Thursday, June 20, 2019 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.19 AM

ബോണ്ടുകളിലെ അനിശ്‌ചിതത്വം നേരിടാന്‍

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും നഷ്‌ടസാധ്യതകളും കണ്ട്‌ ബോണ്ടുകളില്‍ രക്ഷപ്രാപിച്ചവര്‍ പട പേടിച്ച്‌ പന്തളത്തു പോയ അവസ്‌ഥയാണ്‌. ഐല്‍.എല്‍ ആന്‍ഡ്‌ എഫ്‌.എസിന്റെയും ഇ.എസ്‌.എസ്‌.ഇ.എല്‍. ഗ്രൂപ്പിന്റെയും കടപത്രങ്ങളില്‍നിന്നുള്ള തിരിച്ചടവ്‌ മുടങ്ങിയതിന്റെ പ്രത്യാഘാതം അവയില്‍ നിക്ഷേപിച്ച സ്‌കീമുകളില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്‌.
കൊട്ടക്ക്‌ മ്യൂച്വല്‍ഫണ്ടടക്കം മറ്റ്‌ വന്‍കിട ഫണ്ടുകളുടെ പല സ്‌കീമുകളിലും ഈ കമ്പനികളുടെ കടപത്രങ്ങളില്‍ പ്രാതിനിധ്യമുണ്ട്‌. മേല്‍പ്പറഞ്ഞ കടപത്രങ്ങളില്‍ മൊത്തം 8000 കോടിയുടെ നിക്ഷേപം ഈ സ്‌കീമുകള്‍ക്ക്‌ ഉണ്ടെന്നാണ്‌ മോര്‍ണിങ്‌ സ്‌റ്റാര്‍ റിസ്‌ര്‍ച്ചിന്റെ കണക്ക്‌. ഇവയില്‍ 1600 കോടിയോളം എഫ്‌.എം.പിയിലാണ്‌. ഇതില്‍ ഏപ്രില്‍ 10-ാം തീയതി മെച്വര്‍ ആയ കൊട്ടക്കിന്റെ സ്‌കീമിന്റെ വരുമാനം കമ്പനി തിരിച്ചുപിടിച്ചിരിക്കുകയാണ്‌.
ഇതേസമയം മെച്വര്‍ ആയ എച്ച്‌.ഡി.എഫ്‌.സിയുടെ സ്‌കീമിന്റെ ദൈര്‍ഘ്യം വീണ്ടുമൊരു കൊല്ലത്തേക്ക്‌ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‌ നിക്ഷേപകരുടെ സമ്മതം നേടാന്‍ പാടുപെടുകയാണ്‌ കമ്പനി. ഇതു കൂടാതെ സെപ്‌തംബറില്‍ മെച്വര്‍ ആകാനിരിക്കുന്ന എഫ്‌.എം.പിയില്‍ നിക്ഷേപിച്ചിട്ടുള്ള ഐസിഐസിഐ, ബിര്‍ള, ഡി.എസ്‌.പി മുതലായ കമ്പനികളുടെ സ്‌കീമുകളിലും സമാനമായ നിലപാട്‌ കൈക്കൊള്ളാനാണ്‌ സാധ്യത.
കടപത്രങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ കമ്പനികള്‍ 90 ദിവസത്തെ സമയം ചോദിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്‌. 2018 കലണ്ടര്‍ വര്‍ഷം വിപണിക്ക്‌ അത്ര മികച്ചതല്ലായിരുന്നെങ്കില്‍കൂടി ചെറുകിട നിക്ഷേപകര്‍ നല്ല തോതില്‍ നിക്ഷേപിക്കുകയുണ്ടായി. പൊതുവേ ഡെബ്‌റ്റ് ഫണ്ട്‌ നിക്ഷേപങ്ങളില്‍ റിസ്‌ക് കുറവാണെന്നുള്ള വിശ്വാസമാണ്‌ നിക്ഷേപകര്‍ക്കുള്ളത്‌.
സാമ്പത്തിക-നിക്ഷേപ ഉപദേഷ്‌ഠാക്കള്‍ പോലും ഡെബ്‌റ്റ്‌ ഫണ്ടുകളെ സുരക്ഷിത നിക്ഷേപമായിട്ടാണ്‌ പരിചയപ്പെടുത്തുക. എന്നാല്‍ ഓഹരിയധിഷ്‌ഠിത സ്‌കീമുകളിലേതു പോലെതന്നെ റിസ്‌ക് നിറഞ്ഞതാണ്‌ ഡെബ്‌റ്റ് നിക്ഷേപങ്ങളെന്ന്‌ നിക്ഷേപകര്‍ മനസ്സിലാക്കണം.
ഫണ്ടിന്റെ എന്‍.എ.വിയില്‍ ചെറിയ ഇടിവ്‌ കാണുമ്പോള്‍ മാത്രമാണ്‌ നിക്ഷേപകന്‍ ഡെബ്‌റ്റ് ഫണ്ടുകളിലെ നഷ്‌ടസാധ്യത നേരിട്ടറിയുന്നത്‌.
രണ്ട്‌ തരത്തിലുള്ള റിസ്‌കാണ്‌ പ്രധാനമായും ഡെബ്‌റ്റ് ഫണ്ടുകളിലുള്ളത്‌. ഒരിക്കല്‍ കൊടുത്ത പണം തിരിച്ചു കിട്ടാത്ത അവസ്‌ഥ. അതിനെ ഡിഫാള്‍ട്ട്‌ റിസ്‌ക് എന്നാണ്‌ പറയുന്നത്‌. രണ്ടാമത്തേത്‌ പലിശ റിസ്‌ക്കാണ്‌. നാം നിക്ഷേപിച്ചതിനു ശേഷം അതേ കമ്പനിയുടേയോ സമാന കമ്പനികളുടേയോ ബോണ്ടുകളുടെ പലിശനിരക്ക്‌ കൂടുകയോ കുറയുകയോ ചെയ്യുന്നതും അതുകൂടാതെ ഗവണ്‍മെന്റ്‌ അടിസ്‌ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തുന്നതും ഇതില്‍ ഉള്‍പ്പെടും.
പലിശനിരക്ക്‌ മൂലമുള്ള വിലവ്യതിയാനം എല്ലാ ദിവസവും സ്‌കീമിന്റെ എന്‍.എ.വിയില്‍ പ്രതിഫലിക്കും. സ്‌ഥിരവരുമാനം ലഭിക്കുന്ന ബോണ്ടുകളിലാണ്‌ ഓരോ സ്‌കീമും നിക്ഷേപിക്കുന്നതെങ്കിലും എന്‍.എ.വിയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങള്‍ നിക്ഷേപകര്‍ക്ക്‌ ഇപ്പോഴും ദഹിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ്‌ തിരിച്ചടവ്‌ മുടങ്ങിയെന്നുള്ള പ്രശ്‌നം വരുന്നത്‌. വിലയിടിവ്‌ ക്രമേണ പരിഹരിക്കപ്പെടുന്ന പ്രശ്‌നമാണെന്നിരിക്കെ ഡിഫാള്‍ട്ട്‌ റിസ്‌ക്‌ തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണ്‌.
ഐ.എല്‍ ആന്‍ഡ്‌ എഫ്‌.എസിന്റെ ബോണ്ടുകള്‍ ക്കക്കക്ക എന്ന മികച്ച റേറ്റിങ്‌ ഉള്ളവയായിരുന്നു. അത്രയ്‌ക്ക് വിശ്വാസ്യതയുള്ള ബോണ്ടുകള്‍ക്ക്‌ കിട്ടാക്കടത്തിന്റെ നിഴല്‍ വീണത്‌ ആശ്‌ചര്യപ്പെടുത്തിയ ഒന്നാണ്‌. ഈ അവസരത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ കുറച്ചു കാര്യങ്ങളുണ്ട്‌. ഒന്ന്‌, ആസ്‌തിവിന്യാസത്തിന്റെ സാധ്യതയാണ്‌. സാധാരണ ഓഹരിയധിഷ്‌ഠിത നിക്ഷേപങ്ങളിലുള്ള റിസ്‌ക് ലഘൂകരിക്കാനാണ്‌ നാം ബോണ്ടുകളില്‍ നിക്ഷേപിക്കാറുള്ളത്‌. എന്നാല്‍ ബോണ്ടില്‍ അസ്‌ഥിരത നിഴലിക്കുന്ന അവസരത്തില്‍ രക്ഷയ്‌ക്കായി ഓഹരികള്‍ വേണ്ടി വന്നേക്കാം. രണ്ടും പരസ്‌പരം ബന്ധമില്ലാത്ത ആസ്‌തിവര്‍ഗങ്ങളായതുകൊണ്ട്‌ ഓഹരികളുടെ ഉള്‍പ്പെടുത്തല്‍ ഗുണം ചെയ്‌തേക്കാം. കൂടാതെ സ്വര്‍ണത്തിലുള്ള നിക്ഷേപവും വര്‍ധിക്കാവുന്നതാണ്‌.
രണ്ട്‌, കോര്‍പ്പറേറ്റ്‌ ബോണ്ടുകള്‍ പിഴയടയ്‌ക്കുന്നിടത്ത്‌ ഗവണ്‍മെന്റ്‌ ബോണ്ടുകള്‍ ഉപയോഗിക്കാം. പലിശ വ്യതിയാനം സംബന്ധിച്ച റിസ്‌ക് കൂടുതലാണെങ്കില്‍പോലും ഒരു ചെറിയ അനുപാതം 5-7 വര്‍ഷം ദൈര്‍ഘ്യമുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത്‌ നല്ലതാണ്‌.
മൂന്ന്‌, ആര്‍ബിട്രേജ്‌ സ്‌കീമുകള്‍ പ്രതിവര്‍ഷം 6-7 ശതമാനം വരുമാനം ഒരു റിസ്‌കുമില്ലാതെ പ്രദാനം ചെയ്യാന്‍ കെല്‍പ്പുള്ളവയാണ്‌. ഒരേ വസ്‌തുവില്‍ രണ്ടും വിപണിയിലുള്ള വിലവ്യത്യാസങ്ങള്‍ മുതലെടുത്ത്‌ ലാഭം ചെയ്യുന്നവയാണ്‌ ഈ സ്‌കീമുകള്‍.
ബോണ്ടില്‍ അസ്‌ഥിരത നിലനില്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ രീതികള്‍ അവലംബിക്കുന്നത്‌ നല്ലതായിരിക്കും. ഏതൊരു നിക്ഷേപവും നിങ്ങള്‍ക്ക്‌ റിസ്‌ക് എടുക്കാനുള്ള കഴിവനുസരിച്ച്‌ വേണം ചെയ്യാന്‍.

വിജയാനന്ദപ്രഭു

Ads by Google
Monday 15 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW