Thursday, April 19, 2018 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 12.09 AM

പ്രതിപക്ഷ കക്ഷികള്‍ ഛിന്നഭിന്നമായ ഭാരതം സ്വപ്‌നം കാണുന്നു; കുമ്മനം

uploads/news/2018/04/208461/1.jpg

തിരുവനന്തപുരം: ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ ഛിന്നഭിന്നമായ ഭാരതം സ്വപ്‌നം കാണുകയാണെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ച്‌ വികസനം അട്ടിമറിക്കുന്ന കോണ്‍ഗ്രസ്‌ സി.പി.എം ജനാധിപത്യവിരുദ്ധ ദേശദ്രോഹ കൂട്ടുകെട്ടിനെതിരെ ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി എംപിമാരായ വി. മുരളീധരനും സുരേഷ്‌ഗോപിയും സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ അഖണ്ഡത തകര്‍ത്ത്‌, അരക്ഷിതാവസ്‌ഥ സൃഷ്‌ടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കി രാഷ്ര്‌ടം ശിഥിലീകരിച്ച്‌ കാണാനാഗ്രഹിക്കുന്ന ചിദ്രശക്‌തികളാണ്‌ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കുന്നതെന്ന്‌ കുമ്മനം പറഞ്ഞു.
പ്രതിപക്ഷം ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണ്‌. ജനാധിപത്യവാദവും ജനാധിപത്യ വിരുദ്ധ വികാരവും തമ്മിലുള്ള ബലപരീക്ഷണമാണ്‌ നടക്കുന്നത്‌. അടിയന്തരാവസ്‌ഥയ്‌ക്ക് സമാനമായ അന്തരീക്ഷം ഉണ്ടാക്കിതീര്‍ക്കുകയാണ്‌ പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി പ്രതിപക്ഷകക്ഷികളെല്ലാം ഒരുമിക്കുകയാണ്‌. എല്ലാവര്‍ക്കും മോദിയെ താഴെയിറക്കുകയാണ്‌ ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു. ജനങ്ങളുടെ ഏതെങ്കിലും ജീവല്‍ പ്രശ്‌നങ്ങളായി ബന്ധപ്പെട്ടാണോ പ്രതിപക്ഷം ഇപ്പോള്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണ്‌ ഈ നടപടിയെന്ന്‌ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെട്ട പ്രതിപക്ഷത്തിന്‌ ജനങ്ങളോടു പറയാന്‍ ബാധ്യതയുണ്ട്‌. പാര്‍ലമെന്റ്‌ സ്‌ഥിരമായി സ്‌തംഭിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. എന്തു ധാര്‍മികതയാണ്‌ പ്രതിപക്ഷത്തിനുള്ളതെന്ന്‌ കുമ്മനം ചോദിച്ചു. ക്രമസമാധാനം ഏറ്റവും കൂടുതല്‍ തകര്‍ന്ന സംസ്‌ഥാനമായി കേരളം മാറി. ജനങ്ങള്‍ക്ക്‌ ജീവക്കാന്‍ പറ്റാത്ത അവസ്‌ഥയായി. 23 മാസംകൊണ്ട്‌ 1,75,000 ക്രിമിനല്‍ കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തതെന്ന്‌ കുമ്മനം പറഞ്ഞു.

വികസനത്തിനുപകരം വിവാദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ വി. മുരളീധരന്‍ പറഞ്ഞു. അതിന്റെ ഭാഗമാണ്‌ നിരന്തരമായ പാര്‍ലമെന്റ്‌ സ്‌തംഭനം. ബജറ്റ്‌ പാസാക്കാന്‍ അനുവദിക്കാതെ സമ്മേളനം അവസാനിപ്പിച്ച്‌ വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്‌ പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പാര്‍ലമെന്ററി പ്രവര്‍ത്തന ചരിത്രത്തിലില്ലാത്ത നടപടിയാണിതെന്ന്‌ മുരളീധരന്‍ പറഞ്ഞു. ശമ്പളം പറ്റിക്കൊണ്ടുള്ള പ്രതിഷേധ നാടകം അവസാനിപ്പിക്കേണ്ടിയിരിക്കുന്നതായി സുരേഷ്‌ഗോപി എംപി പറഞ്ഞു. ഇതിനു വേണ്ടിവന്നാല്‍ നിയമം കൊണ്ടുവരണമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

മുതിര്‍ന്ന നേതാവ്‌ കെ. രാമന്‍പിള്ള, ബിജെപി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എന്‍. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ എസ്‌. സുരേഷ്‌ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്‌ഥാന വൈസ്‌ പ്രസിഡന്റുമാരായ പി.പി. വാവ, രാധാമണി, പി.എസ്‌.പി സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ. പൊന്നപ്പന്‍, ബി.ജെ.പി സംസ്‌ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, കൃഷ്‌ണകുമാര്‍, സംസ്‌ഥാന വക്‌താക്കളായ അഡ്വ ജെ.ആര്‍. പത്മകുമാര്‍,എം.എസ്‌. കുമാര്‍, രഘുനാഥ്‌, , ഒബിസി മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ പുഞ്ചക്കരി സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി, ആര്‍.എസ്‌. മണിയന്‍, പട്ടികജാതിമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ പി. സുധീര്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 13 Apr 2018 12.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW