കല്‍പ്പറ്റ: കനത്ത മഴയെ തുടന്നു ജില്ലയില്‍ വെള്ളപ്പൊക്ക കെടുതി രുക്ഷമായി. ഇന്നലെ പെയ്ത മഴയുടെ വെള്ളം കൂടി എത്തുമ്പോള്‍ പുഴകളിലെ ജലനിരപ്പ് രാത്രി വൈകി ഇനിയും വര്‍ധിക്കുമെന്ന ആശങ്കക്കിടെ വയനാട് ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടര്‍ കര്‍ണാടക തുറന്നുവെന്നതാണ് ആശ്വാസം നല്‍കുന്നത്. അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നാല്‍ വയനാട്ടിലെ പുഴകളിലെ ജലനിരപ്പ് കുറയും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇന്നും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു വീണ് നാശനഷ്ടങ്ങളുണ്ടായി. റോഡുകള്‍ തകര്‍ന്നു, കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 11 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. എണ്‍പത്തെട്ടോളം കുടുംബങ്ങളില്‍ നിന്നായി 469 പേരെ ഇവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. കാവുമന്ദം, കോട്ടത്തറ, വെങ്ങപള്ളി, കല്‍പ്പറ്റ, കണിയാമ്പറ്റ എന്നിവിടങ്ങളിലായി എട്ട് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുല്‍പ്പള്ളിയില്‍ ഒന്നും പനമരം, തിരുനെല്ലി എന്നിവിടങ്ങളില്‍ രണ്ട് ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഇരുപത്തി നാലുമണിക്കൂറിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴ 113.33 മില്ലിമീറ്ററാണ്. വൈത്തിരിമേഖലയില് മാത്രം ഇതുവരെ 176.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 83.2, മാനന്തവാടി 80 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്. ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ വിവിധ ഭാഗങ്ങളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളമുണ്ട, വാളാട് എന്നിവിടങ്ങളില്‍ ഓരോ വീടുകള്‍ പൂര്‍ണ്ണമായും തൃശ്ശിലേരിയില്‍ 8 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മാനന്തവാടി അമ്പുകുത്തിയിലും തൃശ്ശിലേരിയിലും ഓരോ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. പനമരം മാത്തുര്‍ വയലില്‍ നിന്നും 20 കുടുംബങ്ങളെ പനമരം ഹൈസ്ക്കൂളിലേക്കും തിരുനെല്ലിയിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നും 13 പേരെ പനവല്ലി കമ്മ്യണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാനന്തവാടി കൂവളമൊട്ടം കുന്നില്‍ നിന്നും നിരവധി കുടുംബങ്ങളെ മാനന്തവാടി ഹൈസ്ക്കൂളിലേക്കും മാറ്റി പാര്‍പ്പിച്ചു ആറാട്ടുതറയിലും പയ്യമ്പള്ളിയിലും കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തലപ്പുഴയില്‍ വീടിന് ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ട തങ്കപ്പന്, ഷൈല എന്നിവരുടെ കുടുംബങ്ങളെ ഫയര്‍ഫോഴ്സ് എത്തിയാണ് മാറ്റിയത്. മാനന്തവാടി അമ്പുകുത്തിയില്‍ 65 വര്‍ഷം പഴക്കമുള്ള പൊതുകിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞ് താഴ്ന്നു. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ്, വള്ളിയൂര്‍ക്കാവ് കമ്മന റോഡ്, മാനന്തവാടി തവിഞ്ഞാല്‍ റോഡ്, കരിന്തിരിക്കടവ് റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി ഏതുസമയവുംഗതാഗതം നിലക്കാമെന്ന അവസ്ഥയാണുള്ളത്. ചെറു വാഹനങ്ങള്‍ സാഹസികമായാണ് ഇതിലൂടെ കടന്ന് പോകുന്നത്. പാണ്ടിക്കടവ് അഗ്രഹാരത്തും ഒരപ്പിലും ബോട്ട് സര്‍വ്വീസുകള്‍ ആരംഭിച്ചു.
പനമരം: കമ്പനിയുടെ കൈവഴിയായ പനമരം ചെറുപുഴയും വലിയ പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ ഹെക്ടര്‍ കണക്കിന് വയലുകള്‍ വെള്ളത്തിനടിയിലായി. പനമരം പഞ്ചായത്തിലെ ചങ്ങാടക്കടവ്, കീഞ്ഞകടവ്, മാത്തൂര്‍ വയല്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. മാത്തൂര്‍ വയലിലെ പണിയ കോളനി വെള്ളപ്പൊക്ക ഭീഷണിയിലാണ്. കീഞ്ഞകടവ് പ്രദേശത്തെ നിരവധി വീട്ടുകാര്‍ ഭീതിയിലാണ്. പുഴയരുകിലെ വീടുകള്‍ക്ക് തൊട്ടടുത്തുവരെ ജലനിരപ്പ് ഉയര്‍ന്നു.
മാത്തൂര്‍ ഭാഗത്ത് പണിയ കോളനിയില്‍ 20തോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പനമരം ചെറുകാട്ടുര്‍ തുരുത്തേല്‍ മത്തായിയുടെ കിണര്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് കിണര്‍ താഴാന്‍ തുടങ്ങിയത്. 42 റിംഗുകളുള്ള കിണറാണിത്.