Friday, January 12, 2018 Last Updated 29 Min 26 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
Tuesday 14 Feb 2017 10.00 AM

ഹൃദയഭിത്തികള്‍ തകര്‍ത്തൊഴുകുന്ന പ്രണയഗീതങ്ങള്‍

പ്രണയത്തിന്റെ ഈരടികൾക്കെല്ലാം ഒരു വിദൂരമായ സങ്കടത്തിന്റെ ഛായ തോന്നും. എങ്കിലും നാമിഷ്ടപ്പെടുന്നു... പ്രണയത്തിലായിരിക്കുമ്പോഴും കയ്യിൽ നിന്നെപ്പോഴോ വെള്ളം ചോർന്നു പോകുമ്പോലെ അതില്ലാതെയാകുമ്പോഴും പാട്ടുകളിൽ അഭയം തിരയും... ഏറ്റവും പുതിയ സിനിമകളിലെ തെരഞ്ഞെടുത്ത പ്രണയഗാനങ്ങളിലൂടെ....
valentines day, valentines day gift, valentines day songs

പ്രണയത്തിന്റെ മുറിവിൽ പുരട്ടുന്ന നീറുന്ന മരുന്നുകൾ പോലെയാണ് പലപ്പോഴും പ്രണയഗാനങ്ങൾ. പ്രണയത്തിൽ പെട്ട് ഉഴലുമ്പോൾ തന്നെയും അത് ഹൃദയഭിത്തികളെ തകർത്തൊഴുകും. മനുഷ്യന്റെ ആത്യന്തികമായ വൈകാരികത എപ്പോഴും ചെന്ന് നില്കുന്നത് ദുഖത്തിലാണെന്നു പറയാറുണ്ട്, കാരണം സന്തോഷിക്കേണ്ട നിമിഷങ്ങളെ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ മറക്കുന്ന നമ്മൾ സങ്കടങ്ങളെ , അതിത്തിരിയെ ഉള്ളൂ എങ്കിലും നെഞ്ചിൽ കൊരുത്തിടും. അതുകൊണ്ടു തന്നെയാകണം, പ്രണയത്തിന്റെ ഈരടികൾക്കെല്ലാം ഒരു വിദൂരമായ സങ്കടത്തിന്റെ ഛായ തോന്നുന്നത്. എങ്കിലും
നാമിഷ്ടപ്പെടുന്നു... പ്രണയത്തിലായിരിക്കുമ്പോഴും കയ്യിൽ നിന്നെപ്പോഴോ വെള്ളം ചോർന്നു പോകുമ്പോലെ അതില്ലാതെയാകുമ്പോഴും പാട്ടുകളിൽ അഭയം തിരയും...

എത്രയോ നാളുകൾക്കു ശേഷം അവനെത്തുകയാണ്, എന്റെ വിഷാദങ്ങളിലേയ്ക്ക്... ഇനിയുള്ള കാലത്തെ ചിരികളുടേതാക്കാൻ, പ്രണയത്തിന്റെ ശീലുകൾ നിറയ്ക്കാൻ.. വേനലും മഴകളും എത്രയോ കടന്നു പോയി, നിന്റെ മറുപടികൾക്കായി ഞാനിവിടെ.... നിന്റെ ഓർമകളിൽ മനസ്സ് എത്രയോ വിലോലമായി പലപ്പോഴും തേങ്ങിയിരുന്നു... പാതി മാത്രം പൂക്കുന്ന മനോഹരിയായ പൂവിനെ പോലെ പ്രണയാതുരമായ നിന്റെ പാതി മുറിഞ്ഞ വാക്കുകളെ ഞാൻ
പൂരിപ്പിക്കുന്നു ...

സിനിമ- മറുപടി- വേനലിതിലെ വന്നു പോയി....

ബഷീറിന്റെ ബാല്യകാല സഖി വായിക്കുമ്പോൾ എപ്പോഴുമൊരു യാത്രപോകും,മണ്ണുവാരിക്കളിക്കുന്ന ബാല്യത്തിലേയ്ക്ക്. അവിടെ കുറുമ്പ് കുത്താനും ഒന്നിച്ച് അച്ഛനും അമ്മയും കളിക്കാനും നീയുണ്ടായിരുന്നതിന്റെ കലമ്പലുകളിൽ ഹൃദയം പിടയും... നീയൊരിക്കൽ ഒപ്പം കളിച്ചതുകൊണ്ടാകണം കൂട്ടായി
പിന്നീട് തിരഞ്ഞ മുഖങ്ങളിലൊക്കെ നിന്നെ കണ്ടെടുക്കാൻ ശ്രമിച്ചത്... ബാല്യത്തിന്റെയും ബാല്യകാല പ്രണയത്തിന്റെയും ഓർമ്മപ്പെടുത്തലാണ് മേപ്പള്ളി ബാലൻ എഴുതിയ "കാപ്പിരിത്തുരുത്ത്" എന്ന ചിത്രത്തിലെ ഗാനം.

ചെറുപ്പത്തിൽ നമ്മൾ രണ്ടും...

ആദ്യമായി കാണുമ്പോൾ തൊട്ടേ നിന്റെ കണ്ണുകളിലുണ്ടായിരുന്നു എന്തോ പറയാൻ ബാക്കിയുള്ളത് പോലെ. ഇതുവരെ തുറക്കാത്ത ഒരു മുറി പോലെ ഹൃദയമിരിക്കുമ്പോൾ ഒരു ബഹളവുമില്ലാതെ നിന്റെ ചിരി തൊട്ട് അവ മലർക്കെ തുറക്കുന്നത് പോലെ. ഒന്നായി ഒരുവഴിയിൽ നമ്മൾ കൈകോർത്ത് നടക്കുമ്പോൾ കാറ്റിനു തണുത്ത നിലാവിന്റെ ഗന്ധം... നിലാവും തെരുവ് വിളക്കുകളും മത്സരിച്ച് നീണ്ട റോഡിൽ പ്രണയത്തിന്റെ കവിതകൾ
കുറിയ്ക്കുമ്പോൾ നിനക്കൊപ്പം രാത്രി സവാരിയുടെ കൗതുകത്തിൽ ഞാൻ ... രാവേറെ ആയിട്ടും ചിരി മാറാതെ നമ്മൾ കണ്ടു മുട്ടിയ ഈ നഗരം യൗവ്വനം ആഘോഷിക്കുന്നുണ്ട്. കൊതി തീരാതെ രണ്ടു ഹൃദയങ്ങളായി നാമത് തിരഞ്ഞു അലയുകയും...

ലൈലാക്മെ........ -എസ്രാ

നാടൻ പ്രണയത്തിന്റെ സുഖം ഓരോ വരികളിലും അരിച്ചിറങ്ങുന്നു. ചിലപ്പോൾ മഴ പോലെ, ചിലപ്പോൾ തണൽ പോലെ.. പരിഭവങ്ങളിലും വാശികളിലും അകന്നുപോകാതെ ഇനിയുള്ള യാത്രയിലൊക്കെ നമുക്കിണക്കിളികളായി ഇരിക്കാമെന്ന വാക്ക്... ഇഷ്ടമെന്ന വാക്കിനെ ആവോളം ഹൃദയത്തിൽ കോരി വച്ചും നീയെനിക്കുള്ളതെന്നും ഞാൻ നിനക്കുള്ളതെന്നും പറഞ്ഞു പറഞ്ഞു... ഒരു ജീവിതം മുഴുവൻ ഒരു താലിതുമ്പിൽ നിന്നെ കോർത്തുവയ്ക്കാൻ
കാത്തിരിക്കുന്നവളാകുന്നു ഞാൻ...

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ... - നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ

തെന്നൽ നിലാവിന്റെ കാതിലെന്താവും ചൊല്ലിയിട്ടുണ്ടാവുക? മണ്ണിനോട് മഴത്തുള്ളിയോ? തേനൂറുന്ന ആ വാക്കിന്റെ മധുരം നിന്റെ സ്വരത്തിൽ കേൾക്കാൻ എന്റെ കാത്തിരിപ്പ്... എത്ര ജന്മങ്ങളായി ഈ കാത്തിരിപ്പ് തുടരുന്നതുപോലെയാണ് തോന്നലുകൾ, മഴയെ കാത്തിരിക്കുന്ന വേഴാമ്പൽ പോലെ , രാക്കിനാവിന്റെ തീരങ്ങളിൽ മഴ നനഞ്ഞു , വെയിലിലുരുകി, സങ്കടത്തിന്റെ തിരകൾ താണ്ടി നീണ്ട കാത്തിരിപ്പ്...
ഒരിക്കലെങ്കിലും ഞാൻ കേൾക്കാനാഗ്രഹിക്കുന്ന ആ വാക്ക് നീ പറയില്ലേ....

Ads by Google
TRENDING NOW