Thursday, June 20, 2019 Last Updated 21 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.48 AM

ഓശാന സ്‌മരണയില്‍ നാട്‌

uploads/news/2019/04/301771/5.jpg

ചേര്‍ത്തല: യേശുക്രിസ്‌തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ഓശാന ഞായര്‍ ആചരണത്തോടെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരാചരണത്തിന്‌ തുടക്കമായി.
തീര്‍ത്ഥാടന കേന്ദ്രമായ തങ്കി സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങില്‍ വെഞ്ചരിച്ച കുരുത്തോലകളുമായി നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കുരുത്തോല പ്രദക്ഷിണത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. വികാരി ഫാ. തോമസ്‌ പനക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഫാ. അഷ്‌ലിന്‍ കുത്തുകാട്ട്‌, ഫാ. ലിജേഷ്‌ കാളിപ്പറമ്പില്‍, ഫാ. ലിനീഷ്‌ അറക്കല്‍, ഫാ. ജോയി ചെഞ്ചേരിയില്‍ എന്നിവര്‍ സഹകാര്‍മികരായി.
പെസഹ വ്യാഴാഴ്‌ച രാത്രി 12 ന്‌ പള്ളിമുറ്റത്തെ പുഷ്‌പലംകൃതമായ പന്തലില്‍ പീഡാനുഭവ തിരുസ്വരുപം പൊതുവണക്കത്തിനായി പ്രതിഷ്‌ഠിക്കും. ദു:ഖ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ പീഡാനുഭവ അനുസ്‌മരണ ശുശ്രൂഷ ആരംഭിക്കും. വൈകിട്ട്‌ അഞ്ചിന്‌ നഗരികാണിക്കല്‍. രാത്രി 11 ന്‌ കുരിശിന്റെ വഴി സമാപനം. 12 ന്‌ കബറടക്കം. മുട്ടം സെന്റ്‌ മേരീസ്‌ ഫൊറേന പള്ളിയില്‍ വടക്കേ കുരിശ്‌ കപ്പേളയില്‍ നിന്ന്‌ കുരുത്തോല പ്രദക്ഷിണം ആരംഭിച്ചു. ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. വികാരി റവ. ഡോ. പോള്‍ വി. മാടന്‍, ഫാ. അനില്‍ കിളിയേലിക്കുടി, ഫാ. തോമസ്‌ മഞ്ചപ്പള്ളി എന്നിവര്‍ ചേര്‍ന്ന്‌ ദിവ്യബലി അര്‍പ്പിച്ചു.
18 ന്‌ രാവിലെ 6.30 ന്‌ കാല്‍കഴുകള്‍ ശുശ്രൂഷ, ദിവ്യബലി, ആരാധന, എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട്‌ 6.30 ന്‌ പൊതുആരാധന, 7.30 ന്‌ അപ്പം മുറിക്കല്‍ ശുശ്രൂഷ. 19 ന്‌ രാവിലെ 6.30 ന്‌ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പ്രസംഗം ഫാ. ബെനഡിക്‌ട്‌, ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ കുരിശിന്റെ വഴി, റവ. ഡോ. അഗസ്‌റ്റിന്‍ പ്ലാംപാനി സന്ദേശം നല്‍കും. നഗരികാണിക്കല്‍, രാത്രി ഒന്‍പതിന്‌ കബറടക്കം.
മരുത്തോര്‍വട്ടം സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക്‌ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. കുര്യന്‍ ഭരണികുളങ്ങര, ഫാ. വര്‍ഗീസ്‌ എന്നിവര്‍ സഹകാര്‍മികരായി. അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയില്‍ കടപ്പുറത്തെ കുരിശടിയില്‍ നിന്ന്‌ കുരുത്തോല പ്രദക്ഷിണം ആരംഭിച്ചു. റെക്‌ടര്‍ ഫാ. ക്രിസ്‌റ്റഫര്‍ എം. അര്‍ത്ഥശേരില്‍, ഫാ. ജോബിന്‍ ജോസഫ്‌, ഫാ. ജെല്‍ഷിന്‍ ജോസഫ്‌ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

എടത്വാ: എടത്വ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാപള്ളിയില്‍ ഓശാനപെരുന്നാള്‍ ആചരിച്ചു. കുരുത്തോലപ്രദക്ഷിണത്തില്‍ നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ ആണ്‌ പങ്കെടുത്തത്‌. പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, ഓശാന ശുശ്രൂഷ, പ്രദക്ഷിണം, കുരുത്തോല വാഴ്‌വ്‌ എന്നീ തിരുകര്‍മ്മങ്ങളോടെയാണ്‌ പെരുനാള്‍ നടന്നത്‌.
വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വര്‍ഗീസ്‌ പുത്തന്‍പുര, ഫാ. തോമസ്‌ വെള്ളാനിക്കല്‍, ഫാ. ടോണി കൊച്ചുമലയില്‍, ഫാ. ജോര്‍ജ്‌് തൈച്ചേരില്‍, ഫാ. മാത്യു പുല്ലാട്ട്‌, ഫാ. കെ.പി. മാത്യു, ഫാ. തോമസ്‌ മുളപ്പന്‍ഞ്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ആലപ്പുഴ: ഓശന ഞായര്‍ ദിനത്തില്‍ ആലപ്പുഴയിലെ വിവിധ പള്ളികളില്‍ നടന്ന ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. പൂങ്കാവിലെ സെന്റ്‌ ആന്റണീസ്‌ ചാപ്പലില്‍ കുരുത്തോലകള്‍ വെഞ്ചരിച്ചു. തുടര്‍ന്ന്‌ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ്‌ പള്ളിയിലേക്ക്‌ റവ. ഡോ. ഫ്രാന്‍സീസ്‌ കുരിശിങ്കലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരുത്തോലകളും ഏന്തി പ്രദക്ഷിണമായി ദേവാലയത്തിലേക്ക്‌ പ്രവേശിച്ചു. ഫാ. ഷിനോജ്‌ സേവ്യര്‍ പുരയ്‌ക്കല്‍ ദിവ്യബലിക്ക്‌ കാര്‍മികത്വം വഹിച്ചു ഫാ. ബോബി ജോസ്‌ കട്ടികാട്‌ വചനപ്രഘോഷണം നടത്തി. വൈകിട്ട്‌ നാലിന്‌ നടന്ന പരിഹാരപ്രദക്ഷണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു.

ആലപ്പുഴ: തത്തംപളളി സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ജോസഫ്‌ പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഓശാനതിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തത്തംപള്ളി മൈതാനിയില്‍ നടന്ന കുരുത്തോല വെഞ്ചരിപ്പിന്‌ ശേഷം പള്ളിയിലേക്ക്‌ പ്രദക്ഷിണമായി വിശ്വാസികള്‍ എത്തിയശേഷം ദിവ്യബലി ആരംഭിച്ചു.
ദൈവ സ്‌നേഹത്തിലൂടെ സഹോദര സ്‌നേഹം നിലനിര്‍ത്തണമെന്നും കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാപ്രാര്‍ഥനയ്‌ക്ക്‌ വീഴ്‌ചവരുത്തരുതെന്നും മാര്‍ പെരുന്തോട്ടം ദിവ്യബലി മധ്യേ നടന്ന പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു. വികാരി മോര്‍ളി കൈതപ്പറമ്പില്‍, അസിസ്‌റ്റന്റ്‌ വികാരി ജോര്‍ജ്‌, ഫാ. ജോസഫ്‌ ഇളംതുരുത്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

Ads by Google
Advertisement
Monday 15 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW