Wednesday, July 10, 2019 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 09.10 AM

നിധി കണ്ടെത്താന്‍ തൈക്കുഴിയില്‍ ഇറങ്ങി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു ; കണ്ണടച്ചു നില്‍ക്കുമ്പോള്‍ മണ്‍വെട്ടിക്കു അടിച്ചുകൊന്നു; കോഴി വരെ സാക്ഷിയായ കേസില്‍ പ്രതിയെ കോടതി വെറുതേ വിട്ടു...!!

uploads/news/2019/06/311962/imam-case.jpg

കൊച്ചി: കാസര്‍ഗോഡ് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്.എച്ച്. ഇമാം ഹുസൈന്റെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയ സംഭവം 25 വര്‍ഷം മുമ്പ് കേരളത്തെ അമ്പരപ്പിച്ച കൗതുകകരമായ കേസ്. സംഭവത്തില്‍ ഇമാം ഹുസൈനാണ് കൊല നടത്തിയത് എന്നതിനു മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എം. ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബഞ്ച് പുതിയ വിധി നടത്തിയത്.

1993 ഒക്‌ടോബര്‍ ഒമ്പതിനാണ് പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ട് (52), ഭാര്യ ശ്രീമതി ഭട്ട് (40) എന്നിവര്‍ കൊല്ലപ്പെട്ടത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്നു വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയശേഷം കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൊല നടന്ന വീട്ടില്‍ ആ സമയത്ത് ഇമാം ഹുസൈന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. എന്നാല്‍ ശ്രീമതി ഭട്ടിന്റെ ആഭരണങ്ങളിലും വീട്ടിലെ ഒരു കുപ്പിയിലും പ്രതിയുടെ വിരലടയാളം ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷെ, പ്രതി മുമ്പും ആ വീട്ടില്‍ പോയിട്ടുള്ളയാളാണ്. അതിനാല്‍ വിരലടയാളം കൊണ്ടു മാത്രം ശിക്ഷിക്കാനുതകുന്ന സാഹചര്യ തെളിവുകള്‍ ഈ കേസിലില്ലെന്നു ഹൈക്കോടതി വിധിച്ചു. കേസ് നടന്നു 19 വര്‍ഷത്തിനുശേഷം 2012 ഏപ്രില്‍ 20 ന് കര്‍ണാടകത്തിലെ നിലമംഗലത്തുവെച്ചാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇമാം ഹുസൈനെ പിടികൂടിയത്.

വീടിന് സമീപത്തെ തോട്ടത്തില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ശേഷം മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കുഴിയില്‍ മൂടിയെന്നും ശ്രീമതി ഭട്ടിനെ പിന്നീട് കൊലപ്പെടുത്തിയെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

കാല്‍ നൂറ്റാണ്ട് പിന്നിട്ട കേസില്‍ അസാധാരണ സാക്ഷിയും അസ്വാഭാവികമായ സാഹചരങ്ങളും ഉള്‍പ്പെടെ അനേകം ട്വിസ്റ്റും ടേണും അടങ്ങിയ ഒരു സിനിമാക്കഥ പോലെയായിരുന്നു ഈ സംഭവം അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇമാം ഹുസൈനെ ദമ്പതികളുടെ വീട്ടിലെത്തിച്ചു എന്നു പറയുന്ന ടാക്‌സി ഡ്രൈവര്‍ യു. അഹമ്മദിന്റെ മൊഴിയായിരുന്നു അറസ്റ്റിന് ആധാരമായത്. ഈ പൂവൻകോഴി സാക്ഷിപ്പട്ടികയിൽ ഇടംപിടിച്ചതാണ് കേസിലെ കൗതുകം. സംഭവദിവസം ഹുസൈനെ ആ പ്രദേശത്തെത്തിച്ച ടാക്സി ഡ്രൈവർ അയാളുടെ സഞ്ചിയിൽനിന്ന് കോഴിയുടെ ശബ്ദം കേട്ടെന്ന് പറയുന്നുണ്ട്. എന്തിനാണ് കോഴി എന്നു ചോദിച്ചപ്പോൾ കറിവയ്‌ക്കാൻ വാങ്ങിയതാണെന്നാണ് പറഞ്ഞതെന്നും മൊഴിയിലുണ്ട്.

പിന്നീട് ഭട്ടിന്റെ വീട്ടിൽ നിന്ന് ഒരു പൂവൻ കോഴിയെ ജീവനോടെ കണ്ടെത്തി. ഇതിനെ പൂജയ്‌ക്കുവേണ്ടി ഇമാം കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കേസിലെ സാക്ഷിയായി ബോവിക്കാനം സ്റ്റേഷനിൽ വളർത്തിയ കോഴി മൂന്നു മാസങ്ങൾക്കുശേഷം ചത്തു. എന്നാല്‍ ഹുസൈന്റെ കൈയിലുണ്ടായിരുന്ന കോഴിയും ഭട്ടിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ പൂവൻ കോഴിയും ഒന്നാണെന്നും തെളിയിക്കാനായില്ല.

ഹുസൈന്റെ പക്കലുണ്ടായിരുന്ന കോഴിയെ ഭട്ടിന്റെ വീടിനു സമീപം കണ്ടതിന്റെ പേരിൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വീട്ടുവളപ്പിലെ നിധി മന്ത്രവാദത്തിലൂടെ കണ്ടെത്തിനൽകാമെന്ന് പ്രലോഭിപ്പിച്ച് പ്രതി വീട്ടിലെത്തി പൂജനടത്തി.

രാത്രിപൂജയ്ക്കുശേഷം ഉറക്കഗുളിക പൊടിച്ചിട്ട വെള്ളം പ്രസാദമെന്ന പേരിൽ ഭട്ടിനും ഭാര്യയ്ക്കും നൽകി. ഭട്ടിനോട് തെങ്ങിൻതൈ നടാനെടുത്ത കുഴിയിലിറങ്ങി പ്രാർഥിക്കാൻ പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ ഭട്ടിനെ മൺവെട്ടി കൊണ്ട് അടിച്ചു കൊന്ന ശേഷം ആ കുഴിയിൽത്തന്നെ മൂടി. പക്ഷേ, ഒരു കാലും കൈയും പുറത്തേക്ക് കാണാമായിരുന്നു. പിന്നീട് അകത്തുവന്ന് ബോധരഹിതയായിക്കിടന്ന ശ്രീമതി ഭട്ടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം പണവും സ്വർണവും കവർന്നെന്നും ആയിരുന്ന സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.

ഭട്ടിന്റെ സ്കൂൾ വിദ്യാർത്ഥികളായ മൂന്നു മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. സംഭവദിവസം പൂജയുണ്ടെന്ന് അമ്മ പറഞ്ഞതായി അന്ന് ഏഴുവയസ്സുണ്ടായിരുന്ന മൂത്തമകന്റെ മൊഴിയുണ്ട്. അമ്മ കുട്ടികളെ ഭക്ഷണം കൊടുത്ത് ഉറക്കിയിരുന്നു. അതേസമയം ഇമാമിന്റെ സാന്നിദ്ധ്യമോ വിരലടയാളമോ ഒന്നും കേസ് തെളിയിക്കാന്‍ പോന്നതായിരുന്നില്ല. ഒരാളെ ഒരു പ്രദേശത്ത് കണ്ടു എന്നത് മാത്രം ശിക്ഷിക്കാന്‍ മതിയായ കാരണമായി കരുതാനാകില്ലെന്നായിരുന്നു ഹൈക്കോടതി വിധിയില്‍ പറഞ്ഞത്.

Ads by Google
Ads by Google
Loading...
TRENDING NOW