Saturday, July 06, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 06.23 PM

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി മോഡി വിളിച്ച സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

Congress, Mamata Banerjee,  All-Party Meet

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനപ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ച യോഗത്തില്‍ കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ യോഗത്തിനെത്തിയില്ല. നരേന്ദ്രമോഡി അധ്യക്ഷനായ യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവരാണ് കോണഗ്രസിനു പുറമെ യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക് യോഗത്തില്‍ അല്‍പസമയം പങ്കെടുത്ത് മടങ്ങി. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്', എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് നവീന്‍ പട്‌നായിക് വ്യക്തമാക്കി. സമാധാനം, അഹിംസ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായും നവീന്‍ പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് യാദവ്, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നീ നേതാക്കളും എന്‍സിപിയുടെയും ഡിഎംകെയുടെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികളും യോഗത്തിനെത്തി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി വേണ്ടി വരുന്ന സമയവും പണച്ചിലവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടു വെയ്ക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW