Monday, October 22, 2018 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
ടെസ ഇഗ്നേഷ്യസ്
Tuesday 14 Feb 2017 12.47 PM

പ്രണയം വര്‍ണ്ണങ്ങളുടേത് മാത്രമല്ലാ; പ്രണയത്തിന്റെ ആഴമറിഞ്ഞ ചില സിനിമകള്‍

uploads/news/2017/02/80519/film.jpg

അപ്രതീക്ഷിതമായ പ്രണയവും, സ്വപ്ന ലോകവും, എതിര്‍പ്പും പിന്നീട് സന്തോഷത്തോടെയുള്ള ഒത്തു ചേരലും. ഇന്ത്യന്‍ സിനിമയിലെ പകുതി പ്രണയ ചിത്രങ്ങളും ഈ രീതി പിന്തുടരുന്നവയാണ്. ജീവിതം സിനിമയാക്കാം എന്നാല്‍ സിനിമ ഒരിക്കലും ജീവിതമാകില്ല എന്ന തിരിച്ചറിവിലും, വിജയിച്ച പ്രണയ കഥകളോടാണ് നമ്മുക്ക് താല്‍പ്പര്യം. പക്ഷേ ജീവിതം പോലെ സുന്ദരമായ ചില പ്രണയ ചിത്രങ്ങളുമുണ്ട്. സിനിമ എന്നതിലുപരി ജീവിതത്തെ തൊടുന്ന ചില ചിത്രങ്ങള്‍.

വര്‍ണ്ണങ്ങള്‍ നിറഞ്ഞ സ്വപ്നലോകത്ത് മാത്രം ജീവിക്കുന്ന ഒന്നല്ല പ്രണയം. ജീവിതത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലും ഹൃദയത്തില്‍ ജീവിക്കേണ്ടതാണ്. സന്തോഷവും, സൗന്ദര്യവും, പണവും ഉള്ളപ്പോഴല്ലാ, ഒന്നുമില്ലായ്മയിലും നിങ്ങളുടെ പ്രണയിതാവിനെ ചേര്‍ത്തു പിടിക്കണമെന്ന് കാണിച്ചു തന്ന ഈ സിനിമകളെ അറിയാം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങള്‍.

സില്‍സിലാ-1981

uploads/news/2017/02/80519/sil.jpg

യാഷ് ചോപ്രയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, രേഖ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. പ്രണയം വിശ്വാസമാണ്, വിശ്വാസം എന്നേയ്ക്കും നിലനില്‍ക്കും എന്നു പറഞ്ഞ ചിത്രം. സില്‍സിലയില്‍ കേന്ദ്ര കഥാപാത്രം അമിത് ആണ്(അമിതാഭ് ബച്ചന്‍). സഹോദരന്‍ ശേഖറിനൊപ്പം വളരെ സന്തോഷകരമായ ജീവിതം. ശേഖറിന്റെ കാമുകിയാണ് ശോഭ (ജയാ ബച്ചന്‍) അമിതിന്റെ കാമുകി ചാന്ദ്‌നി (രേഖ). അപ്രതീക്ഷിതമായി സഹോദരന്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ കാമുകിയെ അമിത് വിവാഹം കഴിക്കുന്നു. ചാന്ദ്‌നിയും വിവാഹിതയായി. യഥാര്‍ത്ഥ പ്രണയം മറക്കാനാവില്ലെന്ന സത്യം യാഷ് ചോപ്ര വീണ്ടും കാണിക്കുന്നുണ്ടെങ്കിലും ഭാര്യ-ഭര്‍ത്തൃ ബന്ധത്തിന്റെ പവിത്രത മറ്റൊന്നിനോളവും വരില്ല എന്ന് അടിവരയിട്ട് ഇരു ദമ്പതികളും സന്തോഷത്തോടെ ജീവിക്കുന്നു, വിശ്വാസമാണ് പ്രണയം; വിശ്വാസം മരിക്കുന്നില്ലാ എന്നെഴുതി കാണിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

തൂവാനതുമ്പികള്‍-1987

uploads/news/2017/02/80519/thoovana.jpg

'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിന്റെ അനശ്വര സംവിധായകന്‍ പി പത്മരാജന്‍ ഒരുക്കിയ മനോഹര ചിത്രം. മഴയോടൊപ്പം വന്നു പോകുന്ന €ാരയില്‍(സുമലത) തന്റെ പ്രണയത്തെ കാണുന്ന ജയകൃഷ്ണന്‍(മോഹന്‍ലാല്‍). ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ആ പ്രണയത്തിനിടെ €ാര പറയുന്നുണ്ട് 'ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ കിട്ടുകാന്ന് പറയുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു'. ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയലിലായിരുന്നു തൂവാനതുമ്പികളിലെ പ്രണയത്തിന് സൗന്ദര്യം. ഇതിനിടെയെത്തുന്ന രാധ(പാര്‍വ്വതി). €ാര പറഞ്ഞതു പോലെ മോഹിച്ചയാളുടേതാകാന്‍ ഭാഗ്യം ലഭിച്ച രാധ. ഒന്നും മറച്ചു വെയ്ക്കാതെയാണ് രാധയെ ജയകൃഷ്ണന്‍ സ്വന്തമാക്കുന്നത്. ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നില്‍ക്കുന്ന രാധയും യഥാര്‍ത്ഥ പ്രണയത്തിന്റെ മുഖമായി. €ാരയും ജയകൃഷ്ണനും അവരവരുടേതായ കുടുംബ ജീവിതത്തിലേയ്ക്ക് കടക്കുന്നു. അവസാന കണ്ടുമുട്ടലില്‍ പ്രണയത്തിന്റെ മഴ ഇല്ലയെന്നത് പത്മരാജന്‍ മാജിക്.

റോജ-1992

uploads/news/2017/02/80519/roja.jpg

പ്രണയവും വിവാഹവും എന്ന പാറ്റേണില്‍ നിന്ന് മാറി, വിവാഹ ശേഷമുള്ള തീവ്ര പ്രണയം കാണിച്ച മണിരത്‌നം ചിത്രം. ഋഷിയുടെയും(അരവിന്ദ് സ്വാമി) റോജയുടെയും(മധു) അപ്രതീക്ഷിത വിവാഹവും ജീവിതവുമാണ് റോജ. സഹോദരിയെ വിവാഹം ചെയ്യാന്‍ വന്നയാള്‍ തന്നെ വിവാഹം കഴിച്ചതിലുള്ള റോജയെന്ന നാടന്‍ പെണ്‍കുട്ടിയുടെ ദേഷ്യം ഉരുകി പോകാന്‍ വേണ്ടി വന്നത് ദിവസങ്ങള്‍ മാത്രം. സത്യം മനസ്സിലാക്കിയതു മുതല്‍ സ്‌നേഹനിധിയായ ഭാര്യയായി റോജ. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഋഷിയും റോജയും ശ്രീനഗറിലെത്തുന്നു. എന്നാല്‍ മധുവിധു തീരും മുന്‍പേ അവിടെ വെച്ച് തന്റെ ഭര്‍ത്താവിനെ റോജയ്ക്കു നഷ്ടമാവുന്നു. പേരു പോലെ പിന്നീടിത് റോജയുടെ സിനിമയാണ്. സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയില്‍ നിന്ന് നേതാക്കള്‍ക്കും, ഉന്നതര്‍ക്കും, തീവ്രവാദികള്‍ക്കുമെതിരെ നിന്ന് സംസാരിക്കാന്‍ പോലും റോജയെ പ്രാപ്തയാക്കുന്നത് ഋഷിയോടുള്ള സ്‌നേഹം. വേദനകള്‍ക്കിടയിലും ജീവിതം മുന്നോട്ട് പോവുന്നത് മറ്റൊരാള്‍ക്കു വേണ്ടി ജീവിക്കുമ്പോഴാണെന്ന് റോജ കാണിച്ചു.

റെയ്ന്‍കോട്ട്-2004

uploads/news/2017/02/80519/rain.jpg

ഋതുപര്‍ണ ഘോഷിന്റെ റെയ്ന്‍കോട്ട് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രമാണ്. കണ്ണു നനയിക്കുന്ന പ്രണയമെന്നതിലുപരി ഹൃദയത്തില്‍ തൊടുന്ന പ്രണയമാണ് റെയിന്‍കോട്ടിന്റെ ആത്മാവ്. ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്ന മനുവും(അജയ് ദേവ്ഗണ്‍) നീരുവും( ഐശ്വര്യ റായ്) ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കല്‍ക്കട്ട നഗരത്തില്‍ വെച്ച് കണ്ടുമുട്ടുകയാണ്. ജോലി അന്വേഷിച്ചാണ് ഭഗല്‍പ്പൂരില്‍ നിന്ന് മനു കല്‍ക്കട്ടയില്‍ എത്തിയത്, നീരു തന്റെ ഭര്‍ത്താവിനൊപ്പവും. നീരുവിന്റെ ക്ഷണപ്രകാരം മനു അവളുടെ വീട്ടിലെത്തുന്നു. പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനിടെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്ന് കാണിക്കാന്‍ ഇരുവരും ശ്രമിക്കുന്നു. ഇതിനിടെ മനുവിന് ഭക്ഷണം വാങ്ങാനായി നീരു പുറത്തേയ്ക്കു പോകുമ്പോള്‍ വീട്ടുടമസ്ഥന്‍ വന്നു. നീരുവും ഭര്‍ത്താവും കുറേ മാസമായി വാടക നല്‍കിയിട്ടില്ലെന്നും അവരെ ഒഴിപ്പിക്കുമെന്നും അയാള്‍ പറഞ്ഞു. പെങ്ങളുടെ വിവാഹത്തിനായി കയ്യില്‍ സൂക്ഷിച്ചിരുന്ന പണം മനു അയാള്‍ക്ക് നല്‍കി. നീരു വാങ്ങി വന്ന ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടെ മനു റെയ്ന്‍കോട്ടിന്റെ പോക്കറ്റില്‍ കയ്യിടുന്നു, നീരുവിന്റെ സ്വര്‍ണ്ണ വളകള്‍. ഒപ്പം തനിക്ക് ധാരാളം പണമുണ്ടെന്നും പോക്കറ്റില്‍ കിടന്ന അമ്മയുടെ കത്തില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞു, പെങ്ങളുടെ കല്ല്യാണം നടത്തണമെന്നും എഴുതിയ കത്തും. പ്രണയം സ്വാര്‍ത്ഥമല്ലെന്നും, മരിക്കുന്നില്ലെന്നും തെളിയിച്ച മനോഹര ചിത്രം.

ദില്‍ സേ- 1998

uploads/news/2017/02/80519/dilse.jpg

തീവ്ര പ്രണയത്തിന്റെ മറ്റൊരു മുഖമായിരുന്നു മണിരത്‌നത്തിന്റെ ദില്‍ സേ, പേരു പോലെ തന്നെ ഹൃദയത്തില്‍ നിന്ന്.... ഹൃദയത്തില്‍ നിന്നുള്ള പ്രണയത്തിന്റെ ആഴവും വേദനയും കാണിച്ചു തന്ന ചിത്രം. ഓള്‍ ഇന്ത്യ റേഡിയോയിലെ പ്രോഗ്രാം എക്‌സിക്യൂട്ടിവായ അമര്‍(ഷാരൂഖ് ഖാന്‍) അപ്രതീക്ഷിതമായി മോയ്‌നയെ കണ്ടു മുട്ടുന്നു. ആദ്യ കാഴ്ചയിലെ മോയ്‌നയോട് അമര്‍ പ്രണയത്തിലായി. ദുരൂഹതകള്‍ നിറഞ്ഞ മോയ്‌നയെ മനസ്സിലാക്കാന്‍ അമറിന് സാധിച്ചില്ല. നിരന്തര പരിശ്രമത്തിനൊടുവില്‍ മൊയ്‌ന മനസ്സ് തുറന്നു. തീവ്രവാദി ഗ്രൂപ്പിന്റെ ഭാഗമാണ് താനെന്ന് വ്യക്തമാക്കിയിട്ടും പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ അമര്‍ ഒരുക്കമായില്ല. ഏത് അവസ്ഥയിലും മൊയനയെ സ്‌നേഹിക്കാന്‍ അമര്‍ തയ്യാറായിരുന്നു. മൊയ്‌നയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ അമറും തീവ്രവാദിയാണെന്ന് തെറ്റിദ്ദരിക്കപ്പെട്ടു. ഇതിനിടെ മൊയ്‌ന ചാവേറായി പോകുകയാണെന്ന അറിഞ്ഞ അമര്‍ അവളെ പിന്തുടരുകയും ഒറ്റയ്ക്ക് മരണത്തിലേയ്ക്ക് പോകാന്‍ അനുവദിക്കുകയില്ലെന്നും പറയുന്നു. മൊയ്‌ന ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവളെ ആലിംഗനം ചെയ്ത് ഇരുവരും ഒന്നിച്ച് മരണത്തിലേയ്ക്ക് യാത്രയായി.

വര്‍ണ്ണങ്ങളും, സന്തോഷവും മാത്രം നിറഞ്ഞു നില്‍ക്കുന്ന സിനിമകള്‍ക്ക് മുകളിലായി, പ്രണയം പരസ്പര വിശ്വാസവും വിട്ടുകൊടുക്കലും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയാണെന്നും പറഞ്ഞു തരുന്ന ഇത്തരം സിനിമകള്‍ കാലത്തിനിപ്പുറവും നിലനില്‍ക്കുന്നു.

Ads by Google
ടെസ ഇഗ്നേഷ്യസ്
Tuesday 14 Feb 2017 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW