Tuesday, June 25, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.29 AM

ഖഷോഗി വധം: സൗദി കിരീടാവകാശിയുടെ പങ്കിന്‌ തെളിവുണ്ടെന്നു റിപ്പോര്‍ട്ട്‌

uploads/news/2019/06/316055/in5.jpg

ജനീവ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ പങ്കിനെക്കുറിച്ചു വിശ്വസനീയ തെളിവുണ്ടെന്ന്‌ ഐക്യരാഷ്‌ട്രസംഘടന നിയോഗിച്ച മനുഷ്യാവകാശവിദഗ്‌ധ ആഗ്നസ്‌ കാള്ളാമാര്‍ഡിന്റെ റിപ്പോര്‍ട്ട്‌.
ഇതുസംബന്ധിച്ചു വിശദമായ രാജ്യാന്തര അന്വേഷണം നടത്തണമെന്നു യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസിനോട്‌ ആഗ്നസ്‌ ശിപാര്‍ശ ചെയ്‌തു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ താന്‍ കണ്ടതായും അവര്‍ വ്യക്‌തമാക്കി.
കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. എന്നാല്‍, അവരില്‍ മിക്കവരും ഇപ്പോള്‍ വിചാരണ നേരിടുന്നവരിലില്ല. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സൗദി അധികൃതര്‍ നയതന്ത്രപരിരക്ഷ മറയാക്കി. കേസില്‍ 11 പേര്‍ക്കെതിരേ സൗദിയില്‍ നടക്കുന്ന വിചാരണ മരവിപ്പിക്കണമെന്നും റിപ്പോര്‍ട്ട്‌ ശിപാര്‍ശ ചെയ്യുന്നു.
ആരെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലല്ല, മറിച്ച്‌ വിശദമായ അന്വേഷണത്തിന്‌ ആവശ്യമായ തെളിവുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്ന്‌ ആഗ്നസ്‌ പറഞ്ഞു.
ഇതു സംബന്ധിച്ചു സ്വതന്ത്ര മനുഷ്യാവകാശ ഏജന്‍സിയുടെ അന്വേഷണം വേണം. രാജകുമാരന്റെ അധികാരങ്ങളെക്കുറിച്ചു വ്യക്‌തമായ ബോധ്യമുണ്ടായിരുന്ന ഖഷോഗി അദ്ദേഹത്തെ ഭയപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
"വാഷിങ്‌ടണ്‍ പോസ്‌റ്റി"ന്റെ പംക്‌തി എഴുത്തുകാരനും സല്‍മാന്‍ രാജകുമാരന്റെ നിശിതവിമര്‍ശകനുമായിരുന്ന സൗദി സ്വദേശി ജമാല്‍ ഖഷോഗി തുര്‍ക്കി തലസ്‌ഥാനമായ ഇസ്‌താംബൂളിലെ സൗദി നയതന്ത്രകാര്യാലയത്തില്‍ കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണു കൊല്ലപ്പെട്ടത്‌.
ഖഷോഗിയുടെ മൃതദേഹം കോണ്‍സുലേറ്റില്‍ത്തന്നെ കത്തിച്ചുകളഞ്ഞതായാണു തുര്‍ക്കി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌. ഖഷോഗി വധവുമായി ബന്ധമില്ലെന്നായിരുന്നു തുടക്കത്തില്‍ സൗദിയുടെ നിലപാട്‌.
എന്നാല്‍, കോണ്‍സുലേറ്റ്‌ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തിനിടെ ഖഷോഗി യാദൃച്‌ഛികമായി കൊല്ലപ്പെട്ടതാണെന്നു പിന്നീടു സമ്മതിച്ചു. സൗദി അറസ്‌റ്റ്‌ ചെയ്‌ത ഇരുപതിലേറെ പ്രതികളില്‍ അഞ്ചുപേര്‍ക്കു വധശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്‌.
എന്നാല്‍, അസ്വാഭാവികമരണം അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട രാജ്യാന്തരമാനദണ്ഡങ്ങള്‍ സൗദിയും തുര്‍ക്കിയും പുലര്‍ത്തിയില്ലെന്ന്‌ ആഗ്നസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ അമേരിക്കയില്‍ത്തന്നെ നടത്തുന്നതാണ്‌ ഉചിതമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Thursday 20 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW