Monday, June 24, 2019 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 02.50 PM

ശീലമാക്കാം ആരോഗ്യഭക്ഷണരീതി

''നന്നായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നതുപോലെതന്നെ നല്ല ആഹാരശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഒരു കലയാണ്. അതിനായുള്ള തയാറെടുപ്പുകള്‍ ചെറുപ്പത്തിലേ തുടങ്ങണം''
healthy food habits

ആരോഗ്യമുള്ള ഭക്ഷണരീതി ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണ്. ആരോഗ്യകരവും ആനന്ദപൂര്‍ണവുമായ ജീവിതത്തിന് കൃത്യതയാര്‍ന്ന ഭക്ഷണരീതിയുടെ പങ്ക് വളരെ വലുതാണ്. അത് പണം കൊടുത്ത് നേടിയെടുക്കാവുന്നതല്ല. രുചിയേക്കാ ള്‍ ഗുണത്തിന് പ്രാധാന്യം കൊടുത്തു ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യകരമായൊരു ഭക്ഷണരീതി സ്വന്തമാക്കാം.

ഹെല്‍തി ഈറ്റിങ്


ഹെല്‍തി ഈറ്റിങ് അഥവാ ആരോഗ്യകരമായ ഭക്ഷണരീതി ഇന്ന് എല്ലാ ആഹാര - ആരോഗ്യ ചര്‍ച്ചകളിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. നല്ല ആരോഗ്യത്തിന്റെ അടിത്തറയാണ് ഹെല്‍ത്തി ഈറ്റിങ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന് ആവശ്യമായ ശരിയായ ഭക്ഷണരീതിയാണ്.

നല്ല വസ്ത്രം തെരഞ്ഞെടുക്കാനുള്ള ക്ഷമയോ സമയമോ പോലും ആഹാര കാര്യത്തില്‍ നാം പ്രകടിപ്പിക്കാറില്ല. ആഹാര - ആരോഗ്യകാര്യത്തില്‍ വരുത്തുന്ന ഈ അശ്രദ്ധയും തെറ്റായ ആഹാരശീലങ്ങളുമാണ് അനാരോഗ്യത്തിന്റെ പ്രധാന കാരണം.

ചെറുപ്പത്തില്‍ തുടങ്ങാം


നന്നായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നതുപോലെതന്നെ നല്ല ആഹാരശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഒരു കലയാണ്. അതിനായുള്ള തയാറെടുപ്പുകള്‍ ചെറുപ്പത്തിലേ തുടങ്ങണം. ബാല്യത്തില്‍ ആഹാരത്തില്‍ വലിയ ശ്രദ്ധയൊന്നും കൊടുത്തെന്നു വരില്ല.

എന്നാല്‍ ചെറുപ്പത്തിലെ ദുശീലങ്ങള്‍ രോഗമായി മാറുന്നത് 30 - 35 ശേഷമായിരിക്കുമെന്ന് ഓര്‍ക്കുക. ഇന്ധനം ഇല്ലാതെ വാഹനം ഓടിക്കാന്‍ കഴിയില്ലാത്തതുപോലെ പൂര്‍ണമായും ഭക്ഷണം നിയന്ത്രിച്ചുക്കൊണ്ട് ജീവിക്കാനാവില്ല.

ജീവന്‍ നിലനിര്‍ത്താനുള്ള ഇന്ധനമാണ് ഭക്ഷണം. മനുഷ്യശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഈ ഇന്ധനം അന്ത്യതാപേക്ഷിതമാണ്. അത് വേണ്ട രീതിയില്‍ വിനിയോഗിച്ചില്ലെങ്കില്‍ നമ്മുടെ ജീവനുത്തന്നെ ഭീക്ഷണിയായി തീരുന്നതാണ്.

healthy food habits

ജീവിതശൈലി രോഗങ്ങളിലേക്ക്


പല ജീവിതശൈലി രോഗങ്ങളും പിടികൂടുന്നത് തെറ്റായ ഭക്ഷണരീതിയുടെ ഫലമായാണ്. പ്രമേഹം ഹൃദ്രോഗം, ഹൃദയധമനീ രോഗങ്ങള്‍, അമിതരക്തസമ്മര്‍ദം, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ആധിക്യം, ഗൗട്ട് എന്നിങ്ങനെയുള്ള രോഗങ്ങള്‍ മുതല്‍ കാന്‍സര്‍വരെ നീളുന്ന രോഗങ്ങളുടെ നീണ്ടനിര.

വാരിവലിച്ചുള്ള ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും നമുക്ക് നല്‍കുന്ന സമ്മാനങ്ങളാണ് ഇവയെല്ലാം. അതുകൊണ്ട് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വവും നമ്മുക്കു തന്നെയാണ്.

ഭക്ഷണം കൃത്യസമയത്ത്


രാവിലെ സ്‌കൂളിലേക്കും കോളജിലേക്കും ഓഫീസിലേക്കും ഓടുന്ന ബഹളത്തിനിടയ്ക്ക് സമയം ലാഭിക്കാനുള്ള എളുപ്പവഴിയായി തെരഞ്ഞെടുക്കുന്നത് പ്രഭാത ഭക്ഷണം ഉപേക്ഷിക്കുകയാണ്. ഇതൊരു ശീലമാകുമ്പോള്‍ ഭക്ഷണം ദഹിക്കാനുള്ള ദഹനരസങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാതിരിക്കും.

തന്മൂലം പല ദഹനപ്രശ്‌നങ്ങള്‍ക്കും അസിഡിറ്റിക്കും വഴിവയ്ക്കുന്നു. അത്താഴം കഴിഞ്ഞ് 10-12 മണിക്കൂറിനുശേഷം കഴിക്കുന്ന പ്രഭാതഭക്ഷണത്തെ ആശ്രയിച്ചിരിക്കും ആ ദിവസത്തെ പ്രവര്‍ത്തനശേഷി. അതിനാല്‍ എട്ട് മണിക്കകം പ്രാതല്‍ കഴിക്കാന്‍ ഏത് പ്രായത്തിലുള്ളവരും ശ്രദ്ധിക്കണം.

ഭക്ഷണം അമിതമാകരുത്


പോഷകമൂല്യമുള്ള ഭക്ഷണം ആരോഗ്യകരമായ ഭക്ഷണശൈലിക്ക് പ്രധാനമാണെന്നു പറഞ്ഞുവല്ലോ. അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്.

ഇപ്പോള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ വിശന്നു തുടങ്ങുമെന്ന ചിന്താഗതിയാണ് നമ്മുടെ മൂന്ന് നേരവുമുള്ള വിഭവസമൃദ്ധമായ ആഹാരരീതിയ്ക്കു പിന്നില്‍.

healthy food habits

വിശപ്പ് മുന്നില്‍ കണ്ടുക്കൊണ്ട് ഭക്ഷണം കഴിക്കുന്ന രീതി ശരിയല്ല. മൂന്നുനേരം വയറുനിറച്ചു കഴിച്ചശേഷം ഒരു ദിവസം മൂന്നുനേരത്തില്‍ കൂടുതല്‍ കഴിക്കുന്നില്ലെന്ന് ഗമയില്‍ പറയുന്നതില്‍ അര്‍ഥമില്ല. ഇടനേരങ്ങളിലെ ഭക്ഷണം ഉപേക്ഷിച്ച് കഴിക്കുന്ന സമയം വെട്ടിവിഴുങ്ങുന്നതല്ല ഹെല്‍തി ഈറ്റിങ്.

മൂന്നുനേരം മിതമായ അളവില്‍ കഴിക്കുക. അതിനുശേഷം ഇടനേരങ്ങളില്‍ ഏതെങ്കിലും പഴവര്‍ഗങ്ങളോ മോരുവെള്ളമോ എണ്ണമയം, മധുരം ഇവ കുറഞ്ഞ പലഹാരമോ ഉള്‍പ്പെടുത്താവുന്നതാണ്.

സമീകൃതാഹാരം


കഴിക്കുന്ന ആഹാരം സമീകൃതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കുന്നതിനൊപ്പം പ്രോട്ടീന്‍ സമ്പന്നമായ ആഹാരവും കഴിക്കണം.

നിത്യവുമുള്ള ഭക്ഷണക്രമത്തില്‍ പച്ചക്കറി വിഭവങ്ങളുടെ സ്ഥാനം വളരെ വലുതാണ്. അതിനാല്‍ പച്ചക്കറി വിഭവങ്ങള്‍ ധാരാളമായി കഴിക്കുക. കൊഴുപ്പുകുറഞ്ഞ മീന്‍, മുട്ടയുടെ വെള്ള, കൊഴുപ്പ് നീക്കം ചെയ്ത പാല്‍ ഇവയെല്ലാം ശരീരത്തിനു നല്‍കുന്ന ഗുണങ്ങള്‍ ഒറ്റ വാക്കില്‍ ഒതുങ്ങുന്നതല്ല. ആഹാരക്രമത്തില്‍ ഇവയുടെ സ്ഥാനം ഒന്നാ നിരയില്‍തന്നെയായിരിക്കണം.

ഡയറ്റിങ് എപ്പോള്‍ മുതല്‍


രോഗങ്ങള്‍ ശരീരത്തെ ആക്രമിച്ചു തുടങ്ങി എന്ന അറിവു കിട്ടുമ്പോഴായിരിക്കും എന്നാല്‍ ഇനി ഡയറ്റിങ് ആരംഭിച്ചേക്കാം എന്ന ബോധം ഉദിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ പിടിപ്പെട്ട് ആശുപത്രിയിലെത്തിയശേഷം ചികിത്സയുടെ ആദ്യപടിയായി ആരംഭിക്കേണ്ടതല്ല ഭക്ഷണക്രമീകരണം അഥവാ ഡയറ്റ്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത് ഒരു കുട്ടി ജനിച്ച് ഏകദേശം രണ്ടു വയസു മുതല്‍ തന്നെ ഡയറ്റ് ശ്രദ്ധിച്ചു തുടങ്ങണമെന്നാണ്. വണ്ണം കുറയ്ക്കുക എന്നാണ് പലരും ഡയറ്റ് എന്ന വാക്കുക്കൊണ്ട് ഉദേശിക്കുന്നത്. ആ ധാരണ മാറേണ്ടിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിനുള്ള ഒറ്റമൂലിയാണ് ശരിയായ രീതിയിലുള്ള ഭക്ഷണനിയന്ത്രണം.

healthy food habits

കുട്ടികളുടെ ഭക്ഷണം


ശരിയായ ഭക്ഷണക്രമീകരണം ചെറുപ്പം മുതല്‍ ആരംഭിക്കേണ്ടതാണ്. അതിന് മുന്‍കൈയ് എടുക്കേണ്ടത് മാതാപിതാക്കളും. എന്റെ മോന്‍/ മോള്‍ വറുത്തതും പൊരിച്ചതും മാത്രമേ കഴിക്കൂ എന്ന് മക്കളെ നോക്കി അഭിമാനപൂര്‍വം പറയുന്ന മാതാപിതാക്കളാണ് ജീവിതശൈലി രോഗങ്ങളുടെ വിത്തുപാകുന്നത്.

സ്‌നേഹപ്രകടനങ്ങളിലൂടെ കുഞ്ഞു വയറു നിറയ്ക്കാന്‍ പെടാപാടുപ്പെടുന്ന അമ്മമാര്‍ ഇതൊന്നും ചിന്തിച്ചെന്നു വരില്ല. വിശപ്പിനാണ് ഭക്ഷണം കൊടുക്കേണ്ടത്. അല്ലാതെ എന്തു കഴിച്ചാലും എന്റെ കുഞ്ഞ് വണ്ണം വയ്ക്കുന്നില്ലല്ലോ എന്ന പരിഭവത്തിലായിരിക്കരുത് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍.

മുതിര്‍ന്ന ഒരാള്‍ കഴിക്കുന്ന എല്ലാ ആഹാരങ്ങളും കുട്ടികള്‍ക്കും കൊടുത്തു ശീലിപ്പിക്കണം. ചില ഭക്ഷണങ്ങളോട് കുട്ടി അനിഷ്ടം കാണിച്ചേക്കാം. അപ്പോള്‍ പോഷക സമൃദ്ധമായ വിഭവങ്ങള്‍ കുട്ടിക്ക് കൊടുക്കാതിരിക്കുകയല്ല വേണ്ടത്. ഇഷ്ടമല്ലെങ്കിലും അത് കഴിച്ചേ മതിയാകൂവെന്ന് സ്‌നേഹം കലര്‍ത്തി അനുനയത്തിന്റെ ഭാഷയില്‍ അവരെ നിര്‍ബന്ധിക്കുക.

ആ ഭക്ഷണത്തിന്റെ പ്രാധാന്യം ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട കടമ മാതാപിതാക്കളുടേതാണ്. അല്ലാതെ അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം കഴിക്കട്ടെ എന്ന കാഴ്ചപ്പാടിന് മാതാപിതാക്കള്‍ മാറ്റം വരുത്തണം.

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും മറ്റ് കൃത്രിമ ആഹാരസാധനങ്ങളുമൊക്കെ പരമാവധി ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കുകയാണ് വേണ്ടത്. ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാനും കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക്തടയിടാനും ഇതുകൊണ്ട് സാധിക്കും.

കടപ്പാട്:
ദ ഗൈഡ് ടു ഹെല്‍തി ഈറ്റിങ്

Ads by Google
Friday 14 Jun 2019 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW