Saturday, June 22, 2019 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.24 AM

തലപ്പുഞ്ചയില്‍ കുടിവെള്ള പദ്ധതി സ്‌ഥാപിക്കണം

കുറുപ്പംപടി: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ട്‌, പതിമ്മൂന്ന്‌ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട തലപ്പുഞ്ച , കുരീയ്‌ക്കന്‍പാറ, നമ്പേലി, പൂതക്കുഴി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്‌ ശാശ്വത പരിഹാരം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്‌തമായി. തലപ്പുഞ്ചയില്‍ കുടിവെള്ള പദ്ധതി സ്‌ഥാപിക്കുന്നതിന്‌ എസ്‌റ്റിമേറ്റെടുത്ത്‌ പദ്ധതി തയ്യാറാക്കി തുക കണ്ടെത്തണമെന്നാണ്‌ ജനകീയാവശ്യം. തലപ്പുഞ്ചയിലെ അമച്ചിറ മാലിന്യ വിമുക്‌തമാക്കി, ചിറയ്‌ക്കു നടുവില്‍ കിണര്‍ കുഴിച്ച്‌ ചുറ്റും കോണ്‍ക്രീറ്റ്‌ റിങ്‌ സ്‌ഥാപിച്ച്‌, മുകളില്‍ സ്ലാബ്‌ പണിത്‌ മീതെ മോട്ടോര്‍പ്പുര സ്‌ഥാപിക്കണമെന്നാണ്‌ നിര്‍ദ്ദേശം. ഉയര്‍ന്ന പ്രദേശത്ത്‌ ടാങ്ക്‌ സ്‌ഥാപിച്ച്‌ വെള്ളം അതില്‍ സംഭരിക്കുക. വിതരണക്കുഴലുകള്‍ വഴി വരള്‍ച്ച നേരിടുന്ന പ്രദേശത്തേക്ക്‌ എത്തിക്കുക. ഇതു മാത്രമാണ്‌ കുടിവെള്ള ക്ഷാമത്തിനുള്ള ശാശ്വത പരിഹാരമെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
കുടിവെള്ള പദ്ധതി സ്‌ഥാപിക്കുന്നതിനൊപ്പം പൂമല, മുട്ടത്തുമുകള്‍ ലിഫ്‌റ്റ് ഇറിഗേഷനുകളുടെ പൈപ്പ്‌ അമച്ചിറ വരെ എത്തിക്കണമെന്നും ആവശ്യമുയരുന്നുണ്ട്‌. ജലനിരപ്പ്‌ താഴ്‌ന്നു പോകാതിരിക്കാന്‍ ഇതുമൂലം സാധിക്കുമെന്നാണ്‌ പ്രദേശവാസികളുടെ പ്രതീക്ഷ. തലപ്പുഞ്ച, കുരീയ്‌ക്കന്‍പാറ, നമ്പേലി പൂതക്കുഴി എന്നിവിടങ്ങളിലെ ഭൂരിപക്ഷം കിണറുകളും കഴിഞ്ഞ കൊടുംവേനലില്‍ വറ്റിവരണ്ടു. ഈ വര്‍ഷം ഇപ്പോള്‍ത്തന്നെ പ്രദേശത്തെ നിരവധി കിണറുകള്‍ വരള്‍ച്ചയുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും ജലക്ഷാമം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പൂമല , മുട്ടത്തുമുകള്‍ ലിഫ്‌റ്റ് ഇറിഗേഷനുകള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യമുയരുന്നു.
ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതി വഴി ഒഴുകി എത്തുന്ന വെള്ളത്തിന്‌ പിരിവെടുത്ത്‌ പണം നല്‍കേണ്ടി വരുന്നുണ്ട്‌. വൈദ്യുതി ബില്‍ അടയ്‌ക്കുന്നതിനും ഓപ്പറേറ്റര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതിനുമാണ്‌ ഉപഭോക്‌താക്കള്‍ പണം കണ്ടെത്തേണ്ടി വരുന്നത്‌.ഇതുമൂലം കൃഷി ആവശ്യത്തിന്‌ സുലഭമായി വെള്ളം ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ വെള്ളം മണ്ണില്‍ കിനിഞ്ഞ്‌ ഉറവുചാലില്‍ എത്തും. ഇതിന്റെ ഫലമായി വൃഷ്‌ടി പ്രദേശത്തെ മുഴുവന്‍ കിണറുകളിലും കുളങ്ങളിലും ജലം സുലഭമാകുമെന്ന പ്രത്യേകതയുമുണ്ട്‌. പണ്ട്‌ കൊടുംവേനലിലും കുടിവെള്ളത്തിന്‌ ക്ഷാമം അനുഭവപ്പെടാത്ത പ്രദേശങ്ങളായിരുന്നു ഇവിടം. നൂറും ഇരുന്നൂറും മീറ്റര്‍ താഴ്‌ചയിലുള്ള പാറമടകള്‍ ഉണ്ടായതോടെയാണ്‌ ജലക്ഷാമം ഇത്രയും രൂക്ഷമായത്‌ എന്ന്‌ പരിസരവാസികള്‍ ചൂണ്ടിക്കാണിച്ചു. കംപ്രസര്‍ ഉപയോഗിച്ച്‌ എട്ടും പത്തും അടി താഴ്‌ചയില്‍ ദിനംപ്രതി നൂറും നൂറ്റമ്പതും കുഴിയെടുത്ത്‌ ഇലക്ര്‌ടിക്‌ കേപ്പ്‌ ഉപയോഗിച്ച്‌ പാറപൊട്ടിക്കുക എന്നതായിരുന്നു സ്‌ഥിരം പതിവ്‌. ഈ ഉഗ്ര സ്‌ഫോടനങ്ങളുടെ പ്രകമ്പനത്തില്‍ ഉറവുചാലുകള്‍ക്കു വിള്ളല്‍ വീണ്‌ കിണറുകള്‍ പെട്ടെന്ന്‌ വറ്റിവരളാന്‍ കാരണമായിട്ടുണ്ട്‌.
തലപ്പുഞ്ച മഹാദേവ ക്ഷേത്രത്തിനും ചുറ്റുവട്ടത്തെ ഒട്ടേറെ വീടുകള്‍ക്കും നാശനഷ്‌ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നുള്ള ജനകീയ സമരത്തിന്റെ ഫലമായി നിരവധി പാറമടകള്‍ നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച്‌ വന്‍ കരിങ്കല്‍ ക്വാറിയും ക്രഷര്‍ യൂണിറ്റും ഈ കഠിന വേനലിലും പൂമല പ്രദേശത്ത്‌ ഖനനം തുടരുന്നുമുണ്ട്‌.
തലപ്പുഞ്ച, കുരീയ്‌ക്കന്‍പാറ, മുട്ടത്തുമുകള്‍ പ്രദേശത്തു മാത്രം അന്‍പതിലേറെ പാറമടകള്‍ ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. തലപ്പുഞ്ചയുടെ വറ്റാത്ത നീരുറവകള്‍ ഊറ്റിയെടുത്ത്‌ ജലം ശേഖരിച്ചിരിക്കുന്ന പാറമടകള്‍ സര്‍ക്കാരേറ്റെടുക്കണം. ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി ഇവയെ ഉപയോഗപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.

Ads by Google
Advertisement
Thursday 18 Apr 2019 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW