Tuesday, June 25, 2019 Last Updated 37 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 07.52 AM

'വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം ഒരു പെണ്‍കുട്ടിയും കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടില്ല' 'നോ മീന്‍സ് നോ' എന്നത് നമ്മുടെ ആണ്‍കുട്ടികളെ മാത്രമല്ല സമൂഹത്തെ മൊത്തം പഠിപ്പിക്കണം; മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

face book post

മാവേലിക്കരയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ വെട്ടി വീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ ഞെട്ടലില്‍ നിന്നും കേരളം മുക്തമായിട്ടില്ല. മൂന്ന് മാസത്തിനിടെ മൂന്ന് സ്ത്രീകളാണ് തീകൊളുത്തി കൊലക്ക് ഇരകളാകുന്നത്. ദാരുണ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ഈ നോ മീന്‍സ് നോ പഠിച്ചില്ലെങ്കില്‍ പഠിപ്പിക്കാനുള്ള സംവിധാനവും കേരളത്തില്‍ ഉണ്ടാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മാതൃകാപരമായി വേഗത്തില്‍ ശിക്ഷിക്കണം. വിദ്യാര്‍ത്ഥി ആയതുകൊണ്ടോ, പോലീസുകാരന്‍ ആയതു കൊണ്ടോ, മുന്‍പ് ഒരു ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്തത് കൊണ്ടോ ഒന്നും ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ആനുകൂല്യം കിട്ടരുത്. ഏറ്റവും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുക, കേസ് കോടതിയില്‍ എത്തിക്കുക, വേഗത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിക്കുക. പോലീസുകാര്‍ പ്രതികളായിരുന്ന ഒരു ഉരുട്ടിക്കൊലക്കേസില്‍ ഒരു പതിറ്റാണ്ടു കഴിഞ്ഞു ശിക്ഷ വിധിക്കാന്‍. ഒരാളെ വണ്ടിയിടിച്ച് വീഴ്ത്തി കത്തിക്ക് കുത്തിയതിന് ശേഷം പെട്രോളൊഴിച്ചു കത്തിച്ച ഒരാള്‍ ഒരു മാസത്തിനകം ജാമ്യത്തിലിറങ്ങി അടുത്ത പത്തു വര്‍ഷം കേസ് തീരുന്നത് വരെ പുറത്ത് സ്വാതന്ത്ര്യത്തോടെ നടക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് എങ്ങനെയാണ് സ്ത്രീകള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ സാധിക്കുന്നത്? എന്ത് ധൈര്യത്തില്‍ അവര്‍ നോ പറയും? അത് സംഭവിക്കാന്‍ അനുവദിക്കരുത്. നോ മീന്‍സ് നോ എന്നത് മനസ്സിലാക്കുന്നതു പോലെ തന്നെ വേണം അത് മനസ്സിലാക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനും.-മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കത്തി, കുത്ത്, പെട്രോള്‍; പകര്‍ച്ചവ്യാധി ആകുന്ന ദുരന്തം.

വള്ളിക്കുന്നില്‍ നിന്നുള്ള വാര്‍ത്തകള്‍ വല്ലാതെ സങ്കടപ്പെടുത്തുന്നു. മൂന്നു കുട്ടികളുടെ അമ്മയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. തിരക്കഥയിലും ഏറെ മാറ്റമില്ല. പെണ്‍കുട്ടിയോട് 'സ്‌നേഹം' തോന്നിയ ഒരാള്‍, വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. പെണ്‍കുട്ടി അത് നിരസിക്കുന്നു. എനിക്കില്ലെങ്കില്‍ പിന്നെ നിനക്ക് വേറൊരു ജീവിതം വേണ്ട എന്ന് പുരുഷനങ്ങ് തീരുമാനിക്കുന്നു. ബാക്കിയെല്ലാം ഇപ്പോള്‍ കേരളത്തില്‍ പതിവുള്ള പാറ്റേണ്‍ തന്നെ, കത്തി, കുത്ത്, പെട്രോള്‍, ദാരുണമായ മരണം. എന്തൊരു കഷ്ടമാണിത്.

ഇത്തവണ ഒരു മാറ്റം കൂടിയുണ്ട്. കൊല്ലപ്പെട്ടത് ഒരു പൊലീസുകാരിയാണ്. കൊല്ലപ്പെട്ടേക്കാം എന്നവര്‍ക്ക് അറിയാമായിരുന്നു. വീട്ടുകാരോട് ആ കാര്യം പറഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ സൗമ്യയുടെ അമ്മ പറയുന്നതനുസരിച്ച് സൗമ്യയുടെ മേലുദ്യോഗസ്ഥനോടും കാര്യങ്ങള്‍ പറഞ്ഞിരുന്നു.

ജീവിതത്തില്‍ പലപ്പോഴും കണ്ടിട്ടുള്ള കാര്യമാണ്. നമുക്ക് ഒരു കാര്യം വഷളായേക്കാമെന്ന് സംശയം തോന്നിയാലും, 'ഏയ് അതൊന്നും ഉണ്ടാകില്ല, അയാള്‍ അത്ര മണ്ടത്തരം കാണിക്കില്ല, ഞാന്‍ വെറുതെ അനാവശ്യമായി പേടിക്കുന്നതാണ്' എന്ന് ആശ്വസിക്കാന്‍ ശ്രമിക്കും. ചുറ്റുമുള്ളവരും പലപ്പോഴും അത് തന്നെ പറയും. ചില സാഹചര്യത്തിലെങ്കിലും വീട്ടിലോ ഓഫീസിലോ പോലീസിലോ പരാതിപ്പെടുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയേക്കാം എന്ന് അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകാമെന്ന് (ഉദാഹരണം, ബ്ലാക്ക് മെയില്‍ ചെയ്യുന്ന സാഹചര്യങ്ങളില്‍) തോന്നാം.

സൗമ്യയുടെ മരണവും നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ഒരു അപകട സാധ്യതയുണ്ടെന്ന് നമ്മുടെ മനസ്സ് നമ്മളോട് പറയുന്നുണ്ടെങ്കില്‍ അത് സീരിയസ് ആയി എടുക്കുക. ഏറ്റവും വേഗം വീട്ടിലും, കോളേജിലോ ഓഫിസിലോ വേണമെങ്കില്‍ കോടതിയിലോ പോലീസിലോ പരാതി പറയുക. 'err on the side of caution' എന്ന് ഇംഗ്‌ളീഷില്‍ ഒരു പ്രയോഗമുണ്ട്. അതാണ് ഇത്തരം സാഹചര്യത്തില്‍ ചെയ്യേണ്ടത്. പരാതി പറഞ്ഞത് കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ പരാതി പറയാതിരിക്കുന്നതിനേക്കാള്‍ കുറവായിരിക്കും.

'നോ മീന്‍സ് നോ' എന്നത് നമ്മുടെ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും, 'വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം ഒരു പെണ്‍കുട്ടിയും കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടില്ല' എന്നും ഈ വിഷയത്തില്‍ ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിട്ടുണ്ട്. ഇതിപ്പോള്‍ കുട്ടികളെ മാത്രമല്ല സമൂഹത്തെ മൊത്തം 'നോ മീന്‍സ് നോ' പഠിപ്പിക്കണം എന്ന് തോന്നുന്നു.

ഈ നോ മീന്‍സ് നോ പഠിച്ചില്ലെങ്കില്‍ പഠിപ്പിക്കാനുള്ള സംവിധാനവും കേരളത്തില്‍ ഉണ്ടാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മാതൃകാപരമായി വേഗത്തില്‍ ശിക്ഷിക്കണം. വിദ്യാര്‍ത്ഥി ആയതുകൊണ്ടോ, പോലീസുകാരന്‍ ആയതു കൊണ്ടോ, മുന്‍പ് ഒരു ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്തത് കൊണ്ടോ ഒന്നും ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ആനുകൂല്യം കിട്ടരുത്. ഏറ്റവും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുക, കേസ് കോടതിയില്‍ എത്തിക്കുക, വേഗത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിക്കുക. പോലീസുകാര്‍ പ്രതികളായിരുന്ന ഒരു ഉരുട്ടിക്കൊലക്കേസില്‍ ഒരു പതിറ്റാണ്ടു കഴിഞ്ഞു ശിക്ഷ വിധിക്കാന്‍. ഒരാളെ വണ്ടിയിടിച്ച് വീഴ്ത്തി കത്തിക്ക് കുത്തിയതിന് ശേഷം പെട്രോളൊഴിച്ചു കത്തിച്ച ഒരാള്‍ ഒരു മാസത്തിനകം ജാമ്യത്തിലിറങ്ങി അടുത്ത പത്തു വര്‍ഷം കേസ് തീരുന്നത് വരെ പുറത്ത് സ്വാതന്ത്ര്യത്തോടെ നടക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് എങ്ങനെയാണ് സ്ത്രീകള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ സാധിക്കുന്നത്? എന്ത് ധൈര്യത്തില്‍ അവര്‍ നോ പറയും? അത് സംഭവിക്കാന്‍ അനുവദിക്കരുത്. നോ മീന്‍സ് നോ എന്നത് മനസ്സിലാക്കുന്നതു പോലെ തന്നെ വേണം അത് മനസ്സിലാക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനും.

ഇതൊക്കെ വെറും ആഗ്രഹങ്ങള്‍ മാത്രം. സംഭവിക്കാന്‍ പോകുന്നതെന്തെന്ന് എനിക്ക് നല്ല ഊഹമുണ്ട്. അതുകൊണ്ട് ആ കുട്ടികളെ ഓര്‍ത്താണ് ഏറെ ദുഃഖം. എത്ര പെട്ടെന്നാണ് ജീവിതങ്ങള്‍ മാറി മറിയുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം ഈ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും മാഞ്ഞുപോകും. ആ കുട്ടികളുടെ ജീവിതത്തില്‍ നിന്നും ഈ സംഭവത്തിന് ഇനി ഒരു ഒഴിഞ്ഞുപോക്കില്ല. നമ്മുടെ പോലീസ് അസോസിയേഷന്‍ ആ കുട്ടികളെ സ്വന്തം കുട്ടികളായി എടുത്ത് സാന്പത്തികവും മാനസികവുമായ സുരക്ഷിതത്വവും കരുതലും നല്‍കും എന്ന് ആഗ്രഹിക്കുന്നു. നന്മകള്‍ മാത്രം നേരുന്നു!

മുരളി തുമ്മാരുകുടി

Ads by Google
Monday 17 Jun 2019 07.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW