Wednesday, June 26, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 03.58 PM

കൂടുതൽ സുരക്ഷ സംവിധാനങ്ങളോടെ ഹോണ്ട സിറ്റി

honda city gets safety updates

ഹോണ്ട സിറ്റിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. പുതിയ സ്പീഡ് അലാം സംവിധാനം കഴിഞ്ഞ മേയ് 28 മുതൽ നിർമിച്ച ‘സിറ്റി’ കാറുകളിൽ ഘടിപ്പിച്ചതാണു പ്രധാന പരിഷ്കാരം. ആദ്യ ശബ്ദ സൂചന കാറിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കടക്കുന്നതോടെ ലഭിക്കും; വേഗം 120 കിലോമീറ്ററിലേറെയാവുന്നതോടെ അലാം തുടർച്ചയായി ബീപ് ശബ്ദം പുറപ്പെടുവിക്കും.

ഇതോടൊപ്പം മുൻ സീറ്റ് യാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ‘സിറ്റി’യിൽ ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിലെ പരിഷ്കാരങ്ങളുടെ പേരിൽ കാറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടുമില്ല; ഡൽഹി ഷോറൂമിൽ 9.72 മുതൽ 14.07 ലക്ഷം രൂപ വരെയാണു ‘സിറ്റി’യുടെ വിവിധ വകഭേദങ്ങളുടെ വില.

2014ലാണ് സിറ്റി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്; 2017 തുടക്കത്തിൽ കാറിൽ ഹോണ്ട കാര്യമായ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നിർദേശപ്രകാരം നിലവിൽ വരുന്ന പരിഷ്കരിച്ച സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണു ഹോണ്ട ‘സിറ്റി’യിൽ ഈ മാറ്റങ്ങൾ നടപ്പാക്കിയത്. ഡ്രൈവർക്ക് എയർബാഗും ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ജൂലൈ ഒന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.

‘സിറ്റി’യുടെ എല്ലാ വകഭേദങ്ങളിലും ഇരട്ട എയർബാഗും എ ബി എസും നേരത്തെ തന്നെ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടേയ് ‘വെർന’, മാരുതി സുസുക്കി ‘സിയാസ്’, ഫോക്സ്വാഗൻ ‘വെന്റൊ’, സ്കോഡ ‘റാപിഡ്’, ടൊയോട്ട ‘യാരിസ്’ തുടങ്ങിയവയോടാണു ‘സിറ്റി’യുടെ പോരാട്ടം.

1.5 ലീറ്റർ ഐ വിടെക് പെട്രോൾ എൻജിനാണ് ‘സിറ്റി’ക്കു കരുത്തേകുന്നത്. 119 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉള്ളത്. ലീറ്ററിന് 17.8 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ‘സിറ്റി’യുടെ അടുത്ത തലമുറ മോഡലിന്റെ വികസന പ്രവർത്തനം ഹോണ്ട ആരംഭിച്ചെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW