Saturday, July 20, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.31 AM

വടകരയിലും കോഴിക്കോട്ടും ബി.ജെ.പി കോണ്‍ഗ്രസിനു വോട്ടു മറിച്ചു വിറ്റു: സി.പി.എം

uploads/news/2019/04/303954/1.jpg

കോഴിക്കോട്‌: വടകരയിലും കോഴിക്കോട്ടും ബി.ജെ.പി കോണ്‍ഗ്രസിനു വോട്ടുകള്‍ മറിച്ചു വിറ്റെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. മറ്റ്‌ മണ്ഡലങ്ങളിലും സമാനമായ വോട്ട്‌ കച്ചവടം നടന്നിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട്‌ കച്ചവടം പുതിയ കാര്യമല്ല. പല രീതിയില്‍ വോട്ട്‌ വിറ്റിട്ടുണ്ട്‌. അതു നേരിട്ട്‌ പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്‌. ഈ കാര്യം സി.പി.എം മുന്‍കൂട്ടി കണ്ടിട്ടുണ്ട്‌. അതനുസരിച്ചാണ്‌ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ്‌ ശതമാനത്തെക്കുറിച്ച്‌ വിലയിരുത്താന്‍ ജില്ലാ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട്‌ 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ്‌ ശതമാനം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട്‌ 79.75 ശതമാനവും വടകരയില്‍ 81.13 ശതമാനവും വോട്ടാണ്‌ പോള്‍ ചെയ്‌തത്‌. എങ്ങനെയാണ്‌ ഈ പോളിങ്ങ്‌ വര്‍ധന ഉണ്ടായതെന്ന വിശദമായ ചര്‍ച്ച ജില്ലാ നേതൃത്വത്തിന്റെ അവലോകനയോഗത്തിലുണ്ടായി.
വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും കോണ്‍ഗ്രസും ബി.ജെ.പിയും സംയുക്‌തമായി പ്രവ!ര്‍ത്തിച്ചെന്നു കണ്ടെത്തി. തെരഞ്ഞെടുപ്പിനു വളരെ മുമ്പു തന്നെ വടകരയില്‍ കോ.ലീ.ബി (കോണ്‍ഗ്രസ്‌ -ലീഗ്‌-ബി.ജെ.പി) രഹസ്യ ധാരണയുണ്ടെന്ന്‌ ഇടതു സ്‌ഥാനാര്‍ത്ഥി പി. ജയരാജനടക്കം ആരോപിച്ചിരുന്നു. പോളിംഗിനു ശേഷം സി.പി.എം ആരോപണം ആവര്‍ത്തിക്കുകയാണ്‌. ഇരു മണ്ഡലങ്ങളിലും വളരെ ദുര്‍ബലരായ സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും കാര്യമായി പ്രചാരണം നടത്താതിരുന്നതും വോട്ടുകച്ചവടത്തിനു തെളിവാണെന്നു സി.പി.എം ചൂണ്ടിക്കാട്ടുന്നു.
വടകരയിലെ പലയിടത്തും ബൂത്തുകളില്‍ കോണ്‍ഗ്രസ്‌-ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്നാണ്‌ വോട്ടര്‍മാര്‍ക്ക്‌ സ്ലിപ്പു കൊടുത്തതെന്നു സി.പി.എം പറയുന്നത്‌. നാദാപുരത്തെ ചില ബൂത്തുകളില്‍ താനിതു നേരിട്ടു കണ്ടുവെന്നും ജില്ലാ സെക്രട്ടറി പറയുന്നു. നേരത്തേ സ്ലിപ്പുകൊടുക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇറങ്ങിയില്ലെന്നതും പോളിംഗ്‌ ദിവസം പോലും ബി.ജെ.പി സ്‌ഥാനാര്‍ത്ഥികള്‍ പുറത്തിറങ്ങാതിരുന്നതും ഇതിന്‌ തെളിവാണെന്നും പി മോഹനന്‍ പറയുന്നു.
എന്തായാലും ഇന്നു തിരുവനന്തപുരത്ത്‌ എ.കെ.ജി സെന്‍ററില്‍ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ പോളിംഗ്‌ സംബന്ധിച്ചുള്ള വിലയിരുത്തല്‍ ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട്‌ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ്‌ ബിജെപി കാര്യമായ പ്രവ!ര്‍ത്തനം നടത്തിയതും ശ്രദ്ധ കേന്ദ്രീകരിച്ചതും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്‌ മറിക്കാന്‍ കച്ചവടം നടന്നെന്നാണു സി.പി.എം പൊതുവേ വിലയിരുത്തുന്നത..
പി. ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ സി.പി.എമ്മിന്‌ അഭിമാനപ്പോരാട്ടമാണ്‌. സി.പി.എമ്മിന്റെ സംസ്‌ഥാനത്തെ ഏറ്റവും ജനകീയനായ എം.എല്‍.എമാരിലൊരാളായ എ പ്രദീപ്‌ കുമാറാണ്‌ കോഴിക്കോട്ട്‌ സ്‌ഥാനാര്‍ത്ഥി. ബി.ജെ.പി വോട്ടു മറിച്ചാലും വിജയ പ്രതീക്ഷയില്‍തന്നെയാണു സി.പി.എം.

പി.മോഹനന്റേത്‌ പിതൃശൂന്യ
ആരോപണം: ബി.ജെ.പി

കോഴിക്കോട്‌: വടകര, കോഴിക്കോട്‌ മണ്ഡലങ്ങളില്‍ ബി.ജെ.പി-കോണ്‍ഗ്രസ്‌ വോട്ടു കച്ചവടം നടത്തിയെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്‌താവന പിതൃശൂന്യ ആരോപണം ആണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ടി.പി ജയചന്ദ്രന്‍ പറഞ്ഞു. എല്ലാ കാലത്തും പരാജയം മണക്കുമ്പോള്‍ സി.പി.എം നടത്തുന്ന ആരോപണമാണിത്‌. ഇതിനെ പുച്‌ഛിച്ചു തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികള്‍ ജയിച്ചാലും രാഹുലിനു പിന്തുണ നല്‍കും. രണ്ടിനേയും ബി.ജെ.പിക്കു സ്വീകരിച്ചിട്ടു ഗുണമില്ല. സി.പി.എമ്മും കോണ്‍ഗ്രസ്സും രണ്ടുകാലിലും ബാധിച്ച മന്താണ്‌. എ.പ്രദീപ്‌കുമാറിനെ രാഷ്ര്‌ടീയമായി ഒതുക്കാനാണു സി.പി.എം കോഴിക്കോട്ടു നിര്‍ത്തിയത്‌.
രണ്ടുമണ്ഡലങ്ങളിലും ബി.ജെ.പി അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കും. ബൂത്ത്‌ പരിസരത്ത്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു എന്നാരോപിക്കുന്ന പി.മോഹനന്‍ അത്‌ എവിടെയാണെന്നു പറയണം.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ തന്നെ സി.പി.എം കോ.ലീ.ബി ആരോപണവുമായി രംഗത്തു വന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

സി.പി.എം ആരോപണം
വില കുറഞ്ഞത്‌: ടി സിദ്ദീഖ്‌

കോഴിക്കോട്‌: വടകരയിലും കോഴിക്കോട്ടും ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസ്സിനു മറിച്ചു വിറ്റു എന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആരോപണം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ പരാജയപ്പെടാന്‍ പോകുന്നു എന്നതിന്റെ തെളിവാണെന്നു ഡി.സി.സി പ്രസിഡന്റ്‌ ടി സിദ്ദീഖ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വോട്ടുകച്ചവടം നടത്തുന്നവരല്ല കോണ്‍ഗ്രസ്‌. ബി.ജെ.പി കോണ്‍ഗ്രസിന്‌ വോട്ടുകള്‍ മറിച്ചെന്ന സി.പി.എം ആരോപണം വില കുറഞ്ഞതാണ്‌. സി.പി.എം ഉള്‍പ്പെടെയുള്ളവരുടെ വോട്ട്‌ കോണ്‍ഗ്രസിന്‌ ലഭിച്ചിട്ടുണ്ടെന്നും സിദ്ദീഖ്‌ പറഞ്ഞു.

Ads by Google
Advertisement
Friday 26 Apr 2019 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW