Monday, June 24, 2019 Last Updated 41 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.24 AM

വെള്ളം കിട്ടാക്കനി : വരള്‍ച്ച മൂലം ജനങ്ങള്‍ ദുരിതത്തില്‍

കാലടി : കാലടി ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചോടില്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ഏകാശ്രയമായ ചാലക്കുടി ഇടതുകരകനാലില്‍ വെള്ളം എത്താത്തതിനാല്‍വരള്‍ച്ച മൂലം ജനങ്ങള്‍ ദുരിതത്തിലായി. വേനല്‍ രൂക്ഷമായതോടെ അവസ്‌ഥ പരിതാപകരമായി കഴിഞ്ഞു.
വെള്ളമില്ലാത്തതിനാല്‍ ഇതിനോടകം പത്തോളം കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടി കഴിഞ്ഞു.
ഇടതുകരകനാലിന്റെ അവസാന ഭാഗമായ ചെങ്ങമനാട്‌ ബ്രാഞ്ച്‌ കനാല്‍ സ്‌ഥിതിചെയ്യുന്ന മരോട്ടിച്ചോട്ടില്‍ കനാല്‍ വെള്ളം എത്താത്ത അവസ്‌ഥയാണുള്ളത്‌. കനാലില്‍ മൂട്ടോളം പൊക്കത്തില്‍ കാട്ടുചേമ്പ്‌ വളര്‍ന്നു നിന്ന്‌ മണ്ണടിഞ്ഞുകൂടി വെള്ളം ഒഴുകാത്ത അവസ്‌ഥയാണുള്ളത്‌.
വേനലില്‍ രണ്ട്‌ പ്രാവശ്യം ഇതിലൂടെ വെള്ളം വന്നെങ്കിലും മരോട്ടിച്ചോട്ടില്‍ എത്തിയില്ല. ഇടമലയാറിന്റെ തുറവൂരിലെ പ്രധാന കനാലില്‍ വെള്ളമുണ്ടായിട്ടും ആ വെള്ളം ഇടതുകരകനാലിലൂടെ മരോട്ടിച്ചോട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതൂം വരള്‍ച്ച രൂക്ഷമാകാന്‍ കാരണമാകുന്നു.
കനാല്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തിയുടെ ചുമതല അതാതു പഞ്ചായത്തുകള്‍ക്കാണ്‌. ജനപ്രതിനിധികള്‍ ഇതിന്‌ മുന്‍കൈ എടുക്കണം. ഇറിഗേഷന്‍ വകുപ്പ്‌ അധികൃതര്‍ പലവട്ടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കനാല്‍ വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. വെള്ളം കനാലിന്റെ അവസാന ഭാഗത്ത്‌ എത്തിക്കാന്‍ ചുമതലപ്പെട്ട കനാല്‍ വാച്ചര്‍മാര്‍ തങ്ങളുടെ നിസ്സഹായവസ്‌ഥ തുറന്ന്‌ പറഞ്ഞിട്ടും ഈ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാന്‍ ആരും തയ്യാറാകുന്നില്ല. വേനല്‍കാലത്ത്‌ ആഴ്‌ചയിലൊരിക്കല്‍ ഈ കനാലിലൂടെ വെള്ളം തുറന്നുവിട്ടാല്‍ ഇവിടുത്തെ കിണറുകളില്‍ അത്യാവശ്യത്തിനുള്ള കുടിവെള്ളം ലഭിക്കും.
പ്രളയകാലത്ത്‌ വെള്ളം കവിഞ്ഞൊഴുകിയ ഈ കനാലില്‍ അന്ന്‌ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതിരുന്നതും വെള്ളം ഒഴുക്കിന്‌ തടസ്സമാകുന്നുണ്ട്‌. ഈ പ്രശ്‌നത്തിന്‌ അടിയന്തിര പരിഹാരം കണ്ടെത്തി മരോട്ടിച്ചോടിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന്‌ മരോട്ടച്ചോട്‌ കനാല്‍ ജലസംരക്ഷസമിതി
ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇലക്ഷന്‍ തിരക്കുമൂലം രാഷ്‌ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരും മരോട്ടിച്ചോടിന്റെ ദുരവസ്‌ഥയെ അവഗണിക്കുന്നത്‌ തുടര്‍ന്നാല്‍ ഇലക്ഷന്‍ ബഹിഷ്‌കരിക്കുന്നത്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന്‌ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 18 Apr 2019 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW