Friday, July 19, 2019 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.01 AM

കോണ്‍ഗ്രസ്‌ ലിസ്‌റ്റ് മാറിമറിയുന്നു; സതീഷ്‌ ചന്ദ്രന്‍ ബഹുദൂരം മുന്നില്‍

uploads/news/2019/03/294393/k5.jpg

കാസര്‍ഗോഡ്‌: കല്യാട്ട്‌ ഇരട്ടക്കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ തെരഞ്ഞെടുപ്പ്‌ അജണ്ടയെ നിശ്‌ചയിച്ച കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ ഇരുട്ടില്‍ തപ്പുന്നു. ശക്‌തനായ നേതാവ്‌ കെ.പി.സതീഷ്‌ ചന്ദ്രനിലുടെ നേരത്തേ സ്‌ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ ഇടതുപക്ഷം പ്രചരണത്തില്‍ ബഹുദൂരം മുന്നില്‍. പി സി.വിഷ്‌ണുനാഥിനെ മത്സരിപ്പിക്കാനാണ്‌ കോണ്‍ഗ്രസിനുള്ളില്‍ നീക്കം നടക്കുന്നത്‌. അതേ സമയം മറ്റ്‌ പേരുകളും സജീവ പരിഗണയിലുണ്ട്‌.അതേസമയം മണ്ഡലത്തില്‍ കാര്യമായ വോട്ട്‌ വിഹിതമുള്ള ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ഇതുവരെയും വ്യക്‌തത ഉണ്ടായിട്ടില്ല. ദേശീയ സെക്രട്ടറി പി.കെ കൃഷ്‌ണദാസിനെയാണ്‌ ബി.ജെ.പി പരിഗണിക്കുന്നതെന്നാണ്‌ സൂചന. ഒപ്പം ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ശ്രീകാന്തിനെയും പരിഗണിച്ചേക്കും. നേരത്തേ കെ സുരേന്ദരനെയാണ്‌ ബി.ജെ.പി ഇവിടെ സ്‌ഥാനാര്‍ത്ഥിയാക്കിയിരുന്നത്‌. വോട്ടുവിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സുരേന്ദ്രന്‌ സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക്‌ പരിഗണിച്ചതിനാലാണ്‌ കൃഷ്‌ണദാസിന്‌ കാസര്‍ഗോട്ട്‌ മുന്‍തൂക്കം ലഭിച്ചത്‌. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവയോടൊപ്പം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മണ്ഡലം കൂടിയാണ്‌ കാസര്‍കോട്‌.കോണ്‍ഗ്രസില്‍ അഡ്വ. സുബ്ബയ്യ റായ്‌, പെരിയ ബാലകൃഷ്‌ണന്‍, ടി സിദ്ദിഖ്‌, തുടങ്ങിയ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്‌. പി.സി. വിഷ്‌ണുനാഥ്‌ രംഗത്തുവരാനിടയില്ലെങ്കില്‍ മുന്‍പ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ച ഐ രാമറൈയുടെ മകനും അഭിഭാഷകനുമായ അഡ്വ. സുബ്ബയ്യ റൈയുടെ പേരിനാണ്‌ പ്രധാന പരിഗണന. കന്നഡ മേഖലയില്‍ നിന്നുള്ള മികച്ച പിന്തുണ ലഭിക്കുമെന്നതിനാലാണ്‌ സുബ്ബയ്യ റൈയുടെ പേര്‌ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്‌. കഴിഞ്ഞ നാല്‌ പതിറ്റാണ്ടുകളായി കൈവിടാത്ത തങ്ങളുടെ ഉരുക്കുകോട്ട കാക്കാന്‍ ഇടതു പക്ഷം നിശ്‌ചയിച്ച സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ്‌ ചെയര്‍മാനുമായ കെ പി സതീഷ്‌ ചന്ദ്രന്‍ മണ്ഡലത്തില്‍ സര്‍വ സ്വീകാര്യനാണെന്നത്‌ എതിര്‍ മുന്നണികളെ കുഴക്കുന്നു. കാസര്‍കോട്‌ പാര്‍ലമെന്റിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന സതീഷ്‌ ചന്ദ്രന്‍ ജനങ്ങള്‍ക്കെല്ലാം സുപരിചിതനുമാണ്‌. നേരത്തെ തൃക്കരിപ്പൂര്‍ എം എല്‍ എയായി രണ്ടു തവണ വിജയിച്ചിരുന്നു. എന്നാല്‍ സ്‌ഥാന്‍ാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയിലുണ്ടായ കല്ലുകടി ഇടതു ക്യാമ്പില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്‌. കെ.പി.സതീഷ്‌ ചന്ദ്രനെ പരിഗണിക്കണമെന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞിരുന്നു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണനു വേണ്ടി ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തു വന്നതാണ്‌ നേതൃത്വത്തെ ഞെട്ടിച്ചത്‌. ഒടുവില്‍ അന്തിമതീരുമാനത്തിനായി 2 പേരുകളും സംസ്‌ഥാന സെക്രട്ടറിയേറ്റിലേക്കു റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തവണ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ പി.കരുണാകരന്‍- ടി.സിദ്ദിഖ്‌ പോരാത്തില്‍ സി.പി.എം. വന്‍ വോട്ട്‌ ചോര്‍ച്ച നേരിട്ടിരുന്നു. ഇതിന്റെ ഭാഗമായി സി.പി.എം ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വോട്ട്‌ ഉറപ്പിക്കാന്‍ ബ്രാഞ്ച്‌ കമ്മിറ്റി മുതല്‍ താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണു പാര്‍ട്ടി നടത്തുന്നത്‌. കര്‍ഷകസംഘം ഉള്‍പ്പടെയുള്ള പോഷക സംഘടനകളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി കര്‍ഷകസംഘത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്‌.പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിച്ചു സാമൂഹികരാഷ്ര്‌ടീയ സാഹചര്യങ്ങള്‍ വിവരിച്ചു വോട്ടുറപ്പിക്കുകയാണ്‌ ലക്ഷ്യം. മുമ്പ്‌ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെ അടിസ്‌ഥാനത്തില്‍ രൂപീകരിച്ച സൈബര്‍ വിഭാഗം മുഖേന പാര്‍ട്ടിയോട്‌ അടുത്തു നില്‍ക്കുന്നവരുടെ കണക്ക്‌ രഹസ്യമായി എടുത്തിരുന്നു. ഇത്‌ ഒന്നുകൂടി ഉറപ്പിക്കുകയാണ്‌ കര്‍ഷകസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍വഴി ലക്ഷ്യമാക്കുന്നത്‌.ഇത്തരത്തില്‍ കണക്കെടുപ്പ്‌ നടത്തിയശേഷം തെരഞ്ഞെടുപ്പില്‍ അതാതു മേഖലകളില്‍ വോട്ടില്‍ കുറവു വന്നാല്‍ അതിന്റെ ഉത്തരവാദിത്തം അതത്‌ ലോക്കല്‍ കമ്മിറ്റികള്‍ക്കായിരിക്കും. അനുഭാവികളുടെ വോട്ട്‌ എന്തുകൊണ്ട്‌ വീണില്ല എന്നതിനു കൃത്യമായ മറുപടി ലോക്കല്‍ കമ്മിറ്റികള്‍ പറയേണ്ടിവരും.
ശബരിമല വിവാദവും ഓര്‍ക്കാപ്പുറത്തുണ്ടായ പെരിയ കല്ല്യോട്ടെ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി പി എമ്മിനെതിരെ ഭരണവിരുദ്ധ നിലപാടുകളുണ്ടെന്ന്‌ പാര്‍ട്ടിക്കുള്ളില്‍തന്നെ അഭിപ്രായമുണ്ട്‌. അതുകൊണ്ടുതന്നെ അണികളുടെ വോട്ട്‌ ഉറപ്പാക്കാനും നിഷ്‌പക്ഷ വോട്ടുകള്‍ ചേരിയിലെത്തിക്കാനുമുഉള്ള നീക്കമാണ്‌ പാര്‍ട്ടി ബ്രാഞ്ച്‌ തലത്തില്‍ നടത്തുന്നത്‌.

Ads by Google
Advertisement
Thursday 14 Mar 2019 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW