Tuesday, July 02, 2019 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.21 AM

നന്ദി സ്‌റ്റെഫീ ഒരായിരം നന്ദി , ജര്‍മന്‍ ടെന്നീസ്‌ ഇതിഹാസം സ്‌റ്റെഫി ഗ്രാഫ്‌ അമ്പതിന്റെ നിറവില്‍

uploads/news/2019/06/315019/s3.jpg

മൂന്നര പതിറ്റാണ്ടു മുമ്പ്‌ ആരാധകഹൃദയങ്ങളില്‍ ചേക്കേറിയ സൗന്ദര്യചിത്രത്തിന്‌ ഇന്നലെ അമ്പതിന്റെ നിറവ്‌. 1982-ല്‍ ടെന്നീസ്‌ ലോകത്തിന്റെ കണ്ണിലുണ്ണിയായി അവതരിച്ച ജര്‍മന്‍ ഇതിഹാസം സ്‌റ്റെഫാനി മരിയ ഗ്രാഫ്‌ എന്ന സ്‌റ്റെഫി ഗ്രാഫ്‌ ഇന്നലെ അമ്പതാം പിറന്നാളാഘോഷിച്ചു.
വനിതാ ടെന്നീസില്‍ സ്‌റ്റെഫിയോളം മികച്ച ഒരു താരം ഇന്നുവരെ ഉയര്‍ന്നുവന്നിട്ടില്ല. ഗ്രാന്‍ഡ്‌ സ്ലാം നേട്ടത്തിന്റെ കണക്കില്‍ അമേരിക്കന്‍ ടെന്നീസ്‌ താരം സെറീന വില്യംസ്‌ മുന്നിലെത്തിയെങ്കിലും ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന താരമന്ന നേട്ടവും ആരാധകപ്രീതിയും ഇന്നും സ്‌റ്റെഫിയെ ഒന്നാമതുതന്നെ നിര്‍ത്തുന്നു.
377 ആഴ്‌ചകളാണ്‌ അവര്‍ റാങ്കിങ്ങില്‍ തലപ്പത്തുണ്ടായിരുന്നത്‌. കൂടാതെ ടെന്നീസില്‍ 'ഗോള്‍ഡന്‍ സ്ലാം' (ഒരേ കലണ്ടര്‍ വര്‍ഷത്തില്‍ നാല്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളും ഒളിമ്പിക്‌ സ്വര്‍ണവും) നേട്ടം സ്വന്തമാക്കിയ താരവും ഓരോ ഗ്രാന്‍ഡ്‌സ്ലാമും നാലുവട്ടം വീതം നേടിയിട്ടുള്ള ഒരേയൊരു ടെന്നീസ്‌ താരവും കൂടിയാണ്‌ സ്‌റ്റെഫി.
ഏഴ്‌ തവണ വിംബിള്‍ഡണ്‍, ആറു തവണ ഫ്രഞ്ച്‌ ഓപ്പണ്‍, അഞ്ചു തവണ യു.എസ്‌ ഓപ്പണ്‍, നാലു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സെ്‌റ്റഫി സ്വന്തമാക്കിയിട്ടുണ്ട്‌.
1969-ല്‍ പശ്‌ചിമ ജര്‍മനിയിലെ മാന്‍ഹെയ്‌മില്‍ ജനിച്ച സ്‌റ്റെഫി ചെറുപ്പത്തിലേ റാക്കറ്റ്‌ കൈയിലെടുക്കുകയായിരുന്നു. പ്രീപ്രൈമറി സ്‌കൂള്‍ കാലഘട്ടം മുതല്‍ ടെന്നീസ്‌ കളിച്ചു തുടങ്ങിയ സ്‌റ്റെഫി വരവറിയിക്കുന്നത്‌ 1981-ല്‍ ലോക യൂത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടിക്കൊണ്ടായിരുന്നു.
തന്റെ 12-ാം വയസിലായിരുന്നു ആ നേട്ടം. യൂത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന ആദ്യ ജര്‍മന്‍ താരമെന്ന ബഹുമതിയും സ്‌റ്റെഫി അന്നു സ്വന്തമാക്കി. പിന്നീട്‌ ഒരിക്കല്‍പ്പോലും ജര്‍മന്‍ ഇതിഹാസത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ 18-ാം വയസില്‍ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടി സ്‌റ്റെഫി ജൈത്രയാത്ര ആരംഭിച്ചു. റോളണ്ട്‌ ഗാരോസിലെ കളിമണ്‍കോര്‍ട്ടില്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ഉയര്‍ത്തിയായിരുന്നു തുടക്കം. ആ ജയത്തോടെ ലോക ടെന്നീസ്‌ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തിയ സ്‌റ്റെഫി പിന്നീട്‌ 377 ആഴ്‌ചകളാണ്‌ അവിടെ തുടര്‍ന്നത്‌.
1988-ലാണ്‌ ചരിത്രം കുറിച്ച ജയങ്ങള്‍ സ്‌റ്റെഫിയെ തേടിയെത്തിയത്‌. ആ വര്‍ഷം നാലു ഗ്രാന്‍ഡ്‌സ്ലാമുകളും സ്വന്തമാക്കിയ സ്‌റ്റെഫി ഒളിമ്പിക്‌ സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം തികയ്‌ക്കുകയും ചെയ്‌തു.
18 വര്‍ഷം നീണ്ട കരിയറിനിടെ 22 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളാണ്‌ സ്‌റ്റെഫി സ്വന്തമാക്കിയത്‌. ഫ്രഞ്ച്‌ ഓപ്പണ്‍ ജയിച്ചു തുടങ്ങിയ അവര്‍ ഒടുവില്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ജയിച്ചു തന്നെ കരിയര്‍ അവസാനിപ്പിച്ചു; 1999-ല്‍ മാര്‍ട്ടിന ഹിംഗിസിനെ തോല്‍പിച്ചായിരുന്നു അവരുടെ അവസാന ഗ്രാന്‍ഡ്‌സ്ലാം വിജയം.
പരുക്കുകളെത്തുടര്‍ന്ന്‌ ഏറെവൈകാതെ ടെന്നീസ്‌ കോര്‍ട്ടിനോട്‌ അവര്‍ വിടചൊല്ലുകയും ചെയ്‌തു. വിരമിക്കലിനു ശേഷം അമേരിക്കന്‍ ടെന്നീസ്‌ താരം ആന്ദ്രെ അഗാസിയെ വിവാഹം ചെയ്‌ത സ്‌റ്റെഫി ഇപ്പോള്‍ കുടുംബസമേതം യു.എസിലാണ്‌. നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവര്‍ യു.എസില്‍ കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍ ഫോര്‍ ടുമോറോ എന്ന സംഘടനയില്‍ അംഗമാണ്‌. ഇന്നലെ തന്റെ 50-ാം പിറന്നാളും കുട്ടികള്‍ക്കൊപ്പമാണ്‌ അവര്‍ ആഘോഷിച്ചത്‌.
ഒന്നര പതിറ്റാണ്ടു കാലത്തോളം വനിതാ ടെന്നീസിനെ അടക്കി ഭരിച്ച സ്‌റ്റെഫിയുടെ ഓരോ ഫോര്‍ഹാന്‍ഡ്‌ ഷോട്ടുകളും ഇന്നും ആരാധകര്‍ രോമഹര്‍ഷത്തോടെയാണ്‌ ഓര്‍ക്കുന്നത്‌. തിളക്കമേറിയ ആ കരിയറിനും അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ക്കും ഒരായിരം നന്ദി പറയുകയാണ്‌ ആരാധകര്‍.

Ads by Google
Saturday 15 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW