Tuesday, June 25, 2019 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.20 AM

ഇടുക്കിയില്‍ കസ്‌തൂരി മണത്തില്ല; കണ്ടതു രാഷ്‌ട്രീയ പോരാട്ടം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലതുകോട്ട കടപുഴക്കിയ കസ്‌തൂരി രംഗന്‍ കാറ്റ്‌ ഇത്തവണ വീശിയില്ല. പകരം ഇടുക്കിയില്‍ കണ്ടത്‌ രാഷ്‌ട്രീയ കൊടുങ്കാറ്റ്‌. പ്രളയവും പട്ടയവും കര്‍ഷക ആത്മഹത്യയും മുതല്‍ ദേശീയ രാഷ്‌ട്രീയം വരെ ചര്‍ച്ചയായ മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമായിരുന്നു. ശബരിമലയുടെ അലയൊലികള്‍ ശക്‌തമായിരുന്നെങ്കിലും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ദുര്‍ബലമാണെന്ന വിലയിരുത്തലും വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്‌. രണ്ടിടങ്ങളില്‍ ഇതിനിടെ കള്ളവോട്ട്‌ ആരോപണവും ഉയര്‍ന്നു. വികസന നേട്ടത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജ്‌. എന്നാല്‍, ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ഡി.ജെ.എസ്‌. മുന്നേറ്റത്തിലാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്‍ കണ്ണുവയ്‌ക്കുന്നത്‌.

അവകാശവാദങ്ങള്‍

59000 വോട്ടിന്‌ ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാണെന്നും തരംഗമുണ്ടായാല്‍ ഇതു ഒരു ലക്ഷം വരെ വരാമെന്നും ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഏഴു നിയമസഭാ മണ്ഡലങ്ങളിലും ലീഡു ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം ഇത്തവണ നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വിനര്‍ കെ.കെ. ശിവരാമന്‍ പറഞ്ഞു. ഉടുമ്പന്‍ചോലയില്‍ വന്‍ ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തൊടുപുഴയിലും മൂവാറ്റുപുഴയിലും ഒഴിച്ച്‌ മറ്റു അഞ്ചു മണ്ഡലങ്ങളിലും ലീഡ്‌ ചെയ്യുമെന്നും എല്‍.ഡി.എഫ്‌. നേതൃത്വം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ വഴി ജില്ലയില്‍ നടപ്പായ വികസനവും ശബരിമല വിഷയവും തങ്ങള്‍ക്ക്‌ അനുകൂലമായെന്നാണ്‌ എന്‍.ഡി.എ. നേതാക്കള്‍ പറയുന്നത്‌.

വോട്ടില്‍ കണ്ടത്‌

ഇടുക്കിയില്‍ ഇത്തവണ കനത്ത പോളിങ്ങായിരുന്നു. ഇരുമുന്നണികളും ഇതിന്റെ ആനുകുല്യം അവകാശപ്പെടുമ്പോഴും ചങ്കിടിപ്പുമുണ്ട്‌. 76.26 ശതമാനമാണ്‌ ഇത്തവണത്തെ പോളിങ്‌. കഴിഞ്ഞ തവണ ഇത്‌ 70.66 ശതമാനമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും 2014 നെ അപേക്ഷിച്ച്‌ വോട്ടിങ്‌ ശതമാനം ഉയര്‍ന്നു. എല്‍.ഡി.എഫ്‌. വലിയ പ്രതീക്ഷ വയ്‌ക്കുന്ന ഉടുമ്പഞ്ചോലയില്‍ 79.11 ശതമാനമാണ്‌ പോളിങ്ങ്‌. 71.77 ശതമാനത്തില്‍ നിന്നാണ്‌ ഈ വര്‍ധന. കോതമംഗലത്തായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിങ്‌. 79.84 ശതമാനം. കുറവ്‌ ദേവികുളത്തും. യു.ഡി.എഫിന്‌ വലിയ ഭൂരിപക്ഷം കിട്ടാവുന്ന തൊടുപുഴയിലും ഏഴു ശതമാനത്തോളമാണ്‌ വോട്ടുവര്‍ധന. ഉടുമ്പഞ്ചോലയിലും കോതമംഗലത്തും കള്ളവോട്ട്‌ നടന്നെന്ന പരാതിയും ഇക്കുറി ഉയര്‍ന്നു. ഇതുസംബന്ധിച്ച്‌ വോട്ടെണ്ണല്‍ ദിവസം പരിശോധിക്കുമെന്നാണ്‌ അധികൃതരുടെ നിലപാട്‌.

അടിയൊഴുക്കുകള്‍

യു.ഡി.എഫിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലത്തില്‍ അടിയൊഴുക്ക്‌ ശക്‌തമാണ്‌. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ അഞ്ചിടത്തും എല്‍.ഡി.എഫിനായിരുന്നു വിജയം. തൊടുപുഴയിലും ഇടുക്കിയിലും കേരള കോണ്‍ഗ്രസ്‌ നേടി. കോണ്‍ഗ്രസിന്‌ ഒരിടത്തും സാന്നിധ്യമില്ലായിരുന്നു. കഴിഞ്ഞ തവണ കസ്‌തൂരി രംഗന്‍ വിഷയം ആഞ്ഞടിച്ചപ്പോള്‍ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പിന്തുണയോടെ എത്തിയ ജോയ്‌സ്‌ ജോര്‍ജിലൂടെ 50438 വോട്ടിനാണ്‌ മണ്ഡലം ഇടതുമുന്നണി പിടിച്ചെടുത്തത്‌. എന്നാല്‍, കസ്‌തൂരിരംഗന്‍ വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. നേരിട്ടുള്ള രാഷ്‌ട്രീയ പോരാട്ടമാണ്‌ നടന്നത്‌. വികസനത്തില്‍ ഊന്നി നടത്തിയ പ്രചരണത്തില്‍ 10000 മുതല്‍ 15000 വരെ വോട്ടിന്റെ ഭൂരിപക്ഷമേ ഇടതു നേതൃത്വം പ്രതീക്ഷിക്കുന്നുള്ളൂ.
മുന്‍പ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ആദ്യം ജയിച്ചപ്പോള്‍ പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു ഭൂരിപക്ഷം എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉടുമ്പഞ്ചോലയിലും ദേവികുളത്തും ഇടുക്കിയിലും പീരുമേട്ടിലും ഇവര്‍ ലീഡു പ്രതീക്ഷിക്കുന്നു. കോതമംഗലത്ത്‌ യാക്കോബായ സഭയുടെ നിലപാട്‌ തങ്ങള്‍ക്ക്‌ അനുകൂലമാണെന്നുമാണ്‌ ഇടതിന്റെ പ്രതീക്ഷ. തൊടുപുഴയില്‍ പി.ജെ. ജോസഫ്‌ നേരിട്ട്‌ ഇറങ്ങിയതോടെ വലിയ ഭൂരിപക്ഷമാണ്‌ യു.ഡി.എഫ്‌. കണക്കു കൂട്ടുന്നത്‌. 25000 വരെയാണ്‌ പ്രതീക്ഷ. ബി.ഡി.ജെ.എസ്‌. സ്‌ഥാനാര്‍ഥിയായിരുന്നതിനാല്‍ ബി.ജെ.പി. അനുഭാവികളുടെ വോട്ടു പോലും സര്‍ക്കാര്‍ വിരുദ്ധ നിലപാട്‌ മൂലം യു.ഡി.എഫിലേക്ക്‌ ഒഴുകിയിട്ടുണ്ട്‌. എന്‍.എസ്‌.എസ്‌. വോട്ടുകളും യു.ഡി.എഫിലേക്ക്‌ ചാഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ എല്‍.ഡി.എഫിന്‌ വലിയ മുന്നേറ്റം നല്‍കിയ ഇടുക്കിയിലും ഇത്തവണ മേല്‍ക്കൈ നേടുമെന്നാണ്‌ യു.ഡി.എഫ്‌. വിലയിരുത്തല്‍. ദേശീയ രാഷ്‌ട്രീയ സാഹചര്യവും രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വവും ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമാക്കിയെന്നും വിലയിരുത്തലുണ്ട്‌.

വിനോദ്‌ കണ്ണോളി

Ads by Google
Wednesday 22 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW