Saturday, July 20, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.27 AM

ഭൂവിനിയോഗ രൂപരേഖ തയാറാക്കാന്‍ റിപ്പോര്‍ട്ട് നല്‍കും: നിയമസഭാ പരിസ്ഥിതി സമിതി

uploads/news/2018/10/256190/Cltnsw121018a.jpg

കല്‍പ്പറ്റ: പ്രളയാനന്തരം വയനാട്ടിലെ മണ്ണിലുണ്ടായിട്ടുള്ള വ്യതിയാനമാണ് അടിയന്തരമായി അഭിമുഖീകരിക്കേണ്ടതെന്ന് നിയമസഭാ പരിസ്ഥിതി സമിതി അദ്ധ്യക്ഷന്‍ മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. വയനാട്ടിലെ മണ്ണാണ് ഏറ്റവും വേഗത്തില്‍ മരിച്ചുകൊണ്ടിരിക്കുന്നത്.

കൃഷി രീതിയില്‍ വന്ന മാറ്റവും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്ക് ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്നും എ.പി.ജെ. ഹാളിലെ തെളിവെടുപ്പിനിടയില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രകൃതി സൗഹൃദ നിര്‍മ്മാണ സാമഗ്രികള്‍ കഴിയുന്നത്ര ഉപയോഗിച്ച് വാസയോഗ്യമായ പ്രദേശത്ത് വീട് പണിയാനുള്ള മനോഭാവം പൊതുജനങ്ങള്‍ക്കുണ്ടാകണം. കമ്പിയും സിമന്റും ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന് പരിധി നിശ്ചയിക്കണം.

ഉള്‍മുറികള്‍ തിരിക്കുന്നതിന് കല്ലിനും സിമന്റനും പകരം ആധുനിക സംവിധാനം ഉപയോഗിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാങ്കതിക വിദഗ്ദ്ധരും സൗഹൃദപരമായ ഏകോപനത്തോടെ പ്രവര്‍ത്തനം സമന്വയിപ്പിക്കണം.

ഏകോപനമില്ലെങ്കില്‍ പ്രവര്‍ത്തനത്തിന് കാലതാമസം നേരിടും. നല്ല ഏകോപനത്തോടെ ഇത് പരിഹരിക്കണം. പ്രകൃതിയുടെ അറിയാത്ത പ്രതിഭാസങ്ങളെക്കുറിച്ച് കഴിയുന്നത്ര അറിവ് സമാഹരിച്ച് ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണത്തിനും നിയമസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് പരിസ്ഥിതി സമിതിയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ജനുവരിയിലെ നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പ്രകൃതി സംരക്ഷണത്തിനും ഭവന നിര്‍മ്മാണത്തിനും സംസ്ഥാനത്തൊട്ടാകെ ഒരേ രീതിയല്ല സ്വീകരിക്കേണ്ടത്. മണ്ണിന്റെ ഘടനയും ഭൂമിയുടെ ചരിവും സ്ഥലത്തിന്റെ പ്രത്യേകതയും പരിഗണിച്ചായിരിക്കണം കെട്ടിടങ്ങള്‍ പണിയേണ്ടത്.

പുഴകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണം ശക്തിപ്പെടുത്തണം. കൃഷി ഭൂമിപോലും ഏതിനം കൃഷിയ്ക്കാണ് അനുയോജ്യമെന്ന് ശാസ്ത്രീയമായി തിട്ടപ്പെടുത്തണം. ജലം സംരക്ഷിച്ചിരുന്ന ഭൂമിയാണ് നെല്‍ വയലുകള്‍. നെല്‍വയലുകള്‍ കുറഞ്ഞതോടെ ജലവിതാനവും താഴ്ന്നു.

ഏക വൃക്ഷ ഇന തോട്ടങ്ങളുടെ വ്യാവസായിക വനവത്ക്കരണം അവസാനിപ്പിച്ച് സ്വാഭാവിക വനസമ്പത്ത് വര്‍ദ്ധിപ്പിക്കണം. ഇതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം. പ്രളയബാധിതരുടെ അനുഭവങ്ങള്‍ കേട്ടും, സ്ഥലം സന്ദര്‍ശിച്ചും എല്ലാവര്‍ക്കും സ്വീകാര്യമായ പ്രകൃതി സൗഹൃദ വികസന സങ്കല്‍പ്പത്തിനനുയോജ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ശ്രമിക്കുമെന്നും അദ്ധ്യക്ഷന്‍ പറഞ്ഞു.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണമെന്ന് സഭാസമിതി അംഗം ഒ.ആര്‍. കേളു പരിസ്ഥിതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ചെയ്ത നന്മ കാണാതെയും അനുഭവിച്ച ഗുണഫലങ്ങള്‍ ഓര്‍മ്മിക്കാതെയും അന്ധമായി അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രകൃതി സൗഹൃദ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് ജനാധിപത്യമായ രീതിയില്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിയുന്നത്ര സാമഗ്രികള്‍ ജില്ലയില്‍ നിന്ന് പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കാതെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.

ഇതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ പി.ടി.എ റഹിം, എം. വിന്‍സന്റ്, കെ. ബാബു, പി.വി. അന്‍വര്‍, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസിനോട് നിയമ സഭാസമിതി ആവശ്യപ്പെട്ടു. ഏക ഇന വൃക്ഷം വച്ചുപിടിപ്പിച്ചിട്ടുള്ള വ്യാവസായിക വനവത്കരണത്തെക്കുറിച്ചും സ്വാഭാവിക വനമായുള്ള അനുപാതത്തെക്കുറിച്ചും പ്രളയത്തില്‍ ഇവിടങ്ങളിലുണ്ടായ വ്യതിയാനത്തെക്കുറിച്ചും സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിലാക്കാവ് മണിയന്‍കുന്ന്, പഞ്ചാരക്കൊല്ലി, തൃശ്ശിലേരി പ്ലാമൂല എന്നിവിടങ്ങള്‍ സന്ദേര്‍ശിച്ച സമിതി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, സമിതി അംഗം കെ.വി.വിജയദാസ് എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Friday 12 Oct 2018 11.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW