Tuesday, October 17, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.22 AM

സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എന്നുകിട്ടുമെന്നറിയാതെ കര്‍ഷകര്‍

uploads/news/2017/08/136440/1.jpg

മലപ്പുറം: ജില്ലയിലെ കാര്‍ഷിക വരള്‍ച്ച അതിജീവിക്കാന്‍ പമ്പിംഗ്‌ നടത്തിയും മറ്റും വിളവെടുത്ത നെല്ലിന്റെ തുക നാലു മാസമായിട്ടും കര്‍ഷകര്‍ക്ക്‌ ലഭിച്ചില്ല. സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എന്നു കിട്ടുമെന്നു പോലും ഉറപ്പില്ല. ഒമ്പത്‌ കോടി രൂപയാണ്‌ നെല്ല്‌ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്‌ നല്‍കാനുളളത്‌. ജില്ലയിലെ 4,394 കര്‍ഷകരില്‍ നിന്നായി പതിനായിരം ടണ്‍ നെല്ലാണ്‌ ഇത്തവണ സംഭരിച്ചത്‌. ഇതിന്‌ 25.84 കോടിയാണ്‌ നല്‍കേണ്ടത്‌. ഇതില്‍ മാര്‍ച്ചിന്‌ മുമ്പ്‌ ശേഖരിച്ച നെല്ലിന്‌ 16.87 കോടി രൂപ കര്‍ഷകര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്‌ ശേഷം സംഭരിച്ച നെല്ലിന്റെ തുകയാണ്‌ കുടിശ്ശികയായി കിടക്കുന്നത്‌.
കിലോഗ്രാമിന്‌ 22.50 രൂപ നിരക്കിലാണ്‌ സിവില്‍ സപ്ലൈസ്‌ ഇത്തവണ നെല്ല്‌ സംരംഭിച്ചത്‌. ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്‌ഥാന വിഹിതവുമാണ്‌. ഇതില്‍ കുറച്ച്‌ കര്‍ഷകര്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാറിന്റെ വിഹിതം ലഭിച്ചിട്ടുണ്ട്‌. ഈ തുക ബാക്കിയുളളവര്‍ക്കും നല്‍കാന്‍ ഉത്തരവായിട്ടുണ്ട്‌. എന്നാല്‍ കേന്ദ്രവിഹിതം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രവിഹിതം ലഭ്യമാക്കാനുളള നടപടികളിലാണെന്ന്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ പറഞ്ഞു.
ആറുമാസത്തെ കാലാവധിയില്‍ സഹകരണ ബാങ്കുകളില്‍ നിന്നും പലിശരഹിത വായ്‌പയെടുത്ത്‌ കൃഷിയിറക്കിയവരാണ്‌ കൂടുതല്‍ ദുരിതത്തിലായത്‌. സമയപരിധി തീരാനിരിക്കെ വായ്‌പാ തുക തിരിച്ചടച്ചില്ലെങ്കില്‍ 11 ശതമാനം പലിശ നല്‍കേണ്ടി വരും. കഴിഞ്ഞ വേനലിലെ കടുത്ത വരള്‍ച്ചയില്‍ പലയിടങ്ങളിലും കൃഷി കരിഞ്ഞുണങ്ങിയിരുന്നു. ഇത്‌ നെല്ല്‌ ഉത്‌പാദനത്തിന്‌ തിരിച്ചടിയായി. വേനലിലെ നെല്‍ക്കൃഷി പലരെയും കടക്കെണിയിലേക്ക്‌ തളളിയിട്ടിട്ടുണ്ട്‌. ഇതിനിടയിലാണ്‌ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയും അനിശ്‌ചിതമായി നീളുന്നത്‌.
പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ കര്‍ഷകര്‍ക്കാണ്‌ കൂടുതല്‍ നഷ്‌ടപരിഹാരം ലഭിക്കാനുളളത്‌. ലഭിക്കാനുളള കുടിശ്ശിക പൊന്നാനി 7.30 കോടി, തിരൂരങ്ങാടി 1.16 കോടി, ഏറനാട്‌ 5.75 ലക്ഷം, നിലമ്പൂര്‍ 1.14 ലക്ഷം എന്നിങ്ങിനെയാണ്‌. 2016-17 സീസണില്‍ 4.52 ലക്ഷം മെട്രിക്‌ ടണ്‍ നെല്ലാണ്‌ സംസ്‌ഥാനത്ത്‌ സംഭരിച്ചത്‌. 1018.82 കോടി രൂപ കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളതില്‍ 825.81 കോടി രൂപ കൊടുത്തുതീര്‍ത്തതായാണു സര്‍ക്കാര്‍ പറയുന്നത്‌. കേന്ദ്രവിഹിതം നല്‍കാതെ വന്നതിനെത്തുടര്‍ന്ന്‌ 193 കോടി രൂപയോളം കര്‍ഷകര്‍ക്ക്‌ നല്‍കാനുണ്ട്‌. സപ്ലൈകോയുടെ ഗാരന്റിയില്‍ ബാങ്ക്‌ വായ്‌പയെടുത്ത്‌ കര്‍ഷകരുടെ പണം സംഭരിച്ച്‌ മൂന്നുദിവസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പലിശയായിവരുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നെങ്കിലും ഇതൊന്നും ഇതുവരെ നടപ്പിലായിട്ടില്ല.

Ads by Google
Advertisement
Sunday 13 Aug 2017 12.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW