Saturday, July 06, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Monday 17 Jun 2019 02.27 PM

ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക്; പാലായില്‍ നിന്ന് വിജയിച്ച് മന്ത്രിസഭയിലേക്കും?; ജോസഫ് അയഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക്

രാജ്യസഭാ സീറ്റ് രാജിവയ്ക്കുന്നതോടെ പകരം ജോസ് കെ.മാണി നിര്‍ദേശിക്കുന്നയാളെയോ ഭാര്യ നിഷയെ തന്നെയോ ഇടത് അംഗമായി രാജ്യസഭയിലേക്ക് അയച്ചേക്കും.
jose k mani

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പാര്‍ട്ടി പിളര്‍ത്തി ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. സി.പി.എം നേതാക്കളുമായുള്ള മുന്‍ ധാരണപ്രകാരമാണ് ഇതിന് ജോസ് മുതിരുന്നത്. പാലായില്‍ ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി തന്നെ മത്സരിച്ചേക്കും. അതിനു ശേഷം രാജ്യസഭാംഗത്വം രാജിവയ്ക്കും. പകരം തന്റെ വിശ്വസ്തനെ ഇടത് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കും.

എല്‍.ഡി.എഫിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രിസ്ഥാനം സി.പി.എം വാഗ്ദാനം ചെയ്തുവെന്നാണ് ശ്രുതി. നിലവില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളി എം.എല്‍.എ ജയരാജും ജോസ് കെ.മാണിക്ക് പിന്തുണ നല്‍കുന്നുണ്ട്. കോട്ടയത്തുനിന്നുള്ള എം.പി തോമസ് ചാഴികാടനും ജോസിനൊപ്പം നില്‍ക്കും. പാലായില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തുന്നതോടെ പാര്‍ട്ടിയിലെ അംഗബലത്തില്‍ ജോസഫ് വിഭാഗത്തെ നേരിടാനാകും. കൂറുമാറ്റ നിരോധന നിയമത്തെയും മറികടക്കാനാവും. അതിനുള്ള സാവകാശവും സ്പീക്കര്‍ നല്‍കും.

എല്‍.ഡി.എഫിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സി.എഫ് തോമസ് ജോസഫ് വിഭാഗത്തോട് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നും സൂചനയുണ്ട്. ജോസ് കെ.മാണിയെ എല്‍.ഡി.എഫ് ക്യാമ്പില്‍ എത്തിക്കാന്‍ സി.പി.എം ദൂതരെ ഉപയോഗിച്ച് രഹസ്യചര്‍ച്ചകളും നടത്തികഴിഞ്ഞു. പാലായില്‍ എന്‍.സി.പി ഏകപക്ഷീയമായി മാണി.സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ സി.പി.എമ്മില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനു കാരണവും ഇതുതന്നെയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ നിര്‍ത്താനാണ് സി.പി.എമ്മിന്റെ താല്‍പര്യം. എന്‍.സി.പി തുടര്‍ച്ചയായി മത്സരിക്കുന്ന സീറ്റാണെങ്കിലും ജോസ് കെ.മാണിക്കു വേണ്ടി സി.പി.എം പിടിച്ചെടുക്കും.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിപക്ഷത്തിലൊരംഗമായി രാജ്യസഭയില്‍ ഇരിക്കുന്നതില്‍ ജോസ് കെ.മാണിക്കും വലിയ പ്രയോജനമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനായിരിക്കും താല്‍പര്യം. രാജ്യസഭാ സീറ്റ് രാജിവയ്ക്കുന്നതോടെ പകരം ജോസ് കെ.മാണി നിര്‍ദേശിക്കുന്നയാളെയോ ഭാര്യ നിഷയെ തന്നെയോ ഇടത് അംഗമായി രാജ്യസഭയിലേക്ക് അയച്ചേക്കും. യു.ഡി.എഫില്‍ നിന്നും എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. എല്‍.ഡി.എഫ് ആ സീറ്റ് അദ്ദേഹത്തിന് തന്നെ നല്‍കുകയും ചെയ്തിരുന്നു.

പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ പി.ജെ ജോസഫും അദ്ദേഹത്തിനൊപ്പമുള്ളവരും അംഗീകരിക്കില്ലെന്ന് ജോസ് വിഭാഗത്തിന് അറിയാം. ഈ സാഹചര്യത്തില്‍ പിളര്‍പ്പ് അനിവാര്യമാകും. പി.ജെ ജോസഫ് തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിനും ജയരാജനും പറയുന്നുണ്ടെങ്കിലും ജോസ് കെ.മാണിയുടെ കീഴില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ജോസഫ് ഒരിക്കലും തയ്യാറാകില്ല. അദ്ദേഹത്തിനൊപ്പം സി.എഫ് തോമസിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളും യു.ഡി.എഫില്‍ തന്നെ തുടരും.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കെ.എം മാണിക്കു വേണ്ടി സി.പി.എം വലവീശിയിരുന്നു. ബാര്‍ കോഴയില്‍പെട്ട് യു.ഡി.എഫില്‍ നിന്ന് അകന്നുനിന്നിരുന്ന മാണിയെ ഒപ്പം നിര്‍ത്തി ക്രൈസ്തവ വോട്ടുകള്‍ ഇടതുമുന്നണിയില്‍ എത്തിക്കാമെന്നായിരുന്നു ധാരണ. മാണി വഴുതിപ്പോയെങ്കിലും ഇക്കുറി മകനെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

ജോസ് കെ.മാണി എത്തുന്നതോടെ നിലവില്‍ മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇവരുമായി ലയിക്കാന്‍ തയ്യാറാകേണ്ടി വരും. അതിനു താല്‍പര്യമില്ലെങ്കില്‍ മുന്നണി വിട്ട് പോകേണ്ടിവന്നേക്കും.

-ബീനാ സെബാസ്റ്റ്യന്‍

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Monday 17 Jun 2019 02.27 PM
Ads by Google
Loading...
LATEST NEWS
TRENDING NOW