Wednesday, June 19, 2019 Last Updated 24 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.14 AM

പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു

പോത്താനിക്കാട്‌: കുടിവെള്ള ലഭ്യത വളരെ കുറവായിട്ടും ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ കുടിവെള്ള വിതരണ പൈപ്പില്‍ ഉണ്ടായ പൊട്ടല്‍ മാറ്റാന്‍ നടപടിയെടുക്കാതെ ജല അഥോറിറ്റി. കാളിയാര്‍ - കക്കടാശ്ശേരി റോഡില്‍ പോത്താനിക്കാട്‌ സെന്റ്‌ സേവ്യേഴ്‌സ് സ്‌കൂളിനു സമീപം ഗുരുകുലം നഴ്‌സറിക്ക്‌ മുന്നിലാണ്‌ പൈപ്പ്‌ പൊട്ടി ആഴ്‌ചകളായി റോഡിലൂടെ വെള്ളം ഒഴുകുന്നത്‌. കൂടാതെ വിതരണ പൈപ്പ്‌ ലൈനില്‍ വേറെയും പലയിടത്തും ചെറുതും വലുതുമായ അനേകം ലീക്കുകളും പൊട്ടലുകളുമുണ്ട്‌. പോത്താനിക്കാട്‌ പഞ്ചായത്തിലും പല്ലാരിമംഗലം പഞ്ചായത്തിന്റെ ചിലയിടങ്ങളിലേയ്‌ക്കും വിതരണം ചെയ്യുന്ന പൈപ്പുകളാണ്‌ ഇപ്പോള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത്‌.
വിതരണ പൈപ്പുകളുടെ കാലപ്പഴക്കം മൂലം വിതരണ നിയന്ത്രണ വാല്‍വുകള്‍ മുഴുവനും തുറക്കാതെയാണ്‌ ജല വിതരണം നടത്തുന്നത്‌. അതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലേയ്‌ക്ക് വെള്ളം എത്തുന്നില്ലെന്ന പരാതിയും നിലവിലുണ്ട്‌. അതോടൊപ്പമാണ്‌ അധികൃതരുടെ അനാസ്‌ഥ മൂലം പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്നത്‌. വേനല്‍ കടുത്തതോടെ പഞ്ചായത്തില്‍ വാഹനം വഴി വെള്ളം വിതരണം ആരംഭിച്ചിട്ടുണ്ട്‌. അതിനിടെ ദിവസങ്ങളായി എം.വി.ഐ.പി. കനാലിലൂടെ വെള്ളം എത്താതിരുന്നതിന്‌ പരിഹാരമായി.
കനാലില്‍ മുട്ടം ഭാഗത്ത്‌ ഉണ്ടായിരുന്ന തകര്‍ച്ച പരിഹരിച്ച്‌ വെള്ളം തുറന്ന്‌ വിട്ടത്‌ ആശ്വാസം പകരുന്നുണ്ട്‌. ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത്‌ നടത്തുന്ന കരാറുകാരന്റെ അനാസ്‌ഥയാണ്‌ കുടിവെള്ള വിതരണം താറുമാറാക്കുന്നതെന്നാണ്‌ ജനങ്ങളുടെ പക്ഷം.
കൃത്യസമയത്ത്‌ അറ്റകുറ്റപ്പണികള്‍ ചെയ്യാതെയും ചെയ്യുന്ന പണികളുടെ നിലവാര കുറവും മൂലവും അറ്റകുറ്റപ്പണികള്‍ നടത്തിയിടത്തു തന്നെ വീണ്ടും പൈപ്പ്‌ പൊട്ടുകയും അവിടെ വീണ്ടും പണികള്‍ നടത്തേണ്ടി വരുന്നെന്നും ജനങ്ങള്‍ ചൂണ്ടി കാട്ടുന്നു.
പ്രധാന റോഡുകള്‍ ആധുനിക നിലവാരത്തില്‍ പുതുക്കി നിര്‍മിച്ചപ്പോള്‍ പഴകിയ വിതരണ ലൈനുകള്‍ ടാറിംഗിനുള്ളിലായത്‌ റോഡ്‌ തകരുന്നതിനും കാരണമാകുന്നുണ്ട്‌. നിലവില്‍ പോത്താനിക്കാട്‌ കുടിവെള്ള പദ്ധതിയുടെ കാളിയാര്‍ പുഴയിലുള്ള പറമ്പഞ്ചേരി പമ്പ്‌ ഹൗസില്‍ പമ്പിംഗിനാവശ്യമുള്ള ജലം ലഭ്യമാണെങ്കിലും പുഴയിലെ ജലനിരപ്പ്‌ അതിവേഗം താഴുന്നത്‌ ആശങ്കയുണര്‍ത്തുന്നുണ്ട്‌. കൂടാതെ വാരപ്പെട്ടി, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്‌ എന്നീ പഞ്ചായത്തുകളില്‍ ഇപ്പോള്‍ വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ദിവസവും അനേക ലോഡ്‌ വെള്ളം എടുക്കുന്നതും പറമ്പഞ്ചേരി പമ്പ്‌ ഹൗസില്‍ നിന്നാണ്‌.

Ads by Google
Advertisement
Saturday 13 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW