Sunday, June 16, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.34 AM

കണ്ണീരോടെ വിട

uploads/news/2018/06/225427/1.jpg

മരട്‌/ കിഴക്കമ്പലം: തിങ്കളാഴ്‌ച്ച പ്ലേ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവര്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മരട്‌ വിക്രം സാരാഭായ്‌ റോഡിലുള്ള കിഡ്‌സ് വേള്‍ഡ്‌ എന്ന പ്ലേ സ്‌കൂളിലെ ആയ ലതയും, യു.കെ.ജി. വിദ്യാര്‍ഥികളായ വിദ്യാലഷ്‌മി, ആദിത്യന്‍ എന്നിവരുമാണു വാന്‍ കുളത്തില്‍ മറിഞ്ഞുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്‌ടമായത്‌. റോഡരികില്‍ വളവിലുള്ള പൊട്ടക്കുളത്തിലേക്ക്‌ അമിത വേഗത്തില്‍ എത്തിയ വാന്‍ മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ച പട്ടിമറ്റം ഐശ്വര്യയില്‍ സനല്‍-സ്‌മിഷ ദമ്പതികളുടെ മകളായ നാലു വയസുകാരി വിദ്യാലക്ഷ്‌മിയുടെ മൃതദേഹം, ഇവര്‍ വാടകയ്‌ക്ക് താമസിക്കുന്ന മരട്‌ ആയത്രപ്പറമ്പ്‌ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം മാതൃ വീടായ പട്ടിമറ്റം വലമ്പൂര്‍ മനക്കല്‍മാരിയില്‍ വീട്ടില്‍ സംസ്‌കാരം ഒരുക്കിയത്‌. ഇന്നലെ ഉച്ചക്ക്‌ പന്ത്രണ്ടേകാലോടെയാണ്‌ വിദ്യാലക്ഷ്‌മിയുടെ മൃതദേഹം വലമ്പൂരില്‍ എത്തിച്ചത്‌. വീട്ടിലേക്കുളള വഴിയായ പാട വരമ്പ്‌ കനത്ത മഴയെതുടര്‍ന്ന്‌ വെളളം നിറഞ്ഞുകിടന്നതിനാല്‍ മൃതദേഹം വെളളത്തിലൂടെ ചുമന്നാണ്‌് വീട്ടിലേക്ക്‌ കൊണ്ട്‌ വന്നത്‌. സനല്‍-സ്‌മിഷ ദമ്പതികള്‍ക്ക്‌ ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷംപിറന്ന മകളുടെ വേര്‍പാട്‌ അടുത്ത ബന്ധുക്കളെയും കണ്ണീരിലാഴ്‌ത്തി. സംസ്‌ക്കാരവേളയില്‍ മാതാപിതാക്കളുടെ കരച്ചില്‍കണ്ട്‌ സംസ്‌ക്കാരചടങ്ങിനെത്തിയ സ്‌ത്രീകളടക്കമുള്ളവര്‍ വാവിട്ട്‌ കരഞ്ഞത്‌ ഹൃദയഭദകമായി. ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അടക്കം വന്‍ജനാവലി ഇവിടെ എത്തിയിരുന്നു. പൊതു ദര്‍ശനത്തിന്‌ വച്ചശേഷം ഉച്ച്‌ രണ്ട്‌ മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജിജോ.വി.തോമസ്‌, അമ്മുക്കുട്ടി സുദര്‍ശനന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ്‌ ഇടപ്പരത്തി തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ആയ കൊച്ചിറപ്പാടത്ത്‌ ലതാ ഉണ്ണിയുടെ (42) മൃതദേഹം ഇന്നലെ 11 ന്‌ നെട്ടൂര്‍ ശാന്തിവനം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഇവര്‍ക്ക്‌ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായ രണ്ടു പെണ്‍കുട്ടികളാണുള്ളത്‌. ഭര്‍ത്താവ്‌ ഉണ്ണി കൂലിപ്പണിക്കാരനാണ്‌. മരട്‌ അയിനി ക്ഷേത്രത്തിനു സമീപം വാടകയ്‌ക്ക് താമസിക്കുന്ന ശ്രീജിത്‌-പ്രിയ ദമ്പതികളുടെ ഏകമകന്‍ ആദിത്യന്റെ മൃതദേഹം മരടിലെ വാടക വീട്ടില്‍ തിങ്കളാഴ്‌ച്ച പൊതുദര്‍ശനത്തിനുവെച്ച ശേഷം അന്നുതന്നെ സ്വദേശമായ ചെങ്ങന്നൂര്‍ മുളക്കുഴയിലെ ശ്രീനിലയത്തിലെത്തിച്ചു. നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2 ന്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
സനല്‍-സ്‌മിഷ ദമ്പതികളുടെ ഏക മകളായ വിദ്യാലക്ഷ്‌മിയുടെ വേര്‍പാടിന്റെ ദുഃഖം മാതാപിതാക്കള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മൃതദേഹം പട്ടിമറ്റത്തേക്ക്‌ കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റാനായി വീടിനകത്തുനിന്നു പുറത്തേക്കെടുത്തപ്പോള്‍ അമ്മയുടെ വാവിട്ടുള്ള നിലവിളി കണ്ടുനിന്നവരെ ദു:ഖത്തിലാഴ്‌ത്തി. തങ്ങളെ വിട്ടുപിരിഞ്ഞവരെ ഒരു നോക്കുകാണാന്‍ മഴയെ അവഗണിച്ചും നൂറുകണക്കിനാളുകളാണു ഒഴുകിയെത്തിയത്‌. ബന്ധുക്കളും, നാട്ടുകാരും, കൂടാതെ ജനപ്രതിനിധികള്‍, രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ രാവിലെ മുതല്‍ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. മരടില്‍ ലത ഉണ്ണിയുടെ വീട്ടില്‍ അനുശോചനമര്‍പ്പിക്കാന്‍ പ്രഫ. കെ.വി. തോമസ്‌ എം.പി, ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു. പ്രഫ. കെ.വി. തോമസ്‌ എം.പിയുടെ വിദ്യാധനം ട്രസ്‌റ്റില്‍ നിന്നും ലതയുടെ ഐശ്വര്യ, ലക്ഷ്‌മി എന്നീ രണ്ടു പെണ്‍കുട്ടികള്‍ക്ക്‌, വിദ്യാഭ്യാസ ചിലവിനായി ഓരോരുത്തര്‍ക്കും രണ്ടുലക്ഷം രൂപ വീതം നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. മരട്‌ സര്‍വീസ്‌ സഹകരണ ബാങ്കില്‍ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുന്ന തുകയുടെ വാര്‍ഷിക പലിശകൊണ്ട്‌ വിദ്യാഭ്യാസ ചെലവുകള്‍ നടത്തുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW