Friday, July 19, 2019 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 01.37 AM

ആദിവാസി യുവതിയുടെ ഷോക്കേറ്റുമരണം കൊലപാതകം; പ്രതി പിടിയില്‍

uploads/news/2019/01/280336/c2.jpg

കോഴിക്കോട്‌: കക്കാടംപൊയില്‍ താഴേക്കാട്‌ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) ഷോക്കേറ്റ്‌ മരിച്ചത്‌, ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു. പ്രതി കൂമ്പാറ ബസാര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ ഷെരീഫ്‌(48) അറസ്‌റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ രാധികയെ കക്കാടംപൊയില്‍ അകമ്പുഴയിലുള്ള കൃഷിസ്‌ഥലത്തെ ഷെഡ്‌ഡിനു മുന്നില്‍ ഷോക്കേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
കോഴിക്കോട്‌ റൂറല്‍ ജില്ലാ പോലീസ്‌ മേധാവിയുടെ മേല്‍നോട്ടത്തില്‍ പോലീസ്‌ നടത്തിയ പഴുതടച്ച അനേ്വഷണത്തിലാണു പ്രതി ഷെരീഫ്‌ കുടുങ്ങുന്നത്‌. എട്ടു വര്‍ഷമായി രാധികയും പ്രതി ഷരീഫും ഒരുമിച്ചാണ്‌ അകമ്പുഴയിലുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പില്‍ വാഴക്കൃഷി ചെയ്‌തിരുന്നത്‌. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു ഷെരീഫ്‌ ചോദ്യം ചെയ്യലിനിടെ പോലീസിനോടു സമ്മതിച്ചു.
ഏതാനും ദിവസങ്ങളായി ഷെരീഫും രാധികയും തമ്മില്‍ വഴക്ക്‌ പതിവായിരുന്നു. സംഭവ ദിവസം ഇരുവരും മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ പരസ്‌പരം ഏറ്റുമുട്ടുന്നതിനിടെ ഷെരീഫിന്റെ കഴുത്തില്‍ രാധിക പിടിമുറുക്കി. തുടര്‍ന്ന്‌ ഷെരീഫ്‌, രാധികയെ മര്‍ദ്ദിക്കുകയും പുറത്തേക്ക്‌ ഓടി. അല്‍പസമയത്തിനുശേഷം ഷെഡ്‌ഡില്‍ തിരിച്ചെത്തിയ ഷെരീഫ്‌, മദ്യലഹരിയില്‍ നിലത്തുകിടക്കുന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡ്‌ഡിനുള്ളിലെ മുറിയില്‍ കിടത്തി കയ്യില്‍ ഷോക്കേല്‍പ്പിച്ചു.
രാധികയുടെ മരണവെപ്രാളം കണ്ട്‌ ഷെഡിനു പുറത്തേക്കോടിയ ഷെരീഫ്‌ പുറത്ത്‌ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍, നാളുകളായി താന്‍ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം പുറത്തറിയുമെന്നു മനസിലാക്കിയ പ്രതി, മറ്റൊരു ഭാഗത്തുകൂടിയെത്തി ഷെഡ്‌ഡിനുള്ളിലെ മുഴുവന്‍ ഇലക്ര്‌ടിക്‌ വയറുകളും മുറിക്കുകയും മീറ്റര്‍ ബോര്‍ഡടക്കം അടിച്ചുതകര്‍ക്കുകയും ചെയ്‌തു.
തുടര്‍ന്നു രാധികയുടെ മൃതദേഹം ഷെഡിനു പുറത്തേക്കു വലിച്ചുകൊണ്ടു വന്നു ബഹളമുണ്ടാക്കി നാട്ടുകാരുടെ ശ്രദ്ധ ആകര്‍ഷിച്ചു.
ബഹളം കേട്ട്‌ ഓടിക്കൂടിയ അയല്‍വാസികളും തൊട്ടടുത്ത്‌ ക്യാമ്പ്‌ നടത്തുകയായിരുന്ന കര്‍മ്മ ഓമശ്ശേരിയുടെ പ്രവര്‍ത്തകരും രാധികയെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഷെരീഫ്‌ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചത്‌ പലരിലും സംശയമുണര്‍ത്തി.
കണ്ണൂരില്‍നിന്നു വന്ന സൈന്റിഫിക്‌ ഓഫീസര്‍ ശേഖരിച്ച തെളിവുകളും പോലീസിന്റെ പഴുതടച്ച ചോദ്യം ചെയ്യലും ഷെരീഫിന്റെ പ്രതിരോധം തകര്‍ത്തു.
താന്‍ ഷെഡ്‌ഡിലെത്തിയപ്പോള്‍ രാധിക മരിച്ചു കിടക്കുന്നതാണു കണ്ടതെന്ന നിലപാടാണു പ്രതി ആദ്യം സ്വീകരിച്ചത്‌. എന്നാല്‍, ചോദ്യം ചെയ്യല്‍ മുറുകിയതോടെ മൊഴികളില്‍ വൈരുദ്ധ്യം രൂപപ്പെട്ടു. കോഴിക്കോട്‌ റൂറല്‍ എസ്‌.പി: ജി. ജയദേവിന്റെ നിര്‍ദ്ദേശപ്രകാരം താമരശേരി ഡിവൈ.എസ്‌.പി: പി.ബിജുരാജിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്‌.ഐ: സനല്‍ രാജ്‌, ഡിവൈ.എസ്‌.പിയുടെ ക്രൈംസ്‌ക്വാഡ്‌ അംഗങ്ങളായ രാജീവ്‌ ബാബു, സീനിയര്‍ സി.പി.ഒ. ഷിബില്‍ ജോസഫ്‌, സി.പി.ഒ. ഷെഫീഖ്‌ നീലിയാനിക്കല്‍, തിരുവമ്പാടി പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.ഐ: സദാനന്ദന്‍, എ.എസ്‌.ഐ. സൂരജ്‌, മനോജ്‌, സി.പി.ഒമാരായ പ്രജീഷ്‌, രാംജിത്ത്‌, സപ്‌നേഷ്‌, ജിനേഷ്‌ കുര്യന്‍, ഷിജു, ബോബി, വനിതാ സി.പി.ഒ. സ്വപ്‌ന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Monday 14 Jan 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW