Monday, August 19, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.20 AM

മാഹിയിലെ തെരഞ്ഞെടുപ്പിന്‌ രാഷ്‌ട്രീയ 'ലഹരി'യില്ല; കണ്ണൂര്‍ രാഷ്‌ട്രീയം മിക്‌സ് ചെയ്‌ത് സി.പി.എം.

uploads/news/2019/04/300155/k1.jpg

കണ്ണൂര്‍ : കേരളത്തിനകത്തെ അന്യദേശമായ മാഹിക്ക്‌ കൂറ്‌ കേരള രാഷ്‌ട്രീയത്തോട്‌. ജനങ്ങള്‍ക്ക്‌ കേരളത്തിലെ അതേ രാഷ്‌ട്രീയ മനസ്സ്‌. മാഹി സി.പി.എമ്മിനെ സംബന്ധിച്ചാണെങ്കില്‍ പൂര്‍ണമായും കണ്ണൂര്‍ ശൈലിയും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സി.പി.എം കോണ്‍ഗ്രസ്സും ഡി.എം.കെയും നേതൃത്വം നല്‍കുന്ന മുന്നണിയിലാണ്‌. കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്‌, വടകര നിയമസഭാ മണ്ഡലങ്ങള്‍ അതിരിടുന്ന മാഹിയിലെ പാര്‍ട്ടിക്ക്‌ കോണ്‍ഗ്രസ്സിന്‌ വോട്ടു ചെയേ്േണ്ടി വരുന്നത്‌ ചിന്തിക്കാനാകുന്നില്ല. അതുകൊണ്ട്‌ തങ്ങളുടെ കാര്യം പുതുച്ചേരി സംസ്‌ഥാന ഘടകമല്ല കണ്ണൂര്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മതിയെന്നാണ്‌ മാഹിയിലെ പാര്‍ട്ടിക്കാരുടെ നിലപാട്‌. കോണ്‍ഗ്രസിനോട്‌ ശത്രുതയുണ്ടെങ്കിലും തമിഴ്‌നാട്ടിലെ പാര്‍ട്ടി ലൈന്‍ അനുസരിച്ചായിരിക്കണം മാഹിയില്‍ വോട്ടുചെയേ്േണ്ടതെന്ന്‌ അണികളെ കേരളനേതൃത്വം അറിയിച്ചുവെങ്കിലും
വടകരയിലും കണ്ണൂരിലും നേര്‍ക്കു നേര്‍ പോരാടുന്ന സാഹചര്യത്തില്‍ മാഹിയില്‍ കോണ്‍ഗ്രസ്സിന്‌ വോട്ട്‌ ചെയ്യുകയെന്നത്‌ സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തില്‍ മാഹിയില്‍ നടന്‍ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതിമയ്യം സ്‌ഥാനാര്‍ഥി ഡോ. എം.എ.എസ്‌ സുബ്രഹ്‌മണ്യത്തിന്‌ നല്‍കാനാണ്‌ മാഹിയിലെ സി.പി.എം. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. തീരുമാനമെടുത്തതാകട്ടെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും.ഒരു സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനം തള്ളി മറ്റൊരു സംസ്‌ഥാനത്തെ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുന്ന പ്രത്യേക രാഷ്‌ട്രീയ സാഹചര്യമാണ്‌ ഇതോടെ സി.പി.എമ്മില്‍ ഉണ്ടായിരിക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ ലഹരിയില്ലാതെ മരവിച്ചു നിന്ന മാഹിയിലെ പാര്‍ട്ടിക്കാര്‍ ഇതോടെ ഉഷാറായിരിക്കുകയാണ്‌. എന്നാല്‍ സി.പി.എം പുതുച്ചേരി സംസ്‌ഥാന ഘടകത്തിന്റെ പിന്തുണ കോണ്‍ഗ്രസ്സ്‌ സ്‌ഥാനാര്‍ഥി വി.വൈദ്യലിംഗത്തിന്‌. കണ്ണൂരിലെ അക്രമ രാഷ്‌ട്രീയത്തിന്റെ ഗൂഡാലോചന, ക്വട്ടേഷന്‍ എന്നിവയിലെല്ലാം മാഹി ബന്ധങ്ങളുണ്ട്‌. ഇതാണ്‌ മാഹി രാഷ്‌ട്രീയത്തിന്‌ കണ്ണൂര്‍ രാഷ്‌ട്രീയത്തോടുള്ള അടുത്ത ബന്ധത്തിന്‌ കാരണം. പുതുച്ചേരി സംസ്‌ഥാനത്തിന്റെ ഭാഗമാണ്‌ മാഹിയും പള്ളൂരുമെങ്കിലും കണ്ണൂര്‍ നേതാക്കളുടെ നിയന്ത്രണത്തിലാണ്‌ മാഹിയിലെ പ്രാദേശിക പാര്‍ട്ടിഘടകങ്ങള്‍. കണ്ണൂരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അതേപോലെ സ്വീകരിക്കുന്ന സമീപനമാണ്‌ മാഹിയിലെ സിപി.എമ്മിനും നും ബിജെപി.ക്കുമുള്ളത്‌. അതുകൊണ്ടുതന്നെ കണ്ണൂരിലെ രാഷ്ര്‌ടീയ പക മറ്റൊരു സംസ്‌ഥാനത്തിന്റെ ഭാഗമായ മാഹിയിലും അതേ പോലെ തുടരുന്നു. എന്നാല്‍ മാഹിയിലെ വലിയ സംഘടനയായ കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം പൂര്‍ണമായും പുതുച്ചേരി കോണ്‍ഗ്രസ്സ്‌ കമ്മിറ്റിക്കാണ്‌. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ക്കും മറ്റും പുതുച്ചേരിയിലെ നേതാക്കളാണ്‌ മാഹിയിലെത്തി ഇടപെടുക. എന്നാല്‍ സിപി.എമ്മും ബി.ജെ.പി.യും എല്ലാറ്റിനും ആശ്രയിക്കുന്നത്‌ കണ്ണൂര്‍ നേതാക്കളെ. പുതുച്ചേരിയുടെ മറ്റ്‌ ഭാഗങ്ങളെ പോലെയല്ല അടിയും തിരിച്ചടിയുമായി രാഷ്ര്‌ടീയ പ്രവര്‍ത്തനം സജീവമാണ്‌ മാഹിയില്‍ .
കണ്ണൂരിലും വടകരയിലും അക്രമ രാഷ്‌ട്രീയം പ്രധാന തെരഞ്ഞെടുപ്പ്‌ വിഷയമാകുന്ന സാഹചര്യത്തിലാണ്‌ അതില്‍ ഭാഗഭാക്കായ മാഹി സി.പി.എമ്മിന്‌ പുതുച്ചേരി ഘടകത്തെ തള്ളി മറ്റൊരു തീരുമാനമെടുക്കേണ്ടി വന്നത്‌. അടുത്തിടെ മാഹിയില്‍ സി.പി.എം പ്രാദേശിക നേതാവ്‌ പള്ളിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്‌ കണ്ണൂര്‍ കുടിപ്പകയുടെ തുടര്‍ച്ചയായാണ്‌. മാഹിയിലെ ആദ്യ രാഷ്ര്‌ടീയ കൊലപാതകമായി കണക്കാക്കുന്നത്‌ 1986ല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കനകന്റെ കൊലപാതകമാണ്‌. പിന്നീടു നീണ്ട ഇടവേളയ്‌ക്കുശേഷം 2009ലാണ്‌ അടുത്ത കൊലപാതകം. മാഹിയിലെ പന്തക്കലില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ടക്കൊലപാതകമാണു നടന്നത്‌. സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനും ബി.ജെ.പി പ്രവര്‍ത്തകന്‍ ചന്ദ്രനും കൊല്ലപ്പെട്ടു. 2010ല്‍ ന്യൂ മാഹിയില്‍ വീണ്ടും ഇരട്ടക്കൊലപാതകം. കൊല്ലപ്പെട്ടതു രണ്ടും ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍. രാഷ്ര്‌ടീയ സംഘട്ടനക്കേസില്‍ കോടതിയില്‍ ഹാജരായി തിരിച്ചെത്തിയ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെ ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു. പിന്നിട്‌ പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവും ന്യൂ മാഹിയില്‍ ഈസ്‌റ്റ് പള്ളൂര്‍ സ്വദേശി കെ.പി.ഷമേജും കൊല്ലപ്പെട്ടു. ഭൂമിശാസ്‌ത്രപരമായി കണ്ണൂരിനു പുറത്താണെങ്കിലും രാഷ്ര്‌ടീയ ബലാബലങ്ങളില്‍ മാഹിയെയും കണ്ണൂരിന്റെ ഭാഗമാക്കി നിര്‍ത്താന്‍ സി.പി.എമ്മും ആര്‍.എസ്‌.എസും സജീവമായി പരിശ്രമിക്കുന്നുണ്ട്‌ .അതിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ്‌ രാഷട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നീക്കം. അടുത്തകാലത്തായി പാര്‍ട്ടികള്‍ ക്വട്ടേഷന്‍ സംഘങ്ങളെ തിരഞ്ഞെടുക്കുന്നതും മാഹി കേന്ദ്രീകരിച്ചാണെന്നത്‌ പരസ്യമായ രഹസ്യമാണ്‌. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും താവളം മാഹിയായിരുന്നു. പുതുച്ചേരി, യാനം, കാരിക്കല്‍, മാഹി റീജ്യനുകളിലെ 30 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണു പുതുച്ചേരി ലോക്‌സഭാ മണ്ഡലം. മാഹിയില്‍ ഏപ്രില്‍ 18നാണ്‌ തിരഞ്ഞെടുപ്പ്‌. നിലവില്‍ വടകര മണ്ഡലത്തില്‍ പ്രവര്‍ത്തന രംഗത്തുള്ള മാഹിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ 18ന്‌ ശേഷം പൂര്‍ണമായും വടകര മണ്ഡലത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും.

Ads by Google
Advertisement
Monday 08 Apr 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW