Friday, July 19, 2019 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.12 AM

പ്രചരണം ലാസ്റ്റ് ലാപ്പിലേക്ക് ; പ്രിയങ്ക ഇന്ന് വയനാട്ടിലേക്ക് സ്മൃതി ഇറാനി നാളെ ; റോഡ്ഷോയുമായി അമിത്ഷാ പത്തനംതിട്ടയില്‍

uploads/news/2019/04/302824/leaders.jpg

കോഴിക്കോട് : രാഹുല്‍ഗാന്ധിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശ്രദ്ധേയമായിരിക്കുന്ന കേരളത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ പ്രചരണത്തിന് എത്തുന്നു. ഇന്ന് പ്രിയങ്കാഗാന്ധിയും അമിത്ഷായും പ്രചരണവുമായി കേരളത്തില്‍ എത്തും. പ്രിയങ്കാഗാന്ധിക്ക് പിന്നാലെ ഇന്ന് വയനാട്ടില്‍ നടത്താനിരുന്ന സന്ദര്‍ശനം സ്മൃതി ഇറാനി നാളെയാക്കി.

ചൊവ്വാഴ്ച കേരളത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ അവസാനിക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക, 10.30 ന് മാനന്തവാടിയില്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് 12.15 ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശനം, പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തി​ന്റെ ഉദ്ഘാടനം അരീക്കോടും നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങള്‍ എന്നിവയാണ് പ്രിയങ്കയുടെ പരിപാടികള്‍. പ്രിയങ്കയ്ക്ക് പിന്നാലെ ഇന്ന് വയനാട്ടില്‍ സന്ദര്‍ശനം നടത്തേണ്ടിയിരുന്ന സ്മൃതി ഇറാനി സന്ദര്‍ശനം നാളത്തേക്ക് മാറ്റി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി വോട്ടുതേടാന്‍ എത്തുമെന്നായിരുന്നു വിവരം. പ്രിയങ്കയും സ്മൃതിയും ഒരുമിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു വയനാട്.

അതേസമയം വയനാട്ടില്‍ പ്രിയങ്ക പ്രചരണം നടത്തുമ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി അമിത്ഷാ വോട്ടു ചോദിക്കാനെത്തും. വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും അമിത്ഷായുടെ റോഡ്ഷോ നടക്കും. നഗരംചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിക്കും. 50,000 പേര്‍ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന ബിജെപി അധ്യക്ഷന്‍ കാറിലാകും സെന്റ്പീറ്റേഴ്സ് ജംഗ്ഷനില്‍ എത്തുക.

ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. ശബരിമല വിഷയം അമിത് ഷാ വീണ്ടും പ്രചാരണായുധമാക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷാ ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW