Friday, April 19, 2019 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.23 AM

പൊന്നാനി എന്ന 'പൊന്നാപുരം' കോട്ട

uploads/news/2019/04/301894/bft1.jpg

മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്ന്‌ അവര്‍ വിശേഷിപ്പിക്കുന്ന മണ്ഡലമാണു പൊന്നാനി. പൈതൃകംകൊണ്ടും സംസ്‌കാരംകൊണ്ടും പ്രശസ്‌തമായ പൊന്നാനിയില്‍ ഇത്തവണ നടക്കുന്നത്‌ ശക്‌തമായ മത്സരമാണ്‌.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായ മുസ്ലിംലീഗ്‌ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ മണ്ഡലത്തില്‍ ഹാട്രിക്‌ പ്രതീക്ഷിച്ച്‌ മത്സരിക്കുമ്പോള്‍ എതിരാളിയായി രംഗത്തുള്ളത്‌ എല്‍.ഡി.എഫിന്റെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍.
ഇതോടെ മണ്ഡലത്തിലെ പ്രചാരണങ്ങള്‍ മീനച്ചൂടിനെയും വെല്ലുന്ന രീതിയിലേയ്‌ക്ക്‌മാറി. ഇത്തവണ അനുകൂലവോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കാനുറച്ച്‌ ബി.ജെ.പി. സംസ്‌ഥാന സമിതിയംഗം പ്രഫ. വി.ടി. രമയും എന്‍.ഡി.എക്കുവേണ്ടി മണ്ഡലത്തില്‍ സജീവമാണ്‌.
ഇവര്‍ക്കുപുറമേ എസ്‌.ഡി.പി.ഐ. സ്‌ഥാനാര്‍ഥി കെ.സി. നസീറും പി.ഡി.പി. സ്‌ഥാനാര്‍ഥി പൂന്തുറ സിറാജും പ്രചാരരംഗത്ത്‌ സജീവമാണ്‌. കഴിഞ്ഞ കുറിച്ചുവര്‍ഷങ്ങളായി മണ്ഡലത്തില്‍ ഇടതുമുന്നണി നേടിവരുന്ന വളര്‍ച്ചയാണ്‌ ഇത്തവണ മുസ്ലിംലീഗിനെ ആശങ്കയിലാക്കുന്നത്‌. മണ്ഡലത്തില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്‌-ലീഗ്‌ പോരും യു.ഡി.എഫിനു തലവേദനയാണ്‌. ഇതുകൊണ്ടുതന്നെയാണു ലീഗ്‌ കോട്ടകളില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തി വിജയപ്പിച്ചെടുക്കുന്ന എല്‍.ഡി.എഫ്‌. തന്ത്രം ഇത്തവണയും യു.ഡി.എഫിനു വെല്ലുവിളി ഉയര്‍ത്തുന്നത്‌. അന്‍വറിനെതിരേ ഉയര്‍ന്ന നിരവധികേസുകളും പരാതികളും തിരിച്ചടി നല്‍കുമെന്ന ആശങ്ക എല്‍.ഡി.എഫ്‌. കേന്ദ്രങ്ങള്‍ക്കുണ്ട്‌.
ഏതായാലൂം വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ്‌ പര്യടനങ്ങളിലാണു സ്‌ഥാനാര്‍ഥികള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി ശക്‌തമായ മത്സരം നടക്കാത്ത പൊന്നാനിയില്‍ കഴിഞ്ഞ തവണ ഇടതുസ്വതന്ത്രന്‍ വി. അബ്‌ദുറഹ്‌മ്‌ാനെ രംഗത്തിറക്കി എല്‍.ഡി.എഫ്‌. പടനയിച്ചപ്പോള്‍ ഇ.ടി. മുഹമ്മദ്‌ ബഷീറിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തിലേക്കു ചുരുങ്ങി. മാത്രമല്ല, മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക്‌ ലീഡ്‌ നേടാനുമായി. പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഗുണം അനുഭവിച്ചതും ഇടതുപക്ഷമാണ്‌.
ഇത്തവണയും അതേ രീതിയില്‍ പൊരിഞ്ഞ പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ തന്നെയാണ്‌ പൊന്നാനിയില്‍ ഇടതുമുന്നണി തന്ത്രങ്ങള്‍ മെനയുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ ഇടതുസ്വതന്ത്രന്‍ വി. അബ്‌ദുറഹ്‌മാനെ തോല്‍പ്പിച്ചത്‌ 25,410 വോട്ടുകള്‍ക്കാണ്‌.
മൊത്തം പോള്‍ ചെയ്‌ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകള്‍ ബഷീറിനു ലഭിച്ചപ്പോള്‍ വി. അബ്‌ദുറഹ്‌മാനു 40.5 ശതമാനം വോട്ട്‌ കിട്ടി. ബി.ജെ.പി. സ്‌ഥാനാര്‍ഥിയായിരുന്ന നാരായണന്‍ മാസ്‌റ്റര്‍ക്ക്‌ ആകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്‌.

വി.പി. നിസാര്‍

Ads by Google
Monday 15 Apr 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW