Tuesday, June 25, 2019 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

കൃഷിയിറക്കുന്നതിനുള്ള ഒരുക്കുപണികള്‍ ആരംഭിക്കണമെന്ന്‌ ആവശ്യം

വൈപ്പിന്‍: പൊക്കാളിപാടങ്ങളില്‍ സമയബന്ധിതമായി കൃഷിയിറക്കുന്നതിനുള്ള ഒരുക്കുപണികള്‍ ആരംഭിക്കണമെന്ന്‌ കെ.എസ്‌.കെ.ടി.യു വൈപ്പിന്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. രാജഭരണകാലം മുതല്‍ നടക്കുന്ന ആറുമാസം നെല്‍കൃഷിയും ആറുമാസം ചെമ്മീന്‍ കൃഷിയും എന്ന രീതിയാണ്‌ നടന്നുവന്നിരുന്നത്‌. എന്നാല്‍ കുറച്ചുകാലമായി പൊക്കാളിപ്പാടശേഖരങ്ങളില്‍ ഭൂരിഭാഗവും 12 മാസവും ചെമ്മീന്‍ കെട്ടുകള്‍ക്കായി മാത്രം ഉപയോഗിച്ചുവരുന്നു.
ഇതുസംബന്ധിച്ച്‌ ജില്ലയിലെ കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ശില്‍പശാല കൃഷിമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയിരുന്നു. ഏപ്രില്‍ 14 നു തന്നെ ചെമ്മീന്‍കെട്ട്‌ അവസാനിപ്പിച്ച്‌ വെള്ളം വറ്റിച്ച്‌ നിലം ഉണക്കി കിളച്ച്‌ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ വിത്തു വിതയ്‌ക്കണമെന്നാണ്‌ ശില്‍പശാല തീരുമാനം. ഇതിനു വേണ്ട വിത്ത്‌, വൈദ്യുതി, കൃഷി ഉപകരണങ്ങള്‍ എന്നിവ അടിയന്തരമായി നല്‍കുമെന്നും കൃഷിക്കാര്‍ക്ക്‌ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും തീരുമാനിച്ചിരുന്നു. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന്‌ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ ഇടപെടുമെന്നും തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്‌ഥാനത്തില്‍ ബ്ലോക്ക്‌ തലത്തിലും പഞ്ചായത്ത്‌ തലത്തിലും കൃഷിക്കാരുടെയും ഉദ്യോഗസ്‌ഥരുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന്‌ ഏപ്രില്‍ 14നു തന്നെ ചെമ്മീന്‍കെട്ട്‌ അവസാനിപ്പിച്ച്‌ കൃഷിപ്പണി തുടങ്ങുമെന്ന്‌ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 29 കഴിഞ്ഞിട്ടും ഈ തീരുമാനം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടിട്ടില്ല. അതിനുവേണ്ടി സമ്മര്‍ദം ചെലുത്തേണ്ട കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥരും താല്‍പര്യം കാണിക്കുന്നില്ല.
ഇക്കാര്യത്തില്‍ കലക്‌ടര്‍ ഇടപെട്ട്‌ ചെമ്മീന്‍കെട്ട്‌ അവസാനിപ്പിച്ച്‌ കൃഷിപ്പണി തുടങ്ങാന്‍ നടപടികളെടുക്കണമെന്നും അല്ലാത്തപക്ഷം ചെമ്മീന്‍കെട്ടിലെ വട്ടപ്പലക ഊരി ശക്‌തമായ പ്രതിഷേധം നടത്താന്‍ യൂണിയന്‍ രംഗത്തിറങ്ങുമെന്നും ഏരിയ സെക്രട്ടറി എന്‍.സി. മോഹനന്‍ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW