Monday, June 17, 2019 Last Updated 22 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 09.02 AM

ആറു പേരെ കൊന്നതിന് 10 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രതിക്ക് അടുത്ത കേസിലും ജീവപര്യന്തം ; അന്യരുടെ വേദന കണ്ട് രസിക്കുന്ന മാനസീകരോഗം ; വിഷം കുത്തിവെച്ച് കൊന്നത് 80 പേരെ

uploads/news/2019/06/313098/male-nurse.jpg

ഓള്‍ഡന്‍ബര്‍ഗ്: ആദ്യ കൊലപാതകക്കേസില്‍ ജീവപര്യന്തം വിധിക്കപ്പെട്ട് പത്തുവര്‍ഷമായി തടവറയില്‍ കിടക്കുന്ന പരമ്പരക്കൊലയാളിക്ക് രണ്ടാം കേസിലും ജീവപര്യന്തം. യുദ്ധാനന്തര ജര്‍മനി കണ്ട ഏറ്റവും വലിയ കൊലപാതകപരമ്പരയില്‍ പ്രതിയായ പുരുഷ നഴ്സ് നീല്‍സ് ഹൊഗേലി(42)നാണ് കോടതി ശിക്ഷ വിധിച്ചത്. 2000-2005 കാലയളവില്‍ നഴ്സ് വിഷം കുത്തിവെച്ചു കൊലപ്പെടുത്തിയത് 85 രോഗികളെ.

നീല്‍സ് കൊലപ്പെടുത്തിയവരുടെ എണ്ണം 200 കവിയുമെന്നാണു പോലീസിന്റെ നിഗമനം. ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തേ ജീവപര്യന്തം ശിക്ഷ ലഭിച്ച നീല്‍സ് ഇതിനകം ജയിലില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി. കേസിന് ആധാരമായി 130-ല്‍ ഏറെപ്പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന്‍ പരിശോധിച്ചു. ചോദ്യംചെയ്യലില്‍ കൊലയാളിക്കുപോലും ഇക്കാര്യം കൃത്യമായി ഓര്‍ത്തെടുക്കാനാകുന്നില്ല.

ഇരകളുടെ മൃതദേഹങ്ങളില്‍ ഏറെയും പോസ്റ്റ്‌മോര്‍ട്ടത്തിനുമുമ്പേ സംസ്‌കരിക്കപ്പെട്ടതും കോടതിയില്‍ തിരിച്ചടിയായി. മനുഷ്യസങ്കല്‍പ്പത്തിനും അപ്പുറമുള്ള കുറ്റകൃത്യമാണിതെന്നു ശിക്ഷ വിധിച്ച പ്രാദേശികകോടതി ജഡ്ജി സെബാസ്റ്റിയന്‍ ബുഹര്‍മാന്‍ ചൂണ്ടിക്കാട്ടി. ഇരകളുടെ ബന്ധുക്കള്‍ക്കു മുന്നില്‍ ദുരൂഹതയുടെ മഞ്ഞ് മുഴുവന്‍ നീക്കാന്‍ കഴിയാത്തതില്‍ കോടതി ഖേദം പ്രകടിപ്പിച്ചു.

ഒരു രോഗിക്കു ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്ന് കുത്തിവയ്ക്കുന്നതിനിടെ 2005-ലാണു നീല്‍സ് പിടിക്കപ്പെട്ടത്. തുടര്‍ന്ന്, 2008-ല്‍ വധശ്രമത്തിന് എട്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചു. രോഗികളുടെ ബന്ധുക്കള്‍ നിയമനടപടി തുടര്‍ന്നതോടെ 2014-2015 കാലയളവില്‍ രണ്ടാംഘട്ട വിചാരണ നടന്നു. ആറു രോഗികളെ കൊലപ്പെടുത്തിയതിന് ആദ്യജീവപര്യന്തം വിധിക്കപ്പെട്ടു.

നൂറിലേറെപ്പേരെ കൊലപ്പെടുത്തിയെന്നു വിചാരണയുടെ ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയ നീല്‍സ്, പിന്നീടിത് 43 എന്നു തിരുത്തി. 2000 ഫെബ്രുവരി ഏഴിനു കൊലപ്പെടുത്തിയ ആദ്യഇരയുടെ പേര് ഓര്‍മയില്ലെന്നും ഇയാള്‍ പറഞ്ഞു. അന്യരുടെ വേദനയില്‍ അഭിരമിക്കുന്ന പരമ്പരക്കൊലയാളിയാണ് ഇയാളെന്നും വിചാരണയില്‍ പറയുന്നതു കളവാണെന്നും മനഃശാസ്ത്രജ്ഞനായ മാക്‌സ് സെ്‌റ്റെല്ലര്‍ അഭിപ്രായപ്പെട്ടു.

ഒരു പരമ്പരക്കൊലയാളി ഒരിക്കലും ആദ്യത്തെ ഇരയുടെ പേരു മറക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതി ഒരിക്കലും പുറംലോകം കാണരുതെന്നും എന്നാല്‍, ജര്‍മന്‍ നിയമസംവിധാനത്തിനു കീഴില്‍ ഇയാള്‍ വീണ്ടും സ്വതന്ത്രനായാലും അതിശയിക്കാനില്ലെന്നും ഇരകള്‍ക്കായുള്ള സംഘടനയുടെ നേതാവ് പെട്രാ ക്ളെയിന്‍ പറഞ്ഞു. വിചാരണയുടെ അവസാനദിവസം നീല്‍സ് തന്റെ ഇരകളുടെ ബന്ധുക്കളോടു മാപ്പുചോദിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW