Thursday, June 27, 2019 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 12.12 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: തുടര്‍ സംഘര്‍ഷങ്ങള്‍ക്ക്‌ അയവില്ല

കാസര്‍ഗോഡ്‌: പെരിയ കല്യോട്ട്‌ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. കോണ്‍ഗ്രസ്‌ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഒരാഴ്‌ചയായി ആക്രമണങ്ങള്‍ തുടരുകയാണ്‌. കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ സിപിഎം അനുകൂലികളുടെ കടകളും പാര്‍ട്ടി ഓഫീസും ആക്രമിച്ചതിന്‌ പിന്നാലെ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റിന്റെ വീടിന്‌ നേരെ ആക്രമണമുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജന്‍ പെരിയയുടെ വീടിന്‌ നേരെ ആക്രമണമുണ്ടായത്‌. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ്‌ വീടിന്‌ തീയിട്ടതെന്നു കരുതുന്നതായി പോലീസ്‌ പറഞ്ഞു. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. പെരിയ, കല്യോട്‌ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുന്നത്‌ നാട്ടുകാരില്‍ ഭീതി പരത്തിയിട്ടുണ്ട്‌.
ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കച്ചവട സ്‌ഥാപനങ്ങളും വീടുകളും ശനിയാഴ്‌ച രാവിലെ പി കരുണാകരന്‍ എംപിയടക്കമുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. നേതാക്കളെത്തിയ വിവരമറിഞ്ഞ്‌ സ്‌ത്രീകളും കുട്ടികളുമടക്കം സംഘടിച്ചെത്തി വ്യാപക പ്രതിഷേധം രേഖപ്പെടുത്തുകയും നേതാക്കളെ തെറിവിളിക്കുകയും ചെയ്‌തിരുന്നു. സംഘര്‍ഷത്തിലേക്ക്‌ നീങ്ങുകയായിരുന്ന സാഹചര്യത്തില്‍ പോലീസ്‌ ഏറെ പണിപ്പെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കാസര്‍ഗോട്ടെത്തിയിരുന്നുവെങ്കിലും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്‌ സന്ദര്‍ശിച്ചിരുന്നില്ല. ആദ്യം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട്‌ പ്രതിഷേധം ഭയന്ന്‌ പിന്മാറുകയായിരുന്നു. അതിനിടെ സംഭവം നടന്ന്‌ രണ്ടുദിവസത്തിനുശേഷം സര്‍ക്കാര്‍ പ്രതിനിധിയായി കൊല്ലപ്പെട്ടവരുടെ വീട്‌ സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ പെരിയ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഉടന്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിക്കുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും പിന്നീട്‌ യാതൊരു വിവരവുമില്ല. ഇതും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 25 Feb 2019 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW