Thursday, August 17, 2017 Last Updated 2 Min 57 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.24 AM

കഞ്ചാവ്‌ വില്‍ക്കാന്‍ വിദ്യാര്‍ഥികള്‍

uploads/news/2017/08/136454/1.jpg

തൃശൂര്‍: യുവാക്കളെ ലക്ഷ്യമിട്ട്‌ അന്യസംസ്‌ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക്‌ കഞ്ചാവ്‌ ഒഴുകുന്നു. വിലകൂടിയ മൊബൈലും ബൈക്കും നല്‍കി യുവാക്കളെ കഞ്ചാവ്‌ വില്‍പ്പനക്കാരാക്കുന്ന ലോബി സജീവമാണെന്ന്‌ പോലീസും എക്‌സൈസും പറയുന്നു. സ്‌കൂള്‍ ബാഗുകളില്‍ രഹസ്യമായി ഒളിപ്പിക്കാന്‍ കഴിയുന്നതും താരതമ്യേന സുരക്ഷിതവുമായതിനാലാണ്‌ വിദ്യാര്‍ഥികളെ വില്‍പ്പനക്കാരാക്കാന്‍ കഞ്ചാവ്‌ ലോബികള്‍ ചരടുവലിക്കുന്നത്‌. നൂറുകണക്കിന്‌ യുവാക്കളും വിദ്യാര്‍ഥികളും കഞ്ചാവ്‌ ലോബിയുടെ പിടിയിലാണെന്ന്‌ അധികൃതര്‍ പറയുന്നു. മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കാത്ത യുവാക്കളെ എളുപ്പത്തില്‍ കുരുക്കാന്‍ ലോബികള്‍ക്ക്‌ കഴിയുന്നത്‌ വില്‍പ്പനക്കാരുടെ എണ്ണം കൂട്ടുന്നു. ഇവര്‍ വഴിയാണ്‌ സ്‌കൂളുകളിലും കോളജുകളിലും കഞ്ചാവ്‌ വിറ്റഴിക്കുന്നത്‌. കഞ്ചാവ്‌ തരംതിരിച്ച്‌ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ്‌ പതിവ്‌. ആവശ്യത്തിന്‌ പണം കിട്ടുമെന്ന്‌ ധരിപ്പിക്കുന്നതിനാല്‍ പ്ലസ്‌ടു, കോളജ്‌ വിദ്യാര്‍ഥികളും ധാരാളമായി രംഗത്തുണ്ട്‌. കഞ്ചാവിന്റെ കെണിയില്‍ വീണവരെ ഉപയോഗിച്ച്‌ കൂടുതല്‍ ഉപഭോക്‌താക്കളെ കണ്ടെത്തും. സുഹൃത്തുക്കള്‍ക്ക്‌ സൗജന്യമായി കഞ്ചാവ്‌ വലിക്കാന്‍ കൊടുത്ത്‌ അവരേയും വലയില്‍ അകപ്പെടുത്തുന്നു. പിന്നീട്‌ ഇവരെയും വില്‍പ്പനയ്‌ക്ക് ഉപയോഗപ്പെടുത്തും. ഇതിനെയെല്ലാം നിയന്ത്രിക്കുന്നതു പ്രധാന ഏജന്റുമാരായിരിക്കും. ഇവര്‍ കഞ്ചാവ്‌ ചെറിയ അളവുകളിലാക്കി യുവാക്കളെ ഏല്‍പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ശിക്ഷ പിഴയിലൊതുങ്ങാന്‍ ഒരു കിലോ കഞ്ചാവില്‍ താഴെയാണ്‌ ഇവര്‍ യുവാക്കളുടെ കൈവശം ഏല്‍പ്പിക്കുക.ശക്‌തന്‍ ബസ്സ്റ്റാന്‍ഡ്‌, കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡ്‌ തുടങ്ങി ദിനംപ്രതി നൂറുകണക്കിന്‌ ആളുകള്‍ വന്നു പോകുന്നിടത്തും കഞ്ചാവ്‌ വില്‍പ്പനക്കാര്‍ സജീവമാണ്‌. കഴിഞ്ഞ മാസം 2.100 കിലോഗ്രാം കഞ്ചാവുമായി ശക്‌തന്‍ സ്‌റ്റാന്‍ഡില്‍നിന്നും രണ്ടുപേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 10 കിലോഗ്രാം കഞ്ചാവാണ്‌ തൃശൂര്‍ എക്‌സൈസ്‌ റേഞ്ച്‌ പിടികൂടിയത്‌. ബൂസ്‌റ്റ് എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ്‌ ഇപ്പോള്‍ വില്‍പ്പനയില്‍ ഒന്നാംസ്‌ഥാനത്ത്‌. നീലച്ചടയന്‍ വിഭാഗത്തില്‍ പെടുന്ന ഇവയ്‌ക്ക് വിലയും കൂടുതലാണ്‌. മറയൂരില്‍ നിന്നും തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നുമാണ്‌ ഇവ കേരളത്തില്‍ എത്തിക്കുന്നത്‌. കിലോഗ്രാമിന്‌ 30,000 മുതല്‍ 35,000 രൂപ വരെ നല്‍കി വാങ്ങുന്ന കഞ്ചാവ്‌ കേരളത്തില്‍ 100 ഗ്രാമിന്‌ 3000 മുതല്‍ 3500 രുപ വരെ വിലയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ആവശ്യക്കാര്‍ക്ക്‌ ഫോണ്‍ നമ്പറോ മറ്റ്‌ വിവരങ്ങളോ കൈമാറാത്തതിനാല്‍ വില്‍പ്പനക്കാരെ കണ്ടെത്തുന്നതും പോലീസിന്‌ തലവേദനയാണ്‌. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ പിടികൂടാതിരിക്കാനായി അന്യസംസ്‌ഥാനത്തെ ഫോണ്‍ നമ്പറുകളും ഉപയോഗിക്കുന്നു. ചെക്ക്‌പോസ്‌റ്റുകളില്‍ പരിശോധന കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ്‌ സുഗമമായി കടത്തിക്കൊണ്ടു വരാനാകും. പരിശോധന ഒഴിവാക്കുന്നതിനായി സ്വകാര്യ ബസുകളില്‍ മാറിക്കയറിയാണ്‌ ഇവരെത്തുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാസമയങ്ങളില്‍ പരിശോധന ഇല്ലാത്തതിനാല്‍ ആ സമയങ്ങളിലാണ്‌ കഞ്ചാവ്‌ കടത്തുന്നത്‌. പച്ചക്കറി വണ്ടികളില്‍ ഒളിപ്പിച്ചും കഞ്ചാവ്‌ കേരളത്തിലെത്തിക്കുന്നു.
ജില്ലയില്‍ കഞ്ചാവ്‌ വില്‍പ്പന തടയുന്നതിനായി എക്‌സൈസ്‌ തൃശൂര്‍ ഡിവിഷന്‍ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ നെല്‍സന്റെ നേതൃത്വത്തില്‍ ഓരോ സര്‍ക്കിളിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ പരിശോധനകള്‍ നടന്നുവരികയാണ്‌. ഇതരസംസ്‌ഥാന തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരെ ലക്ഷ്യമിട്ടാണ്‌ വിപണനം. ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍നിന്നാണ്‌ ഏറ്റവും കൂടുതല്‍ കഞ്ചാവ്‌ എത്തുന്നത്‌. വിനോദ സഞ്ചാരത്തിന്‌ എന്നമട്ടില്‍ സ്വകാര്യവാഹനങ്ങളിലും കഞ്ചാവ്‌ എത്തിക്കുന്നു. ഏജന്റുമാര്‍ ഓണത്തിരക്ക്‌ ലക്ഷ്യമാക്കി വന്‍തോതില്‍ കഞ്ചാവ്‌ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്‌. ഓണം ലക്ഷ്യമാക്കി ജില്ലയിലേക്ക്‌ വന്‍തോതില്‍ കഞ്ചാവ്‌ എത്തിക്കാനാണ്‌ ഇടനിലക്കാരുടെ നീക്കം. ഇതിനെതിരേ ഓണം സ്‌പെഷല്‍ ഡ്രൈവുമായി എക്‌സൈസും രംഗത്തെത്തിയിട്ടുണ്ട്‌. കഴിഞ്ഞ പത്തിന്‌ ആരംഭിച്ച കഞ്ചാവ്‌ വേട്ട ഓണം കഴിഞ്ഞ്‌ ഒരാഴ്‌ച വരെ നീളും.

Ads by Google
Ads by Google
Sunday 13 Aug 2017 12.24 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW