തൃശൂര്‍/ഒല്ലൂര്‍: പഴയകാല ചലച്ചിത്ര പ്രവര്‍ത്തകനും സംവിധായകനുമായ ഒ. രാമദാസ് (80) അന്തരിച്ചു. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഒല്ലൂര്‍ മരത്താക്കര ഒറോംപുറത്ത് നാരായണി അമ്മയുടെയും കണ്ടന്‍കാവില്‍ കുട്ടപ്പന് നായരുടെയും മകനാണ്.
മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായും എണ്‍പതോളം ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച രാംദാസ് എഴുപത് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. "വഴിപിഴച്ച സന്തതി", "കൃഷ്ണപ്പരുന്ത്", "വരും വരുന്നു വന്നു" എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. സത്യന്, ഷീല, മധു എന്നിവര്‍ അഭിനയിച്ച "വയനാടന്‍ പെണ്ണ്" എന്ന ചിത്രം സത്യന്റെ മരണത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
1964 ല്‍ സംവിധായകന് പി.എ. തോമസിന്റെ സഹായിയായാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. പി.എ. തോമസ് നിര്‍മിച്ച എല്ലാ ചിത്രങ്ങളിലും അഭിനയിക്കുകയും സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1968 ല്‍ അദ്ദേഹം സ്ഥാപിച്ച രാമദാസ് പിക്ച്ചേഴ്സ് എന്ന നിര്‍മാണ കമ്പനി "വഴിപിഴച്ച സന്തതികള്‍" എന്ന ചിത്രം നിര്‍മിച്ചു. രാമദാസ് തന്നെയായിരുന്നു സംവിധാനം.
നാലു സിനിമകളില്‍ ഒരുമിച്ചഭിനയിച്ച കമലാദേവിയാണു ഭാര്യ. മക്കള്‍: വിജി, ശ്രീശാന്തി, വിജയലക്ഷ്മി. മരുമക്കള്‍: സുഭാഷ്, മോഹന്‍.