Thursday, June 27, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
ഇ.പി. ഷാജുദീന്‍
ഇ.പി. ഷാജുദീന്‍
Friday 26 Apr 2019 11.34 AM

ബദരിനാഥിലേക്ക് ...

ചന്ദ്രശിലയുടെ മീതേ - 9
uploads/news/2019/04/304121/eptral260419c.jpg
(ഫോട്ടോകള്‍: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി)

കനത്ത മഴയില്‍ ഗോപേശ്വറില്‍ നിന്ന് പുറത്തു കടക്കാന്‍ അല്‍പ സമയമെടുത്തെങ്കിലും ജീപ്പുകാരന്‍ ഞങ്ങളെയും കൊണ്ട് പാഞ്ഞു. അയാള്‍ക്കും അതിവേഗം തിരിച്ചു വരേണ്ടതുണ്ട് എന്നതാണ് കാരണം. ഏതാണ്ട് 20 മിനിറ്റു യാത്ര ചെയ്തപ്പോള്‍ കാണുന്നത് അപ്പുറത്തെ മലഞ്ചെരിവില്‍, ചമോലിയില്‍ ഞങ്ങള്‍ പോകേണ്ട വഴിയിലൂടെ നീളുന്ന ട്രാഫിക് ബ്ലോക്കാണ്. ബ്ലോക്ക് രൂപം കൊള്ളുന്നതേയുള്ളുവെന്ന് മനസ്സിലായി.

ഡ്രൈവര്‍ കടുത്ത ഗഡ്‌വാളി ഭാഷയില്‍ എന്തോ പറഞ്ഞു. പക്ഷേ, അര്‍ത്ഥം ത്യമായി മനസ്സിലായി ആദ്യം കാണുന്ന ഹോട്ടലില്‍ കയറിക്കോളൂ. അല്ലെങ്കില്‍ ഇന്ന് വഴിയില്‍ കിടക്കേണ്ടി വരുംം എന്നായിരുന്നു അയാളുടെ മുന്നറിയിപ്പ്.

uploads/news/2019/04/304121/eptral260419b.jpg
(ഫോട്ടോകള്‍: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി)

മലയിറങ്ങി താഴെ വരുമ്പോള്‍ അളകനന്ദ രൗദ്ര ഭാവത്തില്‍ കുതിച്ചൊഴുകുന്നു. മലഞ്ചെരിവു മുഴുവന്‍ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. അളകനന്ദ മുറിച്ച് കടന്ന ശേഷം വീണ്ടും മുകളിലേക്ക് കയറണം. അവിടെയും വാഹനങ്ങള്‍ നിരനിരയാകാന്‍ തുടങ്ങി. മഴയുടെ ശക്തി അല്‍പം കുറഞ്ഞതിനാല്‍ ആദ്യം കണ്ട ഹോട്ടലിലേക്ക് കയറി.

പരമാവധി 25 വയസ്സു തോന്നിക്കുന്ന സുമുഖനായ ഒരു യുവാവ് മുന്നില്‍ തന്നെയുണ്ട്. രണ്ടു മുറികള്‍ക്ക് 5500 രൂപയാകും ഒരു ദിവസത്തേക്ക് വാടക എന്നായി അയാള്‍. വാടക കൂടുതലാണ് കുറയ്ക്കണം എന്നു ഞങ്ങള്‍ പേശുമ്പോള്‍ അവന്‍ അയയുന്ന മട്ടില്ല. ഞങ്ങള്‍ രാവിലെ തന്നെ പോകും അതിന് ഇത്ര രൂപ വേണോ എന്നു ചോദിച്ചപ്പോള്‍ ബ്ലോക്ക് എന്നു തീരുമെന്ന് എങ്ങനറിയാം, പിന്നല്ലേ നിങ്ങള്‍ നാളെ പോകുന്നത്് എന്നായി അവന്‍.

വാടക താഴ്ത്തുന്നതിനായി ഞങ്ങള്‍ പേശുന്നതിനിടയില്‍ അവന്‍ ഒളികണ്ണിട്ട് മുകളിലത്തെ നിലയിലേക്ക് നോക്കുന്നുണ്ട്. ഞാനും നോക്കി. അതാ അവിടെ ടെറസില്‍ നില്‍ക്കുന്നു മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീ. അവന്റെ അമ്മയാവണം. അവര്‍ ഒരു കാരണവശാലും വാടക കുറയ്ക്കരുതെതന്ന് കണ്ണു കൊണ്ട് നിര്‍ദേശം നല്‍കുന്നുണ്ട്.

ഇതിനിടയില്‍ ഡ്രൈവര്‍ പറഞ്ഞത് ഇവിടെ കൂടിക്കോ അതായിരിക്കും ബുദ്ധിി എന്നാണെന്നു മനസ്സിലാക്കിയതോടെ അവിടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു.

ഹോട്ടലുകാരന്‍ ഡ്രൈവറെ എങ്ങനെയാകും കൈകാര്യം ചെയ്യുന്നതെന്ന് അറിയാന്‍ കൗതുകം തോന്നി നോക്കുമ്പോള്‍ അവന്‍ ഡ്രൈവര്‍ക്ക് ഒരു ചെറിയ കുപ്പിയില്‍ നിന്ന് ദ്രാവകം ഒഴിച്ചു കൊടുക്കുന്നു. അയാള്‍ക്ക് പരമ സന്തോഷം. അവനെ വണങ്ങി അയാള്‍ മടങ്ങി.

uploads/news/2019/04/304121/eptral260419a.jpg

ഹോട്ടലിലാണെങ്കില്‍ കരന്റില്ല. എല്ലാ മുറിയിലേക്കും വെളിച്ചം കിട്ടുന്ന തരത്തില്‍ നടുത്തളത്തില്‍ ഒരു ബള്‍ബ് കത്തുന്നുണ്ട്. സോളാര്‍ വെളിച്ചമാണ്. ആറു മണിയാകുമ്പോള്‍ കരന്റ് വരുമെന്നായി ഹോട്ടല്‍കാരന്‍. ആറായി, ഏഴായി, എട്ടായി... കരന്റ് വന്നില്ല. ആ രാത്രി കരന്റ് വന്നതേയില്ല.

അല്‍പം വിശ്രമിച്ച ശേഷം ചമോലി കാണാന്‍ ഇറങ്ങി. പണ്ടു മുതലേ ഹിമാലയ യാത്രാ വിവരണങ്ങളില്‍ ചമോലിയേക്കുറിച്ച് കേട്ടിട്ടുള്ളതായതിനാല്‍ പ്രത്യേക കൗതുകമുണ്ടായിരുന്നു. വായിച്ചറിഞ്ഞിട്ടുള്ള പഴയ മുസാവരി ബംഗ്ലാവ് മാത്രമുള്ള സ്ഥലമല്ല, അത്യാവശം ആധുനിക സൗകര്യങ്ങളുള്ള നാടാണിത്. നടന്നപ്പോളാണ് മുറിയെടുത്തത് എത്ര നന്നായെന്നു തോന്നിയത്. മുറി കിട്ടാതെ അലയുന്ന അനേകം പേരെ കണ്ടു. അന്നത്തെ രാത്രി വാഹനത്തില്‍ കഴിച്ചു കൂട്ടേണ്ടവര്‍.

വൈകുന്നേരത്തെ നടത്തിപ്പില്‍ പിറ്റേന്നു രാവിലത്തേക്കുള്ള വാഹനം ഏര്‍പാടാക്കി. പിറ്റേന്ന് ബദരീനാഥിലേക്കാണ് യാത്ര. വഴി തുറന്നിട്ടുണ്ടെങ്കില്‍ ഒരു സുമോ രാവിലെ ആറിന് എത്തും.

രാവിലെ ഹോട്ടലുകാരന്റെ ഇടപാട് തീര്‍ത്തപ്പോള്‍ രാത്രി മുഴുവന്‍ കരണ്ടില്ലാതെ കിടക്കേണ്ടിവന്നത് കണക്കാക്കി വാടക കുറയ്ക്കണമെന്ന് വീണ്ടും പറഞ്ഞു. അവന്‍ വഴങ്ങുന്നില്ല.

ട്രാവല്‍ വെബ്‌സൈറ്റുകളും റേറ്റിങ്ങും ഒക്കെയുള്ളതല്ലേ ഞങ്ങള്‍ നെഗറ്റീവ് കമന്റിട്ടാല്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരൊന്നും പിന്നെ ഹോട്ടല്‍ മൈന്‍ഡ് ചെയ്യില്ലെന്നു പറഞ്ഞപ്പോള്‍ അവന്‍ വീണു, വാടക 4000 രൂപയായി കുറഞ്ഞു. ഷ്ണ എന്നാണ് അവന്റെ പേര്. അഗ്രിക്കള്‍ച്ചര്‍ സയന്‍സ് കഴിഞ്ഞ് നില്‍ക്കുന്നു. ജോലിക്ക് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ജോര്‍ഡി ഉപദേശിച്ചു, ഇത്രയും വിദ്യാഭ്യാസമൊക്കെയുള്ള ആളല്ലേ, ആളുകളെ ഇങ്ങനെ പിഴിയരുത്..

രാവിലെ തന്നെ ഡ്രൈവര്‍ ഹാജര്‍. പുറപ്പെട്ട് അല്‍പം കഴിഞ്ഞപ്പോല്‍ തന്നെ അതാ വണ്ടി നിര്‍ത്തി ഒരാളെ പിന്‍ സീറ്റില്‍ കയറ്റുന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ സഹോദരനാണ് ജോലി സ്ഥലത്ത് ഇറങ്ങിക്കോളുമെന്ന് ഡ്രൈവറുടെ മറുപടി.

അതിലേ വാഹന സൗകര്യം കുറവായതിനാല്‍ ഏതെങ്കിലും യാത്രക്കാരനായിരിക്കണം. കുറേ ദൂരം കഴിഞ്ഞ് അയാള്‍ ഇറങ്ങി. അപ്പോള്‍ മറ്റൊരാള്‍ കയറി. ഇത് ക്ലീനറാണെന്നായി ഡ്രൈവര്‍; കണ്ടിട്ട് ക്ലീനര്‍ തന്നെയാണെന്നു തോന്നി.

uploads/news/2019/04/304121/eptral260419d.jpg
(ഫോട്ടോകള്‍: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി)

കൂറ്റന്‍ മലയുടെ ചരിവില്‍ വെട്ടിയുണ്ടാക്കിയ പാതയിലൂടെയാണ് യാത്ര. ചില സ്ഥലങ്ങളില്‍ താഴേക്ക് അതിഭയങ്കര കൊക്കകള്‍. താഴേക്ക് നോക്കിയാല്‍ പേടി തോന്നും. താഴേക്കുള്ള മലഞ്ചെരിവുകളിലെല്ലാം വളഞ്ഞു പുളഞ്ഞു റോഡുകള്‍ കാണാം.

പലയിടത്തും ഇപ്പോള്‍ റോഡിലേക്ക് വീഴുമെന്ന മട്ടില്‍ പാറക്കെട്ടുകള്‍ നില്‍ക്കുന്നു. റോഡിനു മീതേ കുടപോലെ നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് അടിയിലൂടെ വണ്ടി പോകുമ്പോള്‍ ഇപ്പോള്‍ ഇടിക്കുമെന്നു തോന്നും. വഴി പലയിടത്തും താറുമാറായി കിടക്കുകയാണെങ്കിലും ചിലയിടങ്ങളില്‍ കൈവരികള്‍ ഇല്ലെങ്കിലും ഡ്രൈവര്‍ക്ക് കുലുക്കമൊന്നുമില്ല. അയാള്‍ വിട്ടടിച്ചു പോവുകയാണ്.

തലേന്നു പെയ്ത മഴയുടെ സൂചന പോലുമില്ലാത്ത വിധം തെളിഞ്ഞ പ്രഭാതം. വഴിയരികില്‍ നിന്ന് ധാരാളം പേര്‍ വണ്ടിക്ക് കൈകാണിക്കുന്നുണ്ട്. ഇവിടുത്തെ ലോക്കല്‍ യാത്ര എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് കൈകാണിക്കുന്നവരുടെ എണ്ണം കൂടി വരുന്നതില്‍ നിന്ന് മനസ്സിലാക്കാം. ഞങ്ങളുടെ വണ്ടിയുടെ പിന്‍ഭാഗത്ത് ബാഗുകള്‍ നിറഞ്ഞതായതു കൊണ്ടാണെന്നു തോന്നുന്നു ഭായി ആണെന്നു പറഞ്ഞ് ഡ്രൈവര്‍ ആരെയും കയറ്റാത്തത് എന്നു തോന്നി.

ഇടതു വശത്തു കൂടി അളകനന്ദ ഒഴുകുന്നുണ്ട്. പഴയ ഹിമാലയന്‍ കുത്തൊഴുക്കിന്റെ ബാക്കി പത്രമായി നദിക്കരയൊക്കെ തകര്‍ന്നു കിടക്കുകയാണ്.
അനേകം ബൈക്കുകള്‍ ഇടയ്ക്കിടെ ഞങ്ങളെ കടന്നു പോകുന്നുണ്ട്. എല്ലാത്തിലും സിഖുകാരാണ് യാത്രികര്‍. സിഖുകാരുടെ തീര്‍ത്ഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കുള്ള തീര്‍ഥയാത്രക്കാരാണവര്‍. മഞ്ഞുകാലം കഴിഞ്ഞ് അവിടം തുറക്കുന്നതേയുള്ളു. മറ്റാരെയും മൈന്‍ഡ് ചെയ്യാതെ അമിതവേഗത്തിലാണ് ഇവരുടെ യാത്ര. ഇടയ്ക്ക് നടന്നു പോകുന്ന സിഖുകാരെയും കണ്ടു.

15 കിലോമീറ്റര്‍ അകലെ പിപല്‍കോട്ടിയിലായിരുന്നു പ്രഭാത ഭക്ഷണം. അവിടുത്തെ ഹോട്ടലുകളില്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ: ഇന്ത്യന്‍, ചൈനീസ്, സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കും. ഇന്ത്യ എന്നു വച്ചാല്‍ ഉത്തരേന്ത്യ മാത്രമാണെന്നു തോന്നിക്കുന്ന തരത്തിലുള്ള ബോര്‍ഡറുകള്‍. ഞങ്ങള്‍ കയറിയ ഹോട്ടലിലെ ഇഡ്ഡലിയും ചമ്മന്തിയും ദക്ഷിണേന്ത്യയിലെ അവരുടെ കസിന്‍ സഹോദരങ്ങളുമായി ഒരു ബന്ധവുമുള്ളവരായിരുന്നില്ല.

uploads/news/2019/04/304121/eptral260419e.jpg

ജോഷിമഠിലേക്കായിരുന്നു തുടര്‍ യാത്ര. ശങ്കരാചാര്യര്‍ മഠം സ്ഥാപിച്ച ജോഷിമഠ്. ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രവും കൂടിയായ ഇവിടെ ഇറങ്ങാനുള്ള രീതിയിലായിരുന്നില്ല ഞങ്ങളുടെ യാത്രാ പ്ലാന്‍. 20 കിലോമീറ്റര്‍ കൂടി പിന്നിട്ട് ഗോവിന്ദ്ഘട്ടിലെത്തിയപ്പോഴേക്കും കാലാവസ്ഥ മാറി മഴ തുടങ്ങി. ഗോവിന്ദ് ഘട്ടില്‍ നിന്ന് വഴിതിരിഞ്ഞാണ് ഹേമകുണ്ഡ് സാഹിബിലേക്കുള്ള കയറ്റം തുടങ്ങുന്നത്.

2013-ലെ പ്രളയ സമയത്ത് കെട്ടിടങ്ങളും കാറുകളും ബൈക്കുകളുമൊക്കെ നദിയിലേക്ക് മറിഞ്ഞു വീഴുന്ന കാഴ്ച കണ്ട പ്രധാന സ്ഥലങ്ങളിലൊന്നാണ് ഗോവിന്ദ്ഘട്ട്. പ്രപതി ദുരന്തം മനുഷ്യനെ പാഠമൊന്നും പഠിപ്പിച്ചില്ലെന്നു വ്യക്തമാക്കിക്കൊണ്ട് പഴയ സ്ഥലങ്ങളിലൊക്കെ വീണ്ടും കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്. ഹേമകുണ്ഡിലേക്ക് സര്‍വീസ് നടത്തുന്ന ഹെലികോപ്റ്ററുകളുടെ താവളം റോഡിന്റെ വലതു വശത്തായി അളകനന്ദയ്ക്ക് അരികില്‍ കാണാം.

ഗോവിന്ദ്ഘട്ട് കഴിഞ്ഞ് റോഡിന്റെ ഒപ്പവും തൊട്ടു താഴെയുമൊക്കെയായാണ് അളകനന്ദയുടെ ഒഴുക്ക്. കനത്ത മഴയ്‌ക്കൊപ്പം നദിയില്‍ കുത്തൊഴുക്കുമാണ്. നദിയോരം മിക്കയിടത്തും തകര്‍ന്നു കിടക്കുന്നു. മുകളിലേക്ക് കയറും തോറും റോഡ് തകര്‍ന്ന അവസ്ഥയിലാണ്. പലയിടത്തും ബസ് എതിരേ വന്നാല്‍ ജീപ്പുകള്‍ക്ക് പോലും പോകാന്‍ സ്ഥലമുണ്ടാവില്ല.

uploads/news/2019/04/304121/eptral260419f.jpg
(ഫോട്ടോകള്‍: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി)

മഴയില്‍ കുത്തിയൊലിച്ചു വരുന്ന വെള്ളമൊക്കെ റോഡിലൂടെയാണ് ഒഴുകുന്നത്. വഴിക്ക് പ്രധാന കാഴ്ചകളിലൊന്ന് തനിയേ നടന്നു നീങ്ങുന്ന സന്യാസിമാരാണ്. ഒരു ചെറിയ ഭാണ്ഡവും മാറാപ്പുമായി അവര്‍ ലോക ചിന്തകളേതുമില്ലാതെ ബദരിനാഥനെ കാണാന്‍ തനിയെ നടക്കുന്നു. ഇങ്ങനെയുള്ള സന്യാസിമാര്‍ ഇടയ്ക്ക് അമ്പലങ്ങളിലോ സത്രങ്ങളിലോ കയറി കിടക്കുകയും വിശ്രമിക്കുകയും ചെയ്യും. സന്യാസിമാര്‍ക്ക് ഇഷ്ടപ്പെട്ട കാലാ കമ്പിളി ബാബയുടെ ആശ്രമങ്ങള്‍ വഴിയില്‍ പലയിടത്തും കണ്ടു.

ഗോവിന്ദ്ഘട്ടില്‍ നിന്ന് ബദരിനാഥിലേക്ക് 25 കിലോ മീറ്ററേ ഉള്ളുവെങ്കിലും അതുമറികടക്കാന്‍ ഏറെ സമയം വേണം. ഗൂഗിള്‍ മാപ്പില്‍ 39 മിനിറ്റ് എന്നൊക്കെ കാണിക്കുന്നതു വിശ്വസിച്ചു പോയാല്‍ പണികിട്ടുമെന്ന് ഉറപ്പ്.

വഴിയില്‍ നാലിടത്ത് സ്വയമ്പന്‍ ഹെയര്‍പിന്‍ വളവുകളുണ്ട്. അതിലൊന്ന്, ഗോവിന്ദ്ഘട്ടില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെ തുടങ്ങുന്നത് എട്ട് പ്രധാന വളവുകളും ഏതാനും ചെറിയതിരിവുകളുമുള്ളത്, ഏകദേശം നാലു കിലോമീറ്ററുണ്ട്. വളഞ്ഞ്പിരിഞ്ഞ് സ്വര്‍ഗത്തിലേക്ക് കയറുകയാണെന്നു തോന്നിക്കുന്ന വഴിയാണിത്. കാഴ്ചയില്‍ സ്വര്‍ഗവുമാണ്, കാരണം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യഭംഗിയാണിവിടെ.

ഹെയര്‍ പിന്‍ പിന്നിട്ട് വീണ്ടും അഞ്ചു കിലോമീറ്റര്‍ കൂടി താണ്ടിയപ്പോള്‍ ഞങ്ങളുടെ അടുത്ത താവളമെത്തി- ബദരിനാഥ്.

തുടരും...

Ads by Google
ഇ.പി. ഷാജുദീന്‍
ഇ.പി. ഷാജുദീന്‍
Friday 26 Apr 2019 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW