Monday, October 22, 2018 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
തനൂജാ ഭട്ടതിരി
Tuesday 14 Feb 2017 12.26 PM

പെണ്ണായ ഞാന്‍, ആണായ നീ ...

മരിച്ചാൽ ആരും കാണാതെ നീ എനിക്ക് അവസാന ചുംബനം തരണം .ജീവിച്ചാൽ നമ്മൾ തമ്മിൽ ഒരിക്കലും കാണരുത്. ഈ ഭൂമിയിൽ ജീവിച്ചിട്ടുള്ള ഓരോ മനു ഷ്യരും ചെയ്തിട്ടുള്ളത് അത് തന്നെയാണ്. പ്രണയത്തിനു വേണ്ടി ഒന്നുകിൽ ജീവിക്കും അല്ലെങ്കിൽ മരിക്കും. എന്റെ വ്യത്യാസം ഒന്നു മാത്രം എന്റെ പ്രണയി നീ ആണ്. പ്രായമേറിയപ്പോൾ കടും കട്ട നിറങ്ങളിൽ ഉണർന്നെത്തിയ പ്രണയ രൂപം. അത് നീ...അത് നീ...അതോ അത് ഞാനോ?
Valentine's Day, Valentine's gift, Valentine's image

പ്രണയത്തെക്കുറിച്ചുള്ള എത്രയെത്ര നിര്‍വ്വചനങ്ങളാണ് പഠിച്ച് വച്ചിരുന്നത്.. ഒന്നും തന്നെ ഇപ്പോള്‍ ഓര്‍മ്മയിലില്ല. ചെറുപ്പത്തിലെ കട്ടപിടിച്ച വികാരങ്ങള്‍ക്കിടയില്‍ക്കൂടി ചാലുവച്ചിറങ്ങുന്ന ഈര്‍പ്പകണങ്ങളാണോ പ്രായമേറി വരുമ്പോഴുള്ള പ്രണയം? പ്രേമം, പ്രണയം ഈ വാക്കുകളും വികാര വിചാരങ്ങളും എത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരിയ്ക്കുന്നു! ഒരിയ്ക്കലും പഴകാതെ എന്നും നക്ഷത്ര വെളിച്ചം പോലെ അക്ഷരമായും സ്വപ്നമായും നമ്മുടെ പ്രണയം, നമ്മുടെ മാത്രം പ്രണയം..

ഞാന്‍ പൂവിനെ പ്രണയിയ്ക്കുന്നു, മഴയെ,നിലാവിനെ, പുഴയെ, ഇലയെ, മേഘത്തെ, കടലിനെ മണ്‍ തരിയെ പ്രണയിയ്ക്കുന്നു എന്നൊക്കെ യൌവ്വനത്തിന്റെ പ്രേമോജ്ജ്വലതയില്‍ പറയും. കാലം കഴിയുമ്പോള്‍ പിന്നെ പ്രണയിയ്ക്കാനാവുന്നത് പെണ്ണായ എനിയ്ക്ക് ആണായ നിന്നെ മാത്രമാണ്. നീയാണെന്റെ പൂവ്, മഴനിലാവ്, പുഴ, കടല്‍ എല്ലാമെല്ലാം.. നീ കാണിച്ച് തന്നത് മാത്രം എന്റെ കണ്ണുകള്‍ സൂക്ഷിച്ച് വച്ചു.. നീ പറഞ്ഞതൊക്കെയും എന്റെ ചെവികളില്‍ അടക്കം ചെയ്തു.. നമ്മള്‍ ഒരുമിച്ച് കണ്ടതൊന്നും എനിയ്ക്ക് തനിയെ കാണാന്‍ സാധിയ്ക്കില്ലെന്നായി.. നീ എന്റെ ഏറ്റവും മനോഹരമായ കാഴ്ചയായി..അനുഭവമായി..നീ എന്റെ ജീവനായി.. വഴക്കുകള്‍ നമ്മളെ നമ്മളാക്കി.. അതിലൂടെയെല്ലാം പ്രായത്തെ നമ്മള്‍ തോല്‍പ്പിച്ചു..നിന്റെ ചുണ്ടൊന്നു കോടുമ്പോള്‍ എന്റെ കണ്‍പീലികള്‍ വിറച്ചു.. നിന്റെ സന്തോഷം എന്നെ ഉന്മത്തയാക്കി.. ഞാന്‍ എന്റെ സങ്കടങ്ങള്‍ മറന്നു.. നീ ചിരിയ്ക്കണം നീ വീണ്ടും വീണ്ടും സന്തോഷിയ്ക്കണം അതുമാത്രം മതിയായിരുന്നു എനിയ്ക്ക്..

പ്രായമേറിയവരിലെ പ്രണയം അവരെ ചെറുപ്പക്കാരാക്കുന്നു .. ഏത് പെണ്‍കുട്ടിയെയും തോല്പ്പിയ്ക്കുന്ന പ്രണയവര്‍ണ്ണം ഞാന്‍ കണ്ണിലെഴുതുന്നു.. അതിന്റെ ലാസ്യ ലഹരിയില്‍ നീ എന്നില്‍ വീണു മരിയ്ക്കട്ടെ എന്ന ആഗ്രഹത്തോടെ.. എനിയ്ക്ക് പുനര്ജ്ജനിയ്ക്കാന്‍ ഒരു മരണം വേണം.. അതിനായി പ്രണയിയായ ഞാന്‍ ഒറ്റയ്ക്ക് നടന്നുമറയും.. വേദന കൊണ്ട് പിടയ്ക്കുന്ന ഹൃദയവുമായി.. തമ്മിൽ ഒരിക്കലും വീണ്ടും കാണാത്ത,കേൾക്കാത്ത മിണ്ടാത്ത ലോകത്ത് കുറ്റാക്കൂരിരുട്ടു മാത്രമാണ്.. അവിടേക്കാണ് തലയുയർത്തിത്തന്നെ ഞാൻ നടന്നുമറയുന്നത്. പ്രണയം നമ്മളെ അഭിമാനികളാക്കും ' വെൺനുരപ്പാലുപോലെ പ്രണയം പടർന്നൊഴുകിപ്പരക്കും.

പ്രായമായവരിലെ പ്രണയത്തിന് പിരിഞ്ഞ ശേഷവും വിട്ടു പോകാൻ സമ്മതിക്കാത്ത ഒരു ഗന്ധമുണ്ട്. അതാണ് ജീവിതത്തിന്റെ ഗന്ധം. മരണത്തിലേക്കടുക്കുമ്പോഴും മരണത്തെ പേടി. കാത്തിരിക്കാമെന്നല്ലാതെ പോയി പുൽകാനൊരു മടി. ജീവിതമേ, പ്രണയമേ, നീ എന്തിനിത്ര വശ്യമാകുന്നു! മറുപടി ഒന്നേയുള്ളു. നീ ... നീ മാത്രമാണതിനു കാരണം. ജീവിതത്തിൽ നിന്നും നിന്നെ കുറച്ചാൽ കിട്ടുന്നത് ശുന്യതയാണ്. ശൂന്യതപോലും ഇല്ലാത്ത ശൂന്യത!എന്നാൽ എന്റെ പ്രണയമേ നിനക്കു പറയാനുള്ള സ്നേഹവാഴ്ത്തുകളിൽ എന്തെന്തു നവാനുഭൂതികളാണ് നിറച്ചു വെച്ചിരിക്കുന്നത്. എന്റെ കാതുകൾക്കത് കേൾക്കുവാൻ വയ്യ. കണ്ണുകൾക്കത് കാണുവാൻ വയ്യ. നവരസങ്ങളുടെ നിറച്ചാർത്തിൽ മതിമറന്ന് അതെങ്ങോട്ടാണ് കുതറി മാറിയത്? ഓരോ തവണ ഓർക്കുമ്പോഴും എന്റെ കണ്ണു നിറയ്ക്കാനായി..എന്റെ ഹൃദയം കരിമ്പാറയായി, മനസ്സ് ചെങ്കടലും. ശരീരം തളരുമ്പോൾ തിരക്കോളുകൾ നെഞ്ചിലേറുമ്പോൾ എന്റെ ഇടം കൈയിൽ മുറുക്കി പിടിച്ചിരുന്ന എന്നെ വിട്ടുപോയ നിന്റെ വലംകൈ എന്നും ഞാൻ തിരയും. എന്നിട്ട്, സ്വയം ഞാനെന്റെ വലംകൈ കൊണ്ട് ഇടം കൈ തടവും .എന്തെന്നാൽ എന്റെ പ്രണയമേ..എന്റെ പകുതി നീയാണ്. നീ മാത്രമാണ്!

ഉപേക്ഷിക്കപ്പെട്ട കുട്ടി അമ്മയെ തിരയുന്നതു പോലെ ഞാൻ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കും.എന്നാൽ എന്റെ പ്രണയ വുമായി ഞാൻ അതിവേഗം മറ്റൊരു ലോകത്തേയ്ക്ക് യാത്രയാകും. അവിടെയാണ് നിന്നെക്കുറിച്ചോർത്ത് കരയാതിരിയ്ക്കാനുള്ള മരുന്നു കിട്ടുക!അവിടെ വെച്ചാണ് പ്രണയവുമായി സന്ധിസംഭാഷണം നടത്താനാവുക അതിനു ശേഷം ഒന്നുകിൽ ജീവിക്കും. അല്ലെങ്കിൽ മരിക്കും. മരിച്ചാൽ ആരും കാണാതെ നീ എനിക്ക് അവസാന ചുംബനം തരണം .ജീവിച്ചാൽ നമ്മൾ തമ്മിൽ ഒരിക്കലും കാണരുത്. ഈ ഭൂമിയിൽ ജീവിച്ചിട്ടുള്ള ഓരോ മനു ഷ്യരും ചെയ്തിട്ടുള്ളത് അത് തന്നെയാണ്. പ്രണയത്തിനു വേണ്ടി ഒന്നുകിൽ ജീവിക്കും അല്ലെങ്കിൽ മരിക്കും. എന്റെ വ്യത്യാസം ഒന്നു മാത്രം എന്റെ പ്രണയി നീ ആണ്. പ്രായമേറിയപ്പോൾ കടും കട്ട നിറങ്ങളിൽ ഉണർന്നെത്തിയ പ്രണയ രൂപം. അത് നീ...അത് നീ...അതോ അത് ഞാനോ?

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW