Monday, May 20, 2019 Last Updated 28 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.17 AM

പെരുന്തേനരുവി ഡാം തുറന്നുവിട്ട സംഭവം ആസൂത്രിതമെന്ന്‌ സൂചന

uploads/news/2019/03/294682/1.jpg

റാന്നി: പെരുന്തേനരുവി ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവം ആസൂത്രിതമെന്ന്‌ സൂചന. പ്രദേശം പരിചയമുള്ളവരാണ്‌ പ്രതികളെന്നും പോലീസ്‌ മനസിലാക്കിയിട്ടുണ്ട്‌. ഡാമില്‍ ജലനിരപ്പ്‌ കുറവായിരുന്നതും അതിശക്‌തമായി വെള്ളം ഒഴുകുന്നത്‌ സമീപത്തുള്ള ഏക താമസക്കാരനായ പതാക്കില്‍ റോയി അറിഞ്ഞ്‌ സമയോചിതമായി പ്രതികരിച്ചതും ആണ്‌ സ്‌ഥിതി ഗുരുതരമാക്കാതിരുന്നത്‌.
ശക്‌തമായ വെള്ളപ്പാച്ചിലിന്റെ ശബ്‌ദം കേട്ട്‌ റോയി ഡാമില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള പവര്‍ ഹൗസില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന സബ്‌ എന്‍ജിനീയര്‍ ഹരിയുടെ നേതൃത്വത്തില്‍ ഉടന്‍ ഡാമിന്റെ ഷട്ടറിന്റെ ഭാഗത്ത്‌ എത്തിയെങ്കിലും അടയ്‌ക്കാന്‍ ആയില്ല.
റിമോട്ട്‌ സ്വിച്ച്‌ ഉപയോഗിച്ചാണ്‌ ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്‌. ഈ സ്വിച്ച്‌ കനത്ത ഭാരമുള്ള ഒരു ലോക്കിലാണ്‌ സ്‌ഥാപിച്ചിരുന്നത്‌. ഡാമില്‍ എത്തിയ സാമൂഹിക വിരുദ്ധര്‍ ആദ്യം ഈ ലോക്ക്‌ പൊട്ടിച്ച്‌ വെള്ളത്തില്‍ എറിഞ്ഞ ശേഷമാണ്‌ റിമോട്ട്‌ പ്രയോഗം നടത്തിയത്‌. പിന്നീട്‌ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ ഷട്ടര്‍ താഴ്‌ത്തിയപ്പോഴേക്കും മുക്കാല്‍ മണിക്കൂറോളം പിന്നിടുകയും വെള്ളം ഏറെക്കുറെ പൂര്‍ണമായി അരുവിയിലൂടെ ഒഴുകി പമ്പാനദിയില്‍ എത്തുകയുമായിരുന്നു.
പെരുന്തേനരുവി ജല വൈദ്യുത പദ്ധതി കമ്മിഷന്‍ ചെയ്‌ത്‌ മാസങ്ങളോളം ഡാമില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. കെ.എസ്‌.ഇ.ബി സീതത്തോട്‌ ജനറേഷന്‍ ഡിവിഷന്‍ അധികൃതര്‍ ഡാമിലെ ജീവനക്കാരെ പൂര്‍ണമായും ഒഴിവാക്കിയത്‌ അടുത്ത സമയത്താണ്‌. വൈകുന്നേരം വരെയാണ്‌ അരുവിയിലും ഡാമിന്റെ മേഖലയിലുമൊക്കെ സന്ദര്‍ശകര്‍ എത്തുന്നത്‌. വനമേഖല ആയതിനാല്‍ ചില സമയം വന്യജീവികള്‍ ഡാമിന്റെ പരിസരത്ത്‌ എത്തുമെന്നതിനാല്‍ രാത്രി കാലത്ത്‌ സാധാരണ ആരും ഇവിടെ എത്താറില്ല. പവര്‍ഹൗസിലെ ജീവനക്കാര്‍ അവരുടെ ജോലിയില്‍ ഏര്‍പ്പെട്ടാല്‍ പിന്നെ ഏതാനും ആഴ്‌ചകളായി ഡാം അനാഥമാകുകയാണ്‌. ഈ അവസരം മുതലാക്കിയാണ്‌ സാമൂഹിക വിരുദ്ധര്‍ ഡാം ഷട്ടര്‍ ഉയര്‍ത്തിയത്‌.
രാത്രി വൈകി ഡാമിന്റെ ഭാഗത്ത്‌ എത്തണമെങ്കിലും താഴെ ഭാഗത്തു സ്‌ഥാപിച്ച ഷട്ടര്‍ സ്വിച്ച്‌ കണ്ടെത്തണമെങ്കിലും സ്‌ഥലത്തെപ്പറ്റിയും ഡാം സംബന്ധിച്ചും വ്യക്‌തമായ ധാരണ ഉള്ളവരായിരിക്കണം. റിമോട്ട്‌ സ്വിച്ച്‌ ഉപയോഗിച്ചാണ്‌ ഡാം ഷട്ടര്‍ ഉയര്‍ത്തുന്നതെന്ന്‌ നേരത്തെ മനസിലാക്കിയവരാണ്‌ അക്രമികള്‍. ഇത്‌ ഏതുവിധം പ്രവര്‍ത്തിപ്പിക്കണമെന്ന്‌ നല്ല അറിവ്‌ ഇവര്‍ക്ക്‌ ഉണ്ടായിരുന്നിരിക്കണം. അത്തരം സൂചനകള്‍ നല്‍കുന്നത്‌ അക്രമി സംഘത്തിന്‌ ഡാമുമായി അടുത്ത ബന്ധമുണ്ടെന്നു തന്നെയാണെന്ന്‌ പോലീസ്‌ സംശയിക്കുന്നു.
ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ട സംഘം സമീപത്തെ താമസക്കാരനായ പതാക്കില്‍ റോയിയുടെ വള്ളം മൂടിയിരുന്ന പടുതയും കത്തിച്ചാണ്‌ മടങ്ങിയത്‌. ഡാമില്‍ അക്കരെ ഇക്കരെ കടക്കാന്‍ വാങ്ങി സൂക്ഷിച്ചിരുന്ന വള്ളം പാലം വന്നതോടെ കരയിലേക്കു കയറ്റി പടുത ഇട്ടു മൂടിയിരിക്കുകയായിരുന്നു. അക്രമികള്‍ വള്ളം കത്തിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരിക്കും പടുത കത്തിച്ചതെന്നാണ്‌ സംശയം. രാത്രിയില്‍ തന്നെ വള്ളത്തിന്റെ ഭാഗത്തു നിന്നും തീ ഉയരുന്നതു കണ്ടതിനാല്‍ വള്ളം കത്തുന്നതിന്‌ ഒഴിവാക്കാനായി.
എന്തായാലും അതീവ ഗുരുതരമായ സംഭവമാണ്‌ വെച്ചൂച്ചിറ പെരുന്തേനരുവിയില്‍ നടന്നത്‌. ഇത്‌ നിസാരവത്‌ക്കരിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നതായും ആരോപണമുണ്ട്‌.
ഡാം സുരക്ഷയില്‍ വീഴ്‌ച വരുത്തിയ ചില ഉദ്യോഗസ്‌ഥരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഇതെന്നു കരുതുന്നു. ഒപ്പം ഡാം ഷട്ടര്‍ തുറന്നു വെള്ളം ഒഴുക്കിയത്‌ ആരെയെങ്കിലും മനപൂര്‍വം കുരുക്കിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ എന്നും സംശയം ഉയരുന്നുണ്ട്‌. ഡാമിന്റെ സുരക്ഷാ ചുമതലയില്‍ ആരുമില്ലെന്നും രാത്രി കാലത്ത്‌ ആരും ഇവിടേക്ക്‌ എത്താറില്ലെന്നും റിമോട്ട്‌ സ്വിച്ച്‌ ഉപയോഗിച്ചാണ്‌ ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നുമൊക്കെ വ്യക്‌തമായി അറിയാവുന്നവര്‍ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണോയെന്ന ആരോപണവുമുണ്ട്‌.

Ads by Google
Advertisement
Friday 15 Mar 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW