Monday, June 24, 2019 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 05.01 PM

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Annamanada parameswara marar

കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതിയായിരുന്ന അന്നമനട പരമേശ്വര മാരാര്‍ (67) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. ഏറെക്കാലം തൃശൂര്‍ പൂരത്തിന്റെ മേളപ്രമാണിയായിരുന്നു. വര്‍ഷങ്ങളോളം പ്രമാണിയായും പഞ്ചവാദ്യനിരയില്‍ ഒരാളായി മഠത്തില്‍ വരവില്‍ കൊട്ടിക്കയറിയ പ്രതിഭയായിരുന്നു. തിമിലയില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ താളങ്ങളും പരീക്ഷണങ്ങളും അദ്ദേഹം ശ്രദ്ധേയനാക്കി.

സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Annamanada parameswara marar

ഗുരുവായൂര്‍ ഉത്സവകാലത്ത് പഞ്ചവാദ്യത്തിന് സ്ഥിരം പ്രമാണിയായിരുന്ന പരമേശ്വര മാരാര്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് അരങ്ങത്തുനിന്ന് കുറച്ചുനാള്‍ വിട്ടുനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഗുരുവായൂരില്‍ പ്രമാണക്കാരായി എത്തിയിരുന്നു. പഞ്ചവാദ്യത്തിലെ പതികാലം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

കലശലായ പ്രമേഹമാണ് മരാരുടെ കലാജീവിതത്തിന് തടസ്സമായത്. വിരലുകള്‍ മുറിച്ചുമാറ്റുന്ന സാഹചര്യം വരെയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തെ അന്നമനട ത്രയം പഞ്ചവാദ്യത്തിനും മുന്‍നിരയില്‍ മാരാര്‍ ഉണ്ടായിരുന്നു. അന്നമനട മഹാദേവനു മുന്നില്‍ അരനൂറ്റാണ്ടായി പഞ്ചവാദ്യാഞ്ജലി അര്‍പ്പിക്കുന്നത് പരമേശ്വര മാരാര്‍ ആയിരുന്നു. 1971 മുതല്‍ തിരുവമ്പാടി പഞ്ചാവാദ്യത്തിന് മിഴിവേകുന്ന അന്നമനട പരമേശ്വര മാരാര്‍ 2002ലാണ് പ്രമാണ സ്ഥാനത്തെത്തിയത്.

1965ല്‍ കലാമണ്ഡലത്തില്‍ പഞ്ചവാദ്യം ഐശ്ചിക വിഷയമായി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് മേളത്തില്‍ ശ്രദ്ധേയനാകുന്നത്. തൃശൂര്‍ അന്നമനട സ്വദേശിയായ പരമേശ്വര മാരാര്‍ ചികിത്സയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി എറണാകുളത്തായിരുന്നു താമസം. കലാമണ്ഡലത്തില്‍ അധ്യാപകനുമായിരുന്നു.

Ads by Google
Wednesday 12 Jun 2019 05.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW