Sunday, June 23, 2019 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.24 PM

മുണ്ടിനീര് ആശങ്ക വേണ്ട

''രോഗാരംഭത്തില്‍ തലവേദനയോടു കൂടിയ ചെറിയ പനി, മൂക്കൊലിപ്പ്, വായതുറക്കാന്‍ പ്രയാസമനുഭവപ്പെടുകയും തൊണ്ട വരള്‍ച്ചയും ഒരു ചെവിയുടെ താഴെയായി ചെറിയ വീക്കവും കാണപ്പെടുന്നു''
uploads/news/2019/05/308616/mudneer160519.jpg

ഉമിനീര്‍ ഗ്രന്ഥിയില്‍ വരുന്ന വീക്കമാണ് മുണ്ടിനീര്. സാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതും സാധാരണയായി വേനല്‍ കാലത്തു കൂടുതലായി പടര്‍ന്നു പിടിക്കുന്നതുമായ ഒന്നാണ് മുണ്ടിനീര്.

സാധാരണയായി കുട്ടികളില്‍ മാത്രമായി കണ്ടുവരുന്നതും, ഒരിക്കല്‍ വന്നാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശേഷി നിലനില്‍ക്കുന്നതുമാണ് മുണ്ടിനീര്. വളരെ അപൂര്‍വമായി മാത്രം മുതിര്‍ന്നവരിലും രോഗം കണ്ടുവരുന്നു.

വീട്ടിലോ സ്‌കൂളിലോ ഒരു കുട്ടിക്കു രോഗബാധയുണ്ടായാല്‍ മറ്റ്കുട്ടികളിലേക്കും രോഗം അതിവേഗം പടര്‍ന്നു പിടിക്കും. രോഗാണു പാരാമിക്‌സോ വൈറസ് വിഭാഗത്തില്‍പ്പെട്ട മംപ്‌സ് വൈറസ് ആണ്.

ഈ വൈറസുകള്‍ രോഗിയുടെ ഉമിനീരില്‍, അസുഖം തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പും അസുഖം മാറിയതിനു ശേഷം ഏട്ട് ദിവസവും കാണപ്പെടുന്നു. അതുകൊണ്ട്് ഈ ദിവസങ്ങളിലാണ് രോഗപ്പകര്‍ച്ച അധികമായി സംഭവിക്കുന്നത്.

ലക്ഷണങ്ങള്‍


രോഗം പ്രത്യക്ഷപ്പെടാനുള്ള സമയദൈര്‍ഘ്യം 12 മുതല്‍ 21 ദിവസമാണ്. വായു മാര്‍ഗമാണ് രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുക. സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ നിറഞ്ഞ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും രോഗം പകരുന്നു.

രോഗാരംഭത്തില്‍ തലവേദനയോടു കൂടിയ ചെറിയ പനി, മൂക്കൊലിപ്പ്, വായതുറക്കാന്‍ പ്രയാസമനുഭവപ്പെടുകയും തൊണ്ട വരള്‍ച്ചയും ഒരു ചെവിയുടെ താഴെയായി ചെറിയ വീക്കവും കാണപ്പെടുന്നു.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനി കൂടുകയും വീക്കം തൊണ്ടയുടെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. കടുത്ത വേദനയും അനുഭവപ്പെടും.

രോഗിക്കു വായതുറക്കാനോ ആഹാരം കഴിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. നാലു മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം മൂര്‍ധന്യാവസ്ഥയിലെത്തുന്നു. അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പനിയും നീരും വേദനയുമൊക്കെ കുറയുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യുന്നു.

സാധാരണ ഗതിയില്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകളും ഇല്ലാതെ കടന്നുപോകുന്ന രോഗാവസ്ഥ ശരിയായ ചികിത്സ ലഭിക്കാതിരിക്കുക വഴി പുരുഷന്മാരില്‍ വൃഷണ വീക്കവും സ്ത്രീകളില്‍ അണ്ഡാശയത്തില്‍ പഴുപ്പും ഉണ്ടാകാനിടയുണ്ട്. ഇതു മൂലം വന്ധ്യതയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. രോഗിക്ക് വായ തുറന്ന് ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ദ്രവ രൂപത്തിലുള്ള ആഹാരം കൊടുക്കുക.
2. തൊണ്ട വരള്‍ച്ച അനുഭവപ്പെടുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളമോ, കരിക്കിന്‍ വെള്ളമോ, ഗ്ലൂക്കോസ് കലര്‍ത്തിയ വെള്ളമോ ഇടവിട്ട് കൊടുത്തുകൊണ്ടിരിക്കണം.
3. രോഗം വളരെപെട്ടെന്ന് പടര്‍ന്നു പിടിക്കാതിരിക്കാന്‍ രോഗിയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.
4. രോഗിയെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ് ഉചിതം. രോഗിക്ക് പരിപൂര്‍ണ വിശ്രമം അനിവാര്യമാണ്.
5. ഉമിനീരിലൂടെയാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്കും പകരുക എന്നതിനാല്‍ രോഗി ഉപയോഗിച്ച ടവ്വല്‍, പാത്രം മുതലായവ പ്രത്യേകം കൈകാര്യം ചെയ്യണം.
6. രോഗി ഉപയോഗിച്ച മുറി അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുകയും വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം.
7. രോഗം മാറി കഴിഞ്ഞാലും ഉമിനീരില്‍ രോഗാണുക്കള്‍ എട്ടു ദിവസത്തോളം കാണുമെന്നതിനാല്‍ രോഗം മാറിയാല്‍ ഉടനെ തന്നെ കുട്ടികളെ സ്‌കൂളിലേക്കു വിടാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കടപ്പാട്:
ഡോ. ടി. സുഗതന്‍, വര്‍ക്കല

Ads by Google
Thursday 16 May 2019 02.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW