Monday, December 10, 2018 Last Updated 21 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.08 AM

ഒപ്പം നടക്കാന്‍ നൂറുകണക്കിന്‌ ഭക്‌തര്‍ മൂന്നാം ദിവസം തിരുവാഭരണം സന്നിധാനത്ത്‌

uploads/news/2018/01/183061/1.jpg

പന്തളം: പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ടാണ്‌ തിരുവാഭരണങ്ങള്‍ ശബരിമല സന്നിധാനത്ത്‌ എത്തുന്നത്‌. നാളെയാണ്‌ മകരവിളക്ക്‌. വൃശ്‌ചികം ഒന്നു മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരിക്കുകയായിരുന്നു തിരുവാഭരണങ്ങള്‍. ഇന്നലെ പുലര്‍ച്ചെയാണ്‌ പന്തളം കൊട്ടാരം നിര്‍വാഹക സമിതി ഭാരവാഹികളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചത്‌.
തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ ക്ഷേത്രത്തിനു മുന്‍പില്‍ ദേവസ്വംബോര്‍ഡ്‌, കൊട്ടാരം നിര്‍വാഹകസംഘം, ക്ഷേത്ര ഉപദേശകസമിതിയും പ്രധാന കവാടത്തിന്റെ മുന്‍പില്‍ പന്തളം നഗരസഭയും, മണികണ്‌ഠന്‍ ആല്‍ത്തറയില്‍ അയ്യപ്പസേവാ സംഘവും, എം സി റോഡിനു സമീപം അയ്യപ്പസേവാ സമാജവും, വലിയപാലത്തിനു സമീപം കുളനട ഗ്രാമപഞ്ചായത്തും സ്വീകരണം നല്‍കി.
ഘോഷയാത്ര ക്ഷേത്രം വലംവച്ച്‌ മേടക്കല്ല്‌ വഴി മണികണ്‌ഠന്‍ ആല്‍ത്തറയിലെക്ക്‌ നീങ്ങി. രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണ ഘോഷയാത്രക്ക്‌ മുന്നേ ഗമിച്ചു. തുടര്‍ന്ന്‌ പരമ്പരാഗത രാജവീഥിയിലൂടെ ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തി. രാജപ്രതിനിധി കൊട്ടാരനടയില്‍ ഉടവാളും പരിചയും വച്ചശേഷം വലിയ തമ്പുരാട്ടി മകം നാള്‍ തന്വംഗി തമ്പുരാട്ടിയില്‍ നിന്ന്‌ ഭസ്‌മക്കുറി സ്വീകരിച്ച്‌ അനുഗ്രഹം തേടി യാത്ര തുടര്‍ന്നു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ്‌ പി.ജി.ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍.നാരായണ വര്‍മ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ജില്ലാ കലക്‌ടര്‍ ആര്‍.ഗിരിജ, ജില്ലാ പോലീസ്‌ മേധാവി ഡോ. സതീഷ്‌ ബിനോ, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ.പത്മകുമാര്‍, അംഗങ്ങളായ കെ പി ശങ്കരദാസ്‌, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്‌, ദേവസ്വം സെക്രട്ടറി ജയശ്രീ, ഡെ. കമ്മിഷണര്‍ അശോക്‌ കുമാര്‍, അസി. കമ്മിഷണര്‍ രാജീവ്‌ കുമാര്‍, തിരുവാഭരണം സ്‌പെഷല്‍ ഓഫീസര്‍ എസ്‌. അജിത്‌ കുമാര്‍, വിജിലന്‍സ്‌ ഓഫീസര്‍ എന്‍. അജയകുമാര്‍, അസി. സ്‌പെഷല്‍ ഓഫീസര്‍മാരായ ജെ. ജയപ്രകാശ്‌, ജി. അരുണ്‍കുമാര്‍, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഡി. വിജയകുമാര്‍, സിനിമാ സംവിധായകന്‍ മേജര്‍ രവി, താരങ്ങളായ മനോജ്‌ കെ ജയന്‍, ബാല, ശോഭാമോഹന്‍, സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, മുന്‍ എംഎല്‍എമാരായ മാലേത്ത്‌ സരളാദേവി, കെ കെ ഷാജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഘോഷയാത്ര കൈപ്പുഴ ക്ഷേത്രം ചുറ്റി കുളനട വഴി ഉള്ളന്നൂര്‍, ആറന്മുള, ചെറുകോല്‍പ്പുഴ എന്നിവിടങ്ങളിലൂടെ അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രത്തിലെത്തി രാത്രി വിശ്രമിച്ചു.
ഇന്ന്‌ തോട്ടമണ്‍കാവ്‌ ഭഗവതി ക്ഷേത്രം, പേരൂര്‍ച്ചാല്‍, റാന്നി ആല്‍ത്തറ മുക്ക്‌, വടശേരിക്കര മണ്ഡപം, പ്രയാര്‍ ക്ഷേത്രം, മാടമണ്‍ ക്ഷേത്രം, പൂവത്തുംമൂട്‌, പെരുനാട്‌, ളാഹ തേവര്‍ ക്ഷേത്രം വഴി വനം വകുപ്പ്‌ സത്രത്തിലെത്തി വിശ്രമിക്കും.
മകരവിളക്ക്‌ ദിവസമായ നാളെ പ്ലാപ്പള്ളി, നാറാണംതോട്‌, നിലയ്‌ക്കല്‍ ക്ഷേത്രം, വലിയാനവട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്‌, ശബരിപീഠം എന്നിവിടങ്ങളിലൂടെ ഘോഷയാത്ര ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ ചേര്‍ന്ന്‌ സ്വീകരണം നല്‌കും.
പിന്നീട്‌ പതിനെട്ടാം പടിക്കു താഴെയെത്തിക്കുന്ന പേടകങ്ങളില്‍ പ്രധാന പെട്ടി സന്നിധാനത്തേക്കും മറ്റു രണ്ടു പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന്‌ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ പെട്ടി ഏറ്റുവാങ്ങി നടയടച്ച്‌ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴാണ്‌ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്‌.

Ads by Google
Advertisement
Saturday 13 Jan 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW