Sunday, July 07, 2019 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.43 AM

സ്‌കൂള്‍ ഏകീകരണം: വിശദചര്‍ച്ച വേണം

uploads/news/2019/06/315893/editorial.jpg

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച്‌ സംസ്‌ഥാനത്ത്‌ വിദ്യാഭ്യാസ രംഗത്ത്‌ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടു മാസത്തേക്കു സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി എന്നിവ ഏകീകരിച്ച്‌ ഒറ്റ ഡയറക്‌ടറേറ്റിനു കീഴില്‍ കൊണ്ടുവരാനുള്ള ശിപാര്‍ശയാണ്‌ ഈ മാസത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയത്‌. ഇതുവരെ രണ്ടു തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ ഒരുകുടക്കീഴിലാക്കിയതോടെ ഘടനയിലും മാറ്റംവന്നു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അതുവരെ ചുമതല വഹിച്ചിരുന്ന ഹെഡ്‌മാസ്‌റ്റര്‍ വൈസ്‌ പ്രിന്‍സിപ്പലുമായി മാറിയതടക്കം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുള്ളതായിരുന്നു മാറ്റങ്ങള്‍. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ആകെ മാറ്റിമറിക്കുന്ന ശിപാര്‍ശകള്‍ വേണ്ടത്ര സൂക്ഷ്‌മതയില്ലാതെ നടപ്പാക്കിയെന്ന്‌ ആരോപിച്ചുള്ള ഹര്‍ജിയിലാണു കോടതി സ്‌റ്റേ അനുവദിച്ചത്‌.

സ്‌കൂള്‍ ഏകീകരണം വിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയര്‍ത്തുമെന്ന നിലപാടാണു സര്‍ക്കാര്‍ കോടതിയിലും ആവര്‍ത്തിച്ചത്‌. ഭരണകാര്യത്തിലും പരീക്ഷാനടത്തിപ്പിലും കാര്യക്ഷമതയുണ്ടാകും, പരീക്ഷാ നടത്തിപ്പ്‌ സുഗമമാകുന്നതിനൊപ്പം ചെലവ്‌ കുറയും, പരീക്ഷാ ടൈംടേബിള്‍ ഏകോപിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രവൃത്തിദിനം ലഭിക്കും എന്നിവയാണു സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന നേട്ടങ്ങള്‍. മൂന്നു വിഭാഗങ്ങളുടെയും വ്യത്യസ്‌ത സ്വഭാവം നിലനിര്‍ത്തി ഭരണ, അക്കാദമിക സൗകര്യങ്ങള്‍ക്കായാണ്‌ ഏകീകരണം എന്നും സര്‍ക്കാര്‍ പറയുന്നു. ജീവനക്കാരുടെ സേവനവ്യവസ്‌ഥയിലോ ആനുകൂല്യങ്ങളിലോ അവസരങ്ങളിലോ മാറ്റമുണ്ടാകില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്‌. സര്‍ക്കാര്‍ നടപടി ദേശീയ വിദ്യാഭ്യാസ നയത്തിന്‌ അനുസൃതമല്ലെന്ന്‌ ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ പുതിയ വിദ്യാഭ്യാസനയം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന കോടതിയുടെ നിരീക്ഷണം പ്രധാനമാണ്‌. കേരളാ വിദ്യാഭ്യാസ ചട്ടത്തില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിക്കുന്നു.

സാക്ഷരതയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലെത്താന്‍ കേരളത്തെ സഹായിച്ചത്‌ വിദ്യാഭ്യാസ രംഗത്തെ മുന്‍തൂക്കമാണ്‌. കേരളത്തിലെ മുക്കിലും മൂലയിലും അനേകം വിദ്യാലയങ്ങള്‍ സമൂഹത്തിന്‌ അക്ഷരം പകര്‍ന്നു നില്‍ക്കുന്നു. ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കിയ കേരള മോഡല്‍ ലോകപ്രശസ്‌തവുമാണ്‌. സര്‍ക്കാരുകള്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തുന്ന മേഖലയും വിദ്യാഭ്യാസമാണ്‌. ഓരോ സര്‍ക്കാരിന്റെയും വിദ്യാഭ്യാസനയങ്ങള്‍ വ്യത്യസ്‌തമായിരിക്കും. അതില്‍ ചിലത്‌ വിദ്യാഭ്യാസമേഖലയെ പിന്നോട്ടുവലിച്ചിട്ടുണ്ടെന്നത്‌ തര്‍ക്കമില്ലാത്ത സത്യമാണ്‌ താനും. പതിറ്റാണ്ടുകളായി നിലനിന്നു പോന്ന വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തുന്നത്‌ ഗുണകരമാകുമെന്ന്‌ സര്‍ക്കാരിനു ബോധ്യമുണ്ടെങ്കില്‍ അതിനുള്ള തീരുമാനവും നടപടിയുമെടുക്കാവുന്നതേയുള്ളു. എന്നാല്‍, ഈ തീരുമാനം വേണ്ടത്ര ജാഗ്രതയോടെയും സൂക്ഷ്‌മതയോടെയുമായിരിക്കണം. വേണ്ടത്ര ചര്‍ച്ചയില്ലാതെ നടപ്പാക്കിയ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം ഇനിയും കേസുകളില്‍നിന്നു മുക്‌തമായിട്ടില്ല. ആ സ്‌ഥിതിക്ക്‌ ഈ മേഖലയിലെ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത്‌ വേണ്ടിയിരുന്നു സ്‌കൂള്‍ ഏകീകരണം നടപ്പാക്കാന്‍. വിദ്യാഭ്യാസത്തെ ചൊല്ലിയുള്ള ഏതു നിയമപോരാട്ടവും അന്തിമമായി ബാധിക്കുക വിദ്യാര്‍ഥികളെയാണ്‌. വിദ്യാര്‍ഥികളുടെ ഭാവിയെ വച്ചുകൊണ്ടുള്ള ഒരു പരീക്ഷണവും ഭൂഷണവുമല്ല. രണ്ടു മാസത്തെ സ്‌റ്റേയുടെ കാലാവധിയില്‍ ഈ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുമായി വിശദമായി ചര്‍ച്ച ചെയ്‌തു വേണം സര്‍ക്കാര്‍ ഏകീകരണവുമായി മുന്നോട്ടു പോകാന്‍.

Ads by Google
Wednesday 19 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW