Thursday, June 20, 2019 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.48 AM

ഇടുക്കിയെപ്പറ്റി പറഞ്ഞുതീരാതെ...

uploads/news/2019/04/301590/2.jpg

കട്ടപ്പന:ഇടുക്കിയെക്കുറിച്ച്‌, ഹൈറേഞ്ചിനെക്കുറിച്ച്‌, കട്ടപ്പനയെക്കുറിച്ച്‌ ഡോ. ഡി. ബാബു പോളിനു പറഞ്ഞാല്‍ തീരാത്ത കഥകളുണ്ടായിരുന്നു. ഇടുക്കി ജില്ലയുടെ ആദ്യ കലക്‌ടറായി എത്തിയതുമുതല്‍ അദ്ദേഹം ഇടുക്കിയെ നെഞ്ചിലേറ്റി. 1976-ല്‍ അദ്ദേഹം എഴുതിയ മലയാളത്തിലെ ആദ്യ സര്‍വീസ്‌ സ്‌റ്റോറിയായ ഗിരിപര്‍വം എന്ന കൃതിയിലുടനീളം ഇടുക്കിയുടെ വിവരണം കാണാം.
അദ്ദേഹത്തിന്റെ മറ്റു പുസ്‌തകങ്ങളിലും ഇടുക്കി മിടുക്കിയായി നിറയുന്നു. മരിച്ചാലും മറക്കാത്ത ഓര്‍മകള്‍, ഒരിക്കലും മായാത്ത ചിത്രങ്ങള്‍... "കഥ ഇതുവരെ" എന്ന കൃതിയില്‍ ഇടുക്കിയിലെ അനുഭവങ്ങളെക്കുച്ചുള്ള വിവരണം അദ്ദേഹം ഉപസംഹരിച്ചത്‌ ഇങ്ങനെയാണ്‌.
ഇടുക്കി ഇന്നത്തെ ഇടുക്കിയാകുന്നതിനു മുമ്പായിരുന്നു ബാബു പോള്‍ ജില്ലയുടെ അമരത്തിരുന്നത്‌. പറയത്തക്ക റോഡുകളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലത്ത്‌ മഞ്ഞുമൂടിയ മലനിരകളിലൂടെ നടത്തിയ യാത്രകളും അനുഭവങ്ങളും പങ്കുവയ്‌ക്കുക അദ്ദേഹത്തിനു ഹരമായിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം ഇടുക്കിയെക്കുറിച്ചു വാചാലനായി.
"ഞാന്‍ വളര്‍ത്തിയെടുത്ത ജില്ല. എന്നെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ അധിവസിക്കുന്ന ജില്ല. ഞാന്‍ അവരെ സ്‌നേഹിച്ചതിനേക്കാള്‍ കൂടുതലായി അവര്‍ എന്നെ സ്‌നേഹിച്ചു. എന്റെ കുറ്റങ്ങളും കുറവുകളും പൊറുത്ത്‌ സ്‌നേഹബഹുമാനങ്ങള്‍കൊണ്ട്‌ എന്നെ വീര്‍പ്പുമുട്ടിച്ച ആ അധ്വാനശീലരോടൊത്ത്‌ കഴിച്ചുകൂട്ടിയ നാളുകള്‍ ഒറ്റയ്‌ക്കിരുന്ന്‌ ഓമനിക്കാനുള്ള എത്രയോ ഓര്‍മകള്‍ എനിക്ക്‌ നല്‍കി" കഥ ഇതുവരെ എന്ന കൃതിയില്‍ അദ്ദേഹം എഴുതി.
2014-ല്‍ ഇടുക്കി ഫെസ്‌റ്റ്‌ നടന്നപ്പോള്‍ ഡോ.ഡി. ബാബുപോള്‍ ക്ഷണിതാവായി എത്തിയിരുന്നു. അവിടെവച്ച്‌ ഇടുക്കി പ്രദേശത്തെ പ്ലസ്‌ ടു വിദ്യാര്‍ഥികളുമായി ഒരു സംവാദത്തിലും അദ്ദേഹം പങ്കെടുത്തു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനൊപ്പം പഴയ ചില ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു.
"എഴുപതുകളുടെ ആദ്യപാതിയിലായിരുന്നു ആ അനുഭവം. അന്ന്‌ കലക്‌ടര്‍മാരുടെ വണ്ടിയില്‍ ബോര്‍ഡും ലൈറ്റുമൊന്നുമില്ല. ഇടുക്കിയില്‍നിന്നു കട്ടപ്പനയിലേക്കുള്ള ഒരു യാത്രയ്‌ക്കിടെ അഞ്ചെട്ട്‌ പെണ്‍പിള്ളേര്‍ വണ്ടിക്കു കൈകാട്ടി. അവര്‍ക്ക്‌ കയറണം. പോലീസുകാരനും ഡഫേദാര്‍ തിരുമേനിക്കും (നീലകണ്‌ഠന്‍ നമ്പൂതിരി) ഒപ്പം ഞാന്‍ മുന്‍സീറ്റില്‍ ഞെരുങ്ങിക്കൂടി. പിന്നില്‍ ഈ പെണ്‍പടയുടെ കലപില. റോഡിനപ്പുറത്തും ഇപ്പുറത്തും ഒക്കെ ഉള്ള കുടിയിടങ്ങളില്‍ നിന്ന്‌ ഓരോ കുപ്പി പശുവിന്‍പാലുമായി പള്ളിക്കൂടത്തില്‍ പോവുകയാണ്‌. കട്ടപ്പനയിലെ ചായപ്പീടികകളില്‍ ആ പാല്‍ കൊടുത്തിട്ടാണ്‌ പള്ളിക്കൂടത്തില്‍ കയറുക. കടക്കാരന്‍ കുപ്പികഴുകി പാലില്‍ ചേര്‍ത്തുവയ്‌ക്കുമ്പോഴേക്ക്‌ പള്ളിക്കൂടം കഴിയും. ഒഴിഞ്ഞ കുപ്പികളുമായി മടക്കയാത്ര. കട്ടപ്പന സ്‌കൂളില്‍ അന്ന്‌ ഷിഫ്‌റ്റ്‌ സമ്പ്രദായമാണ്‌. ഉച്ചകഴിഞ്ഞ്‌ പഠിക്കുന്നവര്‍ വീടെത്തുമ്പോള്‍ സൂര്യന്‍ അസ്‌തമയത്തോടടുത്തിരിക്കും. അവരുടെയൊക്കെ മക്കളാണ്‌ പോയവാരം ഞാന്‍ കണ്ട ഇവര്‍. എനിക്ക്‌ അഭിമാനം തോന്നി."
വര്‍ഷങ്ങള്‍ മുന്‍പ്‌ നടന്ന ചെറിയ അനുഭവം പോലും മനസില്‍ സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ബാബു പോളിന്റെ വാക്കുകള്‍.

സിറില്‍ ലൂക്കോസ്‌

Ads by Google
Advertisement
Sunday 14 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW