Thursday, June 27, 2019 Last Updated 28 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.08 AM

പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ തൂങ്ങിമരിച്ച നിലയില്‍

uploads/news/2019/05/309836/c1.jpg

മണര്‍കാട്‌( കോട്ടയം ): മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും മകളെയും സഹോദരനെയും മര്‍ദിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച യുവാവിനെ സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരീപ്പറമ്പ്‌ പറപ്പള്ളിക്കുന്ന്‌ രാജീവ്‌ഗാന്ധി കോളനിയില്‍ യു. നവാസാണു മരിച്ചത്‌. കോട്ടയം മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ ഒമ്പതിനു ശേഷമായിരുന്നു സംഭവം.
സ്‌റ്റേഷനിലെ സന്ദര്‍ശകരുടെ ശൗചാലയത്തില്‍ കയറിയ നവാസ്‌ ധരിച്ചിരുന്ന മുണ്ട്‌ ജനാലക്കമ്പിയില്‍ കെട്ടിയാണു തൂങ്ങിമരിച്ചതെന്നു സ്‌ഥലത്തെത്തിയ ജില്ലാ പോലീസ്‌ മേധാവി എസ്‌. ഹരിശങ്കര്‍ പറഞ്ഞു. പോലീസുകാരുടെ വീഴ്‌ച അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പിയായ പാര്‍ത്ഥസാരഥി പിള്ളയെ ചുമതലപ്പെടുത്തി. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയും നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റ്‌തലത്തിലും അന്വേഷണമുണ്ടാകും.
തിങ്കളാഴ്‌ച രാത്രി 8.45-നായിരുന്നു സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയ നവാസ്‌ ഭാര്യയെയും മകളെയും ഭിന്നലിംഗക്കാരനായ സഹോദരന്‍ നൗഷാദിനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. ബന്ധുക്കള്‍ പോലീസിനെ വിളിച്ചുവരുത്തിയപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടു. പോലീസ്‌ പോയതോടെ തിരിച്ചെത്തി അക്രമാസക്‌തനായ നവാസിനെ നാട്ടുകാര്‍ വളഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ നവാസ്‌ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കകയും ചെയ്‌തിരുന്നു.
രാത്രി പത്തോടെ കസ്‌റ്റഡിയിലെടുത്ത നവാസിനെ 10.30-നു സ്‌റ്റേഷനിലെത്തിച്ചു. രാത്രി പന്ത്രണ്ടിനു ജില്ലാ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി. രാവിലെ 9.15 വരെ നവാസ്‌ റിസപ്‌ഷനില്‍ ഇരിക്കുന്നതും തുടര്‍ന്നു ശൗചാലയത്തിലേക്കു പോകുന്നതും സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്‌.
ഈസമയം ജി.ഡി. ചാര്‍ജും പാറാവുകാരനും ഒഴികെയുള്ളവര്‍ എസ്‌.എച്ച്‌.ഒയുടെ മുറിയില്‍ പ്രതിവാര അവലോകന യോഗത്തിലായിരുന്നു.
പത്തോടെയാണു നവാസിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധിച്ചത്‌. അതോടെ തെരച്ചില്‍ തുടങ്ങി. യോഗം കഴിഞ്ഞ്‌ പുറത്തുപോയി വന്ന എസ്‌.എച്ച്‌.ഒ. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നവാസ്‌ ശൗചാലത്തില്‍ കയറിയതറിഞ്ഞത്‌. വാതില്‍ പൊളിച്ച്‌ അകത്തുകടന്ന്‌ നവാസിനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ നവാസിന്റെ ഭാര്യ സ്‌റ്റേഷനിലെത്തിയെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നു പോലീസ്‌ പറയുന്നു.
ഉഷയാണു നവാസിന്റെ മാതാവ്‌. ഭാര്യ: അഞ്‌ജു. മകള്‍: ആരാധ്യ. പോസ്‌റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തും.

Ads by Google
Wednesday 22 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW