Thursday, June 27, 2019 Last Updated 28 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

തുടര്‍ച്ചയായി രണ്ടാം സാമ്പത്തിക വര്‍ഷവും ഒരു കോടി യാത്രക്കാരുമായി സിയാല്‍

അങ്കമാലി: പ്രളയത്തെത്തുടര്‍ന്ന്‌ പതിനഞ്ചു ദിവസം അടച്ചിട്ടെങ്കിലും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളത്തിന്‌ ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടം. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 2017-18 ലാണ്‌ ഒരുസാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ എന്ന മികവ്‌ കൈവരിച്ചത്‌. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും സിയാല്‍ നേട്ടം ആവര്‍ത്തിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാനത്തെ നാല്‌ വിമാനത്താവളങ്ങളുടേയും മൊത്തം യാത്രക്കാരുടെ എണ്ണം 1.65 കോടിയോളമാണ്‌. ഇതില്‍ സിയാലിന്റെ വിഹിതം 1.02 കോടി യാത്രക്കാര്‍. സംസ്‌ഥാനത്തെ വിമാനയാത്രക്കാരുടെ 61.8 ശതമാനം വരുമിത്‌. പ്രതിദിനം 27,948 ആണ്‌ ശരാശരി യാത്രക്കാര്‍. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ ഓഗസ്‌റ്റ് 15 മുതല്‍ 15 ദിവസം കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിലൂടെ യാത്രചെയ്‌തവരുടെ കൃത്യം കണക്ക്‌ 1,02,01,089 ആണ്‌. 2017-18-ല്‍ ഇത്‌ 1,01,19,064 ആയിരുന്നു. 2018-19 ലെ സ്‌ഥിതിവിവരക്കണക്കില്‍ 52.68 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 49.32 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്‌. ഇതാദ്യമായാണ്‌ സിയാലില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ ഉയരുന്നത്‌. ഇക്കാലയളവിലെ മൊത്തം ടേക്‌ ഓഫ്‌/ ലാന്‍ഡിങ്‌ എണ്ണം 71,871 ആണ്‌. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത്‌ 69,665 ആയിരുന്നു.
1999 ജൂണ്‍ പത്തിനാണ്‌ സിയാലില്‍ ആദ്യ വിമാനമിറങ്ങിയത്‌. ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ (2000 മാര്‍ച്ച്‌ വരെ) 4.95 ലക്ഷം പേര്‍ സിയാല്‍ വഴി യാത്ര ചെയ്‌തു. വിമാനങ്ങളുടെ മൊത്തം ടേക്ക്‌ ഓഫ്‌/ ലാന്‍ഡിങ്‌ എണ്ണം 6,437 ആയിരുന്നു. ആദ്യത്തെ പൂര്‍ണ സാമ്പത്തിക വര്‍ഷമായ 2001-02-ല്‍ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയര്‍ന്നു. 2002-03-ല്‍ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു.
പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം മുതലുള്ള മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാന്‍ ഏഴ്‌ പൂര്‍ണ സാമ്പത്തിക വര്‍ഷവും ഒരു അര്‍ധ സാമ്പത്തിക വര്‍ഷവും വേണ്ടിവന്നു. പിന്നീട്‌ മൂന്ന്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ അടുത്ത ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി. തുടര്‍ന്ന്‌ ഒരു കോടി പിന്നിടാന്‍ രണ്ടര സാമ്പത്തിക വര്‍ഷം മതിയായി. 2013-14-ല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 50 ലക്ഷം പിന്നിട്ടു. 2014-15-ല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണം 77.57 ലക്ഷവും 2016-17-ല്‍ 89.41 ലക്ഷവുമായി. 2017-18 -ല്‍ ആദ്യമായി ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിച്ചു. 2018-19 ലും ഒരു കോടിയലധികം യാത്രക്കാര്‍ സിയാലില്‍ എത്തി.
പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം മുതല്‍ 2019 മാര്‍ച്ച്‌ 31 വരെ മൊത്തം 8.39 കോടി പേര്‍ സിയാലിലൂടെ കടന്നുപോയി. 7,37,049 തവണ വിമാനങ്ങള്‍ വന്നുപോയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്‌ ഉള്‍ക്കൊള്ളാന്‍ അത്യാധുനിക സജ്‌ജീകരണങ്ങളോടെ ഒന്നാം ടെര്‍മിനല്‍ സിയാല്‍ നവീകരിച്ചിട്ടുണ്ട്‌.
മാര്‍ച്ച്‌ 21 മുതല്‍ ഒന്നാം ടെര്‍മിനല്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏപ്രിലില്‍ നിലവില്‍ വന്ന വേനല്‍ക്കാല സമയക്രമമനുസരിച്ച്‌ പ്രതിവാരം 1672 വിമാന സര്‍വീസുകള്‍ സിയാലിനുണ്ട്‌. ഇന്ത്യയിലെ 23 നഗരങ്ങളിലേയ്‌ക്കും 16 വിദേശ നഗരങ്ങളിലേയ്‌ക്കും സിയാലില്‍ നിന്ന്‌ നേരിട്ട്‌ വിമാന സര്‍വീസുകളുണ്ട്‌.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW