Tuesday, June 25, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

കുടിനീരിനായി നെട്ടോട്ടം

uploads/news/2019/03/297279/1.jpg

വൈപ്പിന്‍: സൂര്യതാപത്തെ വകവയ്‌ക്കാതെ നാടെങ്ങും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ചൂടില്‍ കഴിയുമ്പോള്‍ വൈപ്പിന്‍ ജനത കുടിനീരിനായി നെട്ടോട്ടമോടുന്നു. ഹഡ്‌ക്കോ, ചൊവ്വര കുടിവെള്ള പദ്ധതികള്‍ വന്നിട്ടും വൈപ്പിനിലേക്ക്‌ ആവശ്യത്തിന്‌ കുടിനീര്‍ എത്താത്തത്‌ ജനങ്ങളെ വലക്കുന്നു. ഏറെ കൊട്ടും കുരവയുമായി ഹഡ്‌ക്കോ കുടിവെള്ളപദ്ധതി കമ്മിഷന്‍ ചെയ്‌തപ്പോള്‍ വൈപ്പിന്‍ ദ്വീപ്‌ കുടിവെള്ളത്തിന്‌ സ്വയംപര്യാപ്‌തത നേടിമെന്നൊക്കെയായിരുന്നു വാഗ്‌ദാനം. പക്ഷേ, ഒന്നും നടന്നില്ല. ഏറ്റവും മുന്‍തൂക്കം ജലസംഭരണിക്കള്‍ക്കാണ്‌. ദ്വീപിന്റെ തെക്കന്‍ മേഖലകളിലെ കുടിനീര്‍ക്ഷാമത്തിന്‌ പരിഹാരമായാണ്‌ ഹഡ്‌ക്കോ പദ്ധതി വിഭാവനം ചെയ്‌തത്‌. ഇതിനായി മുരിക്കുംപാടം, മാലിപ്പുറം, ഞാറക്കല്‍ എന്നിവിടങ്ങളില്‍ ജലസംഭരണികള്‍ സ്‌ഥാപിക്കുന്നതില്‍ മാലിപ്പുറത്തേത്‌ മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയായി കമ്മിഷന്‍ ചെയ്‌തത്‌. പക്ഷേ, ഇതുവരെ ആ ജലസംഭരണിയിലേക്ക്‌ വെള്ളം എത്തിയിട്ടുമില്ല, അവിടെ നിന്നും വെള്ളം പമ്പ്‌ ചെയ്‌തിട്ടുമില്ല. കാരണം മറ്റൊന്നുമല്ല. നിര്‍മ്മാണത്തിലെ അപാകതയല്ല. അഴിമതിയെന്നു തന്നെ പറയാം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച്‌ ജലസംഭരണി ലീക്കാണ്‌.ഇതിലേക്ക്‌ വെള്ളം സ്‌റ്റോക്ക്‌ ചെയ്യാന്‍ കഴിയില്ലത്രേ. പക്ഷേ, ഒരു കാര്യമുണ്ട്‌. ജലസംഭരണിയുടെ താഴെ ജല അഥോറിട്ടിയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഞാറക്കലിലെ വാടക കെട്ടിടത്തില്‍ നിന്നും ഓഫീസിന്‌ ശാപമോക്ഷം കിട്ടിയതുതന്നെ ഭാഗ്യം. മുരിക്കുംപാടം, ഞാറക്കല്‍ എന്നിവിടങ്ങളില്‍ ജലസംഭരണികള്‍ ഇപ്പോഴും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കാരാറുകാരന്‍ പണി നിര്‍ത്തിവച്ചിരിക്കുകയാണ്‌. ഇനി എന്ന്‌ ഈ ജലസംഭരണികള്‍ കമ്മിഷന്‍ ചെയ്യും. ഇത്‌ പൂര്‍ത്തിയായാല്‍ ചോര്‍ച്ച ഉണ്ടാവില്ലെന്ന്‌ പറയാന്‍ പറ്റുമോ.
ഹെഡ്‌ക്കോ പദ്ധതിയില്‍ നിന്നും ദിനംപ്രതി 10 ദശലക്ഷം ലിറ്റര്‍ വെള്ളം വൈപ്പിനിലേക്ക്‌ വരണം. പക്ഷേ അത്രയും അളവില്‍ വെള്ളം വൈപ്പിനിലേക്ക്‌ വരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ ഉള്‍പ്പെടെ സമരം ചെയ്‌തപ്പോള്‍ നടത്തിയ പരിശോധനയില്‍ 10 ദശലക്ഷം ലിറ്റര്‍ വെള്ളം വരുന്നില്ലെന്ന്‌ തെളിഞ്ഞതാണ്‌. വേനല്‍ വറുതിയില്‍ തീരദേശം വറ്റി വരളുമ്പോള്‍ ഇതിനുള്ള പരിഹാര നടപടിക്ക്‌ അധികൃതര്‍ കുഴങ്ങുകയാണ്‌. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട വൈപ്പിന്‍ ദ്വീപ്‌ നിവാസികള്‍ ദാഹജലത്തിനായി ചെയ്‌ത സമരത്തിന്‌ കണക്കില്ല. ദ്വീപ്‌ നിശ്‌ചലമാക്കി നേടിയതാണ്‌ ഹെഡ്‌ക്കോ പദ്ധതി. ഇവിടെനിന്നും എത്തുന്ന വെള്ളം വിതരണം ചെയ്യുന്നതിനുള്ള കുഴലുകള്‍ കാലപഴക്കം മൂലം മാറ്റി പുതിയത്‌ സ്‌ഥാപിച്ചെങ്കിലും ആവശ്യത്തിന്‌ വെള്ളം എത്താത്തതുമൂലം ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ തെക്കന്‍ മേഖലകളില്‍ കുടിവെള്ള വിതരണം നടക്കുന്നത്‌. ഇപ്പോള്‍ സംസ്‌ഥാന പാതയോരത്ത്‌ മാത്രമേ ഒരുവിധം വെള്ളം വരുന്നുള്ളൂ. തീരദേശം ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും കുടിനീര്‍ കിട്ടാക്കനിയാണ്‌. വൈപ്പിനിലേക്ക്‌ മാത്രമായുള്ള ഹഡ്‌ക്കോ പദ്ധതിയില്‍ നിന്നും വരുന്ന വെള്ളം ഇടക്ക്‌ ചോര്‍ത്തുന്നുണ്ടോയെന്നാണ്‌ സംശയം.ഇത്‌ കണ്ടെത്തിയാല്‍ വൈപ്പിനിലെ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരമാകും. ഞാറക്കല്‍, നായരമ്പലം ഗ്രാമപഞ്ചായത്തുകളിലെ സ്‌ഥിതിയും മറിച്ചല്ല. ഞാറക്കല്‍, നായരമ്പലം, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ എന്നും സമരങ്ങളുടെ വേലിയാറ്റമാണ്‌. തെക്കന്‍ മേഖലകളില്‍ കുടിനീര്‍ക്ഷാമം രൂക്ഷമാണെങ്കിലും വടക്കന്‍മേഖലയില്‍ അത്രയും ക്ഷാമമില്ല. അവിടെ വിതരണ ലൈനുകളിലെ തകരാറ്‌ മൂലമാണ്‌ പലപ്പോഴും കുടിവെള്ളം മുടങ്ങുന്നത്‌.ചൊവ്വര പദ്ധതി പ്രദേശത്തെ വൈദ്യുതി തടസമാണ്‌ വടക്കന്‍മേഖലയിലെ കുടിവെള്ളം മുട്ടിക്കുന്നത്‌.ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ ഇക്കാര്യത്തില്‍ വെള്ളം കുടിക്കും.

കണ്ണദാസ്‌ തടിക്കല്‍

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW