Friday, June 14, 2019 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 03.47 PM

ഗര്‍ഭകാല ദന്താരോഗ്യം

Dental Care Before During and After Pregnancy

''സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും മഹത്വപൂര്‍ണവുമായ കാലമാണ് ഗര്‍ഭകാലം. ഈ അവസ്ഥയില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാലത്ത് പല തരത്തിലുള്ള ദന്തരോഗങ്ങള്‍ ഉണ്ടാവാറുണ്ട്. ഗുരുതരമായ ദന്തരോഗങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമെന്നതിനാല്‍ ചികിത്സയില്‍ ശ്രദ്ധ ആവശ്യമാണ്. ''

പ്രധാനമായി 270-280 ദിവസം നീളുന്ന ഗര്‍ഭകാലത്തെ മൂന്നു മാസങ്ങള്‍ വീതമുള്ള മൂന്നുകാലമായി തരംതിരിച്ചിരിക്കുന്നു.

ആദ്യ മൂന്നു മാസങ്ങള്‍


ഈ തൊണ്ണൂറ് ദിവസങ്ങള്‍ക്കിടയില്‍ 17 മുതല്‍ 57 വരെയുള്ള ദിവസങ്ങളിലാണ് കുഞ്ഞിന്റെ പല പ്രധാന അവയവങ്ങളുടെയും വികസനം ആരംഭിക്കുന്നത്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ ഈ അവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം. അതിനാല്‍ ഈ മൂന്ന് മാസം ദന്ത ചികിത്സ ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം.

സാധാരണ കഴിക്കുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ലെങ്കില്‍പ്പോലും കഴിയുമെങ്കില്‍ ഈ സമയത്ത് മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

അതുപോലെ പല്ലിന്റെ എക്സ്റേ എടുക്കുന്നതും ഒഴിവാക്കാറുണ്ട്. ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ എക്സ്റേ താരതമ്യേനെ റേഡിയേഷന്‍ തോത് കുറഞ്ഞതാണെങ്കിലും ഗര്‍ഭിണിയായിരിക്കെ എക്സ്റേ ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ടാമത്തെ ത്രൈമാസം


ഗര്‍ഭകാലത്ത് ഈസ്ട്രജന്‍, പ്രൊജസ്‌റ്റോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനം വായിലും പ്രതിധ്വനിക്കുന്നു. മോണയില്‍ വീക്കം, കടും ചുവപ്പുനിറം, നീര്, രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. ഒപ്പം ചിലരില്‍ പ്രെഗ്നന്‍സി ട്യൂമര്‍ എന്നറിയപ്പെടുന്ന മോണയിലെ ദശവളര്‍ച്ചയ്ക്കും കാരണമാകുന്നു.

പലരിലും ക്യാന്‍സര്‍ എന്ന ഭീതി ഉണ്ടാക്കുമെങ്കിലും ഇത് പേടിക്കേണ്ട ഒന്നല്ല. ശരിയായ ദന്തശുചിത്വവും ഒപ്പം നല്ലൊരു മോണരോഗ വിദഗ്ദ്ധന്റെ അടുത്തുനിന്ന് ക്ലീനിംഗ് അഥവാ അള്‍ട്രാ സോണിക് സ്‌കെയിലിംഗ് ചെയ്താല്‍ ഇതിന് ആശ്വാസം ഉണ്ടാകും.

ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടോ അമിത രക്തസ്രാവമോ ഉണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യേണ്ടതുള്ളൂ. ഗര്‍ഭകാലത്ത് പൊതുവെ ദന്തചികിത്സകള്‍ ഈ കാലഘട്ടത്തിലാണ് നടത്തുക.

Dental Care Before During and After Pregnancy

മൂന്നാമത്തെ ത്രൈമാസം


ആദ്യ മൂന്നു മാസങ്ങള്‍ പോലെതന്നെ വളരെ പ്രാധാന്യമുള്ളവയാണ് അവസാന മൂന്നുമാസങ്ങളും. രക്തസമ്മര്‍ദ്ദം കുറയാനുള്ള സാധ്യതയും ഒപ്പം തലകറക്കം, തലവേദനയും കൂടുതലാകുന്നു. ഒരു ദന്തചികിത്സയും ഈ കാലത്ത് ചെയ്യാന്‍ പാടുള്ളതല്ല. മോണരോഗങ്ങള്‍ മുന്‍കൂട്ടി കണ്ട് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മോണരോഗം ഇപ്പോള്‍ ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

ദന്തരോഗ വിദഗ്ദ്ധര്‍ അറിയേണ്ട പ്രധാന ശാരീരിക വ്യതിയാനങ്ങള്‍ ;-----

1. അമിതമായ അന്നനാള രസങ്ങള്‍- ദന്തക്ഷയം


ഗര്‍ഭിണികള്‍ സ്ഥിരമായി ഛര്‍ദ്ദിക്കുന്നത് സാധാരണയാണല്ലോ. മാസം കഴിയുന്തോറും ഗര്‍ഭപാത്രം വികസിപ്പിക്കുകയും അന്നനാളി തുറക്കുകയും കൂടുതല്‍ ആമാശയ രസങ്ങള്‍ വായിലേക്കു വരികയും ചെയ്യുന്നു. ഈ രസങ്ങള്‍ പല്ലില്‍ വീഴുകയും പതിയെ ദന്തക്ഷയം ഉണ്ടാകുന്നതിനും കാരണമായിത്തീരുന്നു. ഇത്തരത്തിലുള്ള ദന്തക്ഷയത്തിനു മുന്നോടിയായി പല്ലു ദ്രവിക്കുകയും ചെയ്യുന്നു.

2. രക്തചംക്രമണത്തിലെ വ്യതിയാനം


രക്തത്തിന്റെ അളവ്, ഹൃദയമിടിപ്പ്, വൃക്കയിലേക്കുള്ള രക്തയോട്ടം എന്നിവ കൂടുന്നു. ഇതുമൂലം രക്തസമ്മര്‍ദ്ദം ഗര്‍ഭിണികളില്‍ കുറവായിരിക്കും. തലകറക്കം, ക്ഷീണം എന്നിവ ഇതു കാരണം ഉണ്ടാകുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഒത്തിരിനേരം ഇരുന്നാല്‍തന്നെ ഗര്‍ഭപാത്രം ഇന്‍ഫീരിയല്‍ വീനക്കാവ എന്ന രക്തക്കുഴലില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം കാരണം തല ചുറ്റലുണ്ടാകുന്നു.

അതിനാല്‍ ദന്ത ചികിത്സ ചെയ്യുമ്പോള്‍ ഇടത്തേയ്ക്കു ചരിച്ച് ഇരുത്തിയാണ് ചികിത്സ നല്‍കുന്നത്. അമിത രക്തസമ്മര്‍ദ്ദം ചിലരില്‍ കണ്ടുവരാറുണ്ട്. ഇത് അമിത രക്തസ്രാവത്തിനും കാരണമാകുന്നു. ഇടത്തേയ്ക്കു ചരിച്ച് ഇരുത്തി ചികിത്സിക്കുന്നത് ഓക്കാനം കുറയ്ക്കാനും മറ്റു ചെറിയ ചികിത്സാ ഉപകരണങ്ങള്‍ വിഴുങ്ങിപ്പോകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ഡോ. മണികണ്ഠന്‍ ജി.ആര്‍
സീനിയര്‍ റെസിഡന്റ്
ഗവ.ഡന്റല്‍ കോളജ് , തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW