംരക്ഷിക്കേണ്ട ഉദ്യോഗസ്‌ഥര്‍ പാറമട ആരംഭിച്ചാല്‍ കനാല്‍ തകരും എന്ന്‌ മനസിലാക്കിയിട്ടും പാറമട നടത്തിപ്പുകാരോട്‌ 16 ലക്ഷം രൂപ അടപ്പിച്ചതിനുശേഷം എന്‍.ഒ.സി. നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സെക്രട്ടറി ലൈസന്‍സ്‌ നല്‍കിയത്‌. പ്രളയ സമയത്ത്‌ 100 അടിയോളം ഇടിഞ്ഞു നിരങ്ങിയ ഭാഗത്താണ്‌ നിര്‍ദിഷ്‌ട പാറമട സ്‌ഥിതിചെയ്യുന്നത്‌.
ലക്ഷക്കണക്കിനു രൂപ ചെലവ്‌ ചെയ്‌ത് ആയിരകണക്കിന്‌ മണ്‍ചാക്കുകള്‍ അട്ടിയിട്ടാണ്‌ ഈ ഭാഗത്ത്‌ കനാല്‍ താല്‍കാലികമായി നിര്‍മ്മാണം നടത്തി വെള്ളം തുറന്ന്‌ വിട്ടിട്ടുള്ളത്‌ ചാലക്കുടി, അങ്കമാലി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ആശ്രയിക്കുന്ന ഈ രണ്ടു കനാലുകളും പാറമട ആരംഭിച്ചാല്‍ തകര്‍ന്ന്‌ തരിപ്പണമാകും. ഇതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമവും കൃഷിനാശവും ഉണ്ടാകും.
ഇതു സംബന്ധിച്ച്‌ ആയിരത്തോളം ജനങ്ങള്‍ ഒപ്പിട്ട പരാതി ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും നല്‍കിയിട്ടും ഇതെല്ലാം അവഗണിച്ച്‌ ഇറിഗേഷന്‍ അധികാരികള്‍ എന്‍. ഓ. സി. നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന്‌ ആരോപണമുണ്ട്‌.ഏഴാറ്റുമുഖം കട്ടിംഗ്‌ ഭാഗത്തെ ഒട്ടേറെ വീടുകള്‍ക്കും പാറമട ആരംഭിച്ചാല്‍ നാശം സംഭവിക്കും പാറമട ആരംഭിക്കുന്നതിനുള്ള ജോലികള്‍ നടത്തിപ്പുകാര്‍ ആരംഭിച്ചതിനാല്‍ സമരം ശക്‌തമാക്കാനാണ്‌ പാറമട വിരുദ്ധ ജനകീയ സമതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കട്ടിംഗ്‌ ജങ്‌ഷനില്‍നിന്നും ആരംഭിച്ച സ്‌ഥലത്തേക്ക്‌ പ്രതിഷേധ മുന്നേറ്റ റാലിയും ഉപരോധസമരവും സംഘടിപ്പിച്ചു.
ഉപരോധസമരം ഏഴാറ്റുമഖം സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ. സുബിന്‍ പാറക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ മെമ്പര്‍ ഉഷാ മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു ജനകീയ സമരസമിതി നേതാക്കളായ അങ്കമാലി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ കെ.പി. പോളി, സി.പി.എം പാലിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. ജോണി കണ്‍വീനര്‍ ബെന്നി മാടശ്ശേരി, സെക്രട്ടറി സാബു വര്‍ഗീസ്‌, എസ്‌.എന്‍.ഡി.പി. ശാഖ സെക്രട്ടറി ഐ.എസ്‌. ഷാജി, ഭാരവാഹികളായ പി.വി. മാര്‍ട്ടിന്‍, ടി.എ. ബെന്നി, എന്‍.വി. ഷാജു, റിസോ തോമസ്‌, ആന്റു കാച്ചപ്പിള്ളി, പി.ഡി. പൗലോസ്‌, ഡെന്നി കെ.എ., ടി.എ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
പാറമടക്ക്‌ എന്‍.ഒ.സി നല്‍കുകയും ഇതിന്റെ അടിസ്‌ഥാനത്തില്‍ സെക്രട്ടറി ലൈസന്‍സ്‌ നല്‍കിയതിനെതിരെയും പാറമട വിരുദ്ധ ജനകീയ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയിലില്‍ സ്വീകരിച്ച്‌ മൂന്ന്‌ ആഴ്‌ചക്കകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌.പാറമടക്കെതിരെ ജനകീയ പോരാട്ടവും നിയമ പോരാട്ടവും ശക്‌തമാക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW