Monday, June 24, 2019 Last Updated 22 Min 16 Sec ago English Edition
Todays E paper
Ads by Google
ജി. ഹരികൃഷ്‌ണന്‍
Thursday 20 Jun 2019 01.44 AM

ഈ വാര്‍ധക്യകാലത്തും പ്രേമം അയാളോടാണെന്ന്‌ നൂറിന്റെ നിറവിലെത്തിയ കേരളത്തിന്റെ 'രാഷ്‌ട്രീയ മുത്തശ്ശി'; കവി ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയം നിരസിച്ച കെ.ആര്‍. ഗൗരിയമ്മയുടെ വിപ്ലവ വഴിയിലെ പ്രണയങ്ങള്‍

എ.കെ.ജി വിവാഹാഭ്യര്‍ഥന നടത്തിയെന്നത്‌ സത്യമാണ്‌. എന്റെ സൗന്ദര്യത്തേക്കാള്‍ പാര്‍ട്ടിയോടുള്ള കൂറും വിശ്വാസവുമാകാം അതിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. പാര്‍ട്ടിയെ പ്രാണന്‍ പോലെ സ്‌നേഹിച്ച അദ്ദേഹത്തിന്‌ അതുപോലൊരാളെ ഭാര്യയായി വേണമെന്നായിരുന്നു ആഗ്രഹം.
K.R. Gauriyamma

ജീവിതയാത്രയില്‍ നൂറ്റാണ്ടു പിന്നിടുമ്പോഴും കേരളത്തിന്റെ രാഷ്‌ട്രീയ മുത്തശി കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന കെ.ആര്‍. ഗൗരിയമ്മ അടുപ്പക്കാര്‍ക്കും അണികള്‍ക്കും കുഞ്ഞമ്മതന്നെ. വാര്‍ധക്യത്തിന്റെ മുന്‍ശുണ്‌ഠിപോലും "കുഞ്ഞമ്മേ"യെന്ന വിളിയില്‍ അലിഞ്ഞില്ലാതാകും. ആതിഥ്യമര്യാദയില്‍ ഗൗരിയമ്മ പണ്ടേ ശ്രദ്ധാലുവാണ്‌. വീട്ടിലെത്തുന്നവര്‍ക്ക്‌ മീനും ഇറച്ചിയും ഉള്‍െപ്പടെ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയേ മടക്കി അയച്ചിട്ടുള്ളൂ. ആ സല്‍ക്കാരങ്ങളുടെ രുചി നാവിലില്ലാത്ത രാഷ്‌ട്രീയ നേതാക്കള്‍ ചുരുക്കം.

പ്രായത്തിന്‌ കീഴ്‌പ്പെടുത്താനാകില്ല ഗൗരിയമ്മയിലെ വിപ്ലവവീര്യത്തെ. ഏതു നേതാവിനുമുന്നിലും മറയില്ലാതെ അവര്‍ മനസ്‌ തുറക്കും. സ്‌ത്രീപീഡന വാര്‍ത്തകള്‍ പെരുകിയപ്പോള്‍ കേരളത്തിന്റെ അവസ്‌ഥയറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്തു പുറത്തിറങ്ങണമെന്ന്‌ഒരിക്കല്‍ തുറന്നടിച്ചു. പ്രായത്തിന്റെ അവശതകളും ചികിത്സയുമൊക്കെയുണ്ടെങ്കിലും എട്ടുവര്‍ഷമായി ചികിത്സാസഹായത്തിന്റെ പേരില്‍ ചില്ലിക്കാശ്‌ സര്‍ക്കാരില്‍നിന്ന്‌ കൈപ്പറ്റിയിട്ടില്ല.

ആഡംബര കണ്ണടകളും ശ്രവണസഹായികളും സ്ലീപ്പിങ്‌ മെഷീനുകളുമൊക്കെ വാങ്ങി മുന്‍ നിയമസഭാ സമാജികര്‍ വിവാദങ്ങളില്‍ കുടുങ്ങുമ്പോഴും ഗൗരിയമ്മ അതില്‍ നിന്നെല്ലാം അകന്നുനിന്നു.
മിഥുനമാസത്തിലെ തിരുവോണം നാളായ നാളെ ഗൗരിയമ്മ 100 വയസ്‌ തികച്ച്‌ 101 ലേക്ക്‌ കടക്കും. 1919 ജൂലൈ 14നാണ്‌ ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വതിയമ്മയുടെയും ഏഴാമത്തെ കുട്ടിയായി ഗൗരിയമ്മ ജനിച്ചത്‌. ഗൗരിയമ്മയ്‌ക്ക്‌ 11 സഹോദരങ്ങളുണ്ടായിരുന്നു. രണ്ടുപേര്‍ ബാല്യകാലത്തു തന്നെ മരിച്ചു.

*** വിശ്വാസത്തിന്റെ വഴിയില്‍

ഒരുകാലത്ത്‌ നിരീശ്വരവാദം മുറുകെപ്പിടിച്ച ഗൗരിയമ്മ ദശാബ്‌ദത്തിലേറെയായി ഈശ്വരവിശ്വാസിയാണ്‌. സ്വീകരണമുറിയില്‍ എപ്പോഴും കാണാനൊരു ശ്രീകൃഷ്‌ണപ്രതിമയുണ്ട്‌. ആരും കാണാതെ പ്രാര്‍ഥിക്കാറുണ്ടെന്നു ഗൗരിയമ്മ സമ്മതിക്കുന്നു. മുമ്പ്‌ കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ നാരീപൂജയ്‌ക്കായി ക്ഷേത്രം ഭാരവാഹികള്‍ ക്ഷണിച്ചപ്പോള്‍ പൂര്‍ണമനസോടെ പോയി പങ്കുകൊണ്ടു. ദേവീസങ്കല്‍പ്പത്തില്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പൂജയായിരുന്നു അത്‌. ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്കുള്ളതാണ്‌. അതിന്‌ അതിര്‍വരമ്പുകളില്ല. എല്ലാക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്കുപോയി പ്രാര്‍ഥിക്കാന്‍ കഴിയണമെന്ന്‌ ശബരിമല വിഷയത്തിലൂന്നി ഗൗരിയമ്മ ആവര്‍ത്തിക്കുന്നു.

** മക്കളില്ലാത്തതില്‍ സങ്കടമില്ല

ജീവിതസായാഹ്നഹ്നഹ്‌നത്തില്‍ തനിച്ചാണെങ്കിലും മക്കളില്ലാത്തതില്‍ സങ്കടമില്ലെന്നു ഗൗരിയമ്മ പറയുന്നു. രണ്ടുതവണ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഉത്തവാദിത്വങ്ങളില്‍നിന്ന്‌ പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ ഗര്‍ഭം അലസിപ്പോയതാണെന്ന്‌ പൊതുപ്രവര്‍ത്തക അജിത ഒരിക്കല്‍ നടത്തിയ പരാമര്‍ശത്തോട്‌ പ്രതികരിക്കാനുമില്ല.

*** ഓര്‍മകളിലെ ടി.വി.

കേരള രാഷ്‌ട്രീയം കണ്ട ഏറ്റവും പ്രസിദ്ധ പ്രണയമായിരുന്നു ഗൗരിയമ്മയുടെയും ടി.വി തോമസിന്റെതും. തന്റെ ആത്മകഥയില്‍ ടി.വിയെക്കുറിച്ച്‌ സവിസ്‌തരം മൂന്ന്‌ അധ്യായങ്ങള്‍ ഗൗരിയമ്മ എഴുതിയിട്ടുണ്ട്‌. ടി.വി എന്ന രാഷ്‌ട്രീയ നേതാവിനോട്‌ ഇന്നും ആരാധന തന്നെ.
എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജില്‍ പഠിക്കുമ്പോഴാണ്‌ കൂട്ടുകാരി ത്രേസ്യാമ്മയെ കാണാന്‍ വന്ന സഹോദരന്‍ ടി.വി തോമസിനെ ആദ്യമായി കാണുന്നത്‌. പിന്നീടാണ്‌ അത്‌ കമ്യൂണിസ്‌റ്റ്‌ നേതാവായ ടി.വി തോമസ്‌ ആണെന്ന്‌ അറിയുന്നത്‌. അടുപ്പം പ്രണയത്തിലും വിവാഹത്തിലുമെത്തി. അങ്ങനെ ഗൗരി തോമസായി. ഈ ദാമ്പത്യത്തിന്‌ ആയുസ്‌ അധികം ഉണ്ടായില്ലെങ്കിലും മരണംവരെയും ടി.വിയുമായി അടുപ്പം നിലനിന്നു.
ടി.വി തോമസ്‌ അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്ന മുമ്പ്‌ ഉയര്‍ന്ന വാദങ്ങളെയും ഗൗരിയമ്മ ഖണ്ഡിക്കുന്നു. മുംബൈയില്‍ അന്ത്യദിനങ്ങളില്‍ താന്‍ ടി.വിയെ കണ്ടിരുന്നതും മരണശേഷം വിലാപയാത്രയിലടക്കം പങ്കെടുത്തതും അവര്‍ ഓര്‍ക്കുന്നു.

*** വിപ്ലവ വഴിയിലെ പ്രണയങ്ങള്‍

പഠനകാലം മുതല്‍ വിവാഹാഭ്യര്‍ഥനകള്‍ ഉണ്ടായിട്ടുണ്ട്‌. മഹാരാജാസ്‌ കോളജിലെ പഠനകാലത്ത്‌ സഹപാഠിയായ കവി ചങ്ങമ്പുഴ കൃഷ്‌ണപിള്ള വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. സാധിക്കില്ലെന്നു മറുപടി നല്‍കി. ലോ കോളജിലെ പഠനകാലത്ത്‌ ശരത്‌ചന്ദ്രന്‍ നായര്‍ എന്നൊരാള്‍ പ്രേമലേഖനം തപാലില്‍ അയച്ചശേഷം അത്‌ കിട്ടിയോ എന്നറിയാന്‍ വന്നു കൈയിലെ കൃഷ്‌ണന്റെ ചിത്രം ആലേഖനം ചെയ്‌ത മോതിരം കവര്‍ന്നു മടങ്ങി. പ്രേമാഭ്യര്‍ഥനകള്‍ ഒരുപാട്‌ ഉണ്ടായെങ്കിലും അക്കാലത്ത്‌ തിരിച്ചൊരു ആരാധന തോന്നിയത്‌ പാലക്കാട്‌ സ്വദേശിയായ രാജന്‍ എന്നൊരാളോടായിരുന്നു. ആദ്യമാദ്യം പിന്നാലെ നടന്ന അയാളോട്‌ പിന്നീട്‌ ചെറുതായി അടുത്തു. എന്നാല്‍ മഹാരാജാസ്‌ കോളജിലെ പഠനകാലം വരെയേ അതുതുടര്‍ന്നുള്ളു. എ.കെ.ജി വിവാഹാഭ്യര്‍ഥന നടത്തിയെന്നത്‌ സത്യമാണ്‌. എന്റെ സൗന്ദര്യത്തേക്കാള്‍ പാര്‍ട്ടിയോടുള്ള കൂറും വിശ്വാസവുമാകാം അതിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. പാര്‍ട്ടിയെ പ്രാണന്‍ പോലെ സ്‌നേഹിച്ച അദ്ദേഹത്തിന്‌ അതുപോലൊരാളെ ഭാര്യയായി വേണമെന്നായിരുന്നു ആഗ്രഹം.

വിവാഹബന്ധത്തിനു താല്‍പര്യമില്ലെന്നു അറിയിച്ചെങ്കിലും എ.കെ.ജി ഒരിക്കല്‍ കൂടി ആഗ്രഹം പ്രകടിപ്പിച്ചു. ടി.വിയുമൊത്തുള്ള ജീവിതം മറക്കാനാകില്ല. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കൊന്നും തടസം നിന്നിട്ടില്ല. എന്നിട്ടും.. പിണങ്ങിയതിന്റെ കാരണം ഗൗരിയമ്മയ്‌ക്ക്‌പറയാന്‍ മടി. ഇപ്പോള്‍ ഈ വാര്‍ധക്യകാലത്തും പ്രേമം അയാളോടാണെന്ന്‌ സ്വീകരണമുറിയിലെ ചില്ലുകൂട്ടിലെ ടി.വി തോമസിന്റെ ചിത്രം കാട്ടി ഗൗരിയമ്മ പറയുന്നു.

*** ജെ.എസ്‌.എസിന്റെ ഭാവി

പിരിഞ്ഞുപോയ പലരും മടങ്ങിയെത്തിയിട്ടുണ്ട്‌. എല്‍.ഡി.എഫ്‌ ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തില്‍ തീരുമാനം വൈകുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ഇപ്പോള്‍ അതേക്കുറിച്ചൊന്നും പറയാനില്ല. പിറന്നാള്‍ ആഘോഷമല്ലേ നിങ്ങളുടെ വിഷയമെന്നായി ഗൗരിയമ്മ. പിറന്നാള്‍ താനായിട്ട്‌ ആഘോഷിക്കുന്നില്ല. അവര്‍ (ജെ.എസ്‌.എസ്‌ നേതാക്കള്‍) എന്തെക്കൊയോ ഒരുക്കുന്നുണ്ട്‌. ഒന്നും അന്വേഷിച്ചിട്ടില്ലെന്ന്‌ ഗൗരിയമ്മ പറഞ്ഞു നിര്‍ത്തി.

*** യാത്ര കനല്‍വഴിയിലൂടെ...

കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടിയാണ്‌ ഗൗരിയമ്മയെന്ന വിപ്ലവവനിത ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായത്‌. എറണാകുളം മഹാരാജാസ്‌ കോളജില്‍നിന്നു ബി.എ. ബിരുദവും തിരുവനന്തപുരം ലോ കോളജില്‍നിന്ന്‌ നിയമബിരുദവും കരസ്‌ഥമാക്കി. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്‌ഠസഹോദരന്‍ സുകുമാരന്റെ പാത പിന്തുടര്‍ന്നാണ്‌ പൊതു പ്രവര്‍ത്തന രംഗത്തെത്തിയത്‌.
1948 ല്‍ കമ്യൂണിസ്‌റ്റു പാര്‍ട്ടി അംഗമായി. വൈകാതെ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി. 1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മ വിജയിച്ചു. 1957ലെ പ്രഥമ കേരളനിയമസഭയില്‍ അംഗമായി. ഇ.എം.എസിന്റെ നേതൃത്വത്തുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സര്‍ക്കാരില്‍ റവന്യൂ, എക്‌സൈസ്‌ വകുപ്പു മന്ത്രിയായി. ഭൂപരിഷ്‌കരണ ബില്ലടക്കം അവതരിപ്പിച്ച്‌ ചരിത്രം കുറിച്ചു.

ആദ്യ ഇ.എം.എസ്‌ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ടി.വി തോമസാണ്‌ ഭര്‍ത്താവ്‌. 1964ല്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ വിഭിന്ന ചേരികളിലായി. തോമസ്‌ സി.പി.ഐയില്‍ ഉറച്ചു നിന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിനൊപ്പം പോയി.
ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോഡ്‌ ഗൗരിയമ്മയുടെ പേരിലാണ്‌. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്‌), ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റെക്കോഡുകളുണ്ട്‌.
വിവിധകാലങ്ങളില്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്‌റ്റ്‌ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച യു.ഡി.എഫ്‌ മന്ത്രിസഭകളിലും പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ 1994 ല്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്‌.എസ്‌) രൂപവത്‌കരിച്ചു. ആദ്യം യു.ഡി.എഫ്‌ ചേരിയില്‍ നിന്ന ജെ.എസ്‌.എസ്‌ പിന്നീട്‌ ഇടത്‌ പാളയത്തിലെത്തുകയായിരുന്നു.

ജി. ഹരികൃഷ്‌ണന്‍

Ads by Google
ജി. ഹരികൃഷ്‌ണന്‍
Thursday 20 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW