Friday, April 19, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.08 AM

കൊല്‍ക്കത്ത കടന്ന്‌ ചെന്നൈ

uploads/news/2019/04/301878/s2.jpg

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴാം ജയം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ അഞ്ച്‌ വിക്കറ്റിനാണു സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത നൈറ്റ്‌റൈഡേഴ്‌സ് എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 161 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സ് കളി തീരാന്‍ രണ്ട്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു. ഐ.പി.എല്‍. 12-ാം സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സുരേഷ്‌ റെയ്‌നയും (42 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം പുറത്താകാതെ 58) നാല്‌ വിക്കറ്റെടുത്ത ലെഗ്‌ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറുമാണു സൂപ്പര്‍ കിങ്‌സിന്റെ വിജയ ശില്‍പ്പികള്‍. എട്ട്‌ കളികളില്‍നിന്നു 14 പോയിന്റാണു സൂപ്പര്‍ കിങ്‌സിന്റെ നേട്ടം.
ഓപ്പണര്‍ ഷെയ്‌ന്‍ വാട്‌സണ്‍ (ആറ്‌) ഹെന്റി ഗൂര്‍ണി വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം മങ്ങി. ഫാഫ്‌ ഡു പ്ലെസിസും (16 പന്തില്‍ 24) റെയ്‌നയും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയത്‌. സുനില്‍ നരേന്‍ ഡു പ്ലെസിസിനെയും പീയുഷ്‌ ചൗള അമ്പാട്ടി റായിഡുവിനെയും (അഞ്ച്‌) മടക്കിയതോടെ സൂപ്പര്‍ കിങ്‌സ് തോല്‍വിയെ മുഖാമുഖം കണ്ടു. കേദാര്‍ ജാദവ്‌ (12 പന്തില്‍ 20), നായകന്‍ എം.എസ്‌. ധോണി (13 പന്തില്‍ 16) എന്നിവരും പുറത്തായതോടെ കൊല്‍ക്കത്ത താരങ്ങളുടെ മുഖത്തു പുഞ്ചിരി തെളിഞ്ഞു. രവീന്ദ്ര ജഡേജ ക്രീസിലെത്തിയതോടെ കഥ മാറി.
17 പന്തില്‍ 31 റണ്ണെടുത്ത ജഡേജ റെയ്‌നയ്‌ക്കു മികച്ച പിന്തുണ നല്‍കിയതോടെ കൊല്‍ക്കത്തയുടെ പിടിയില്‍നിന്നു ജയം അകന്നു. ചൗള എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ എട്ട്‌ റണ്ണായിരുന്നു. ആദ്യ പന്തില്‍ ജഡേജ ഫോറടിച്ചതോടെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞു. രണ്ടും മൂന്നും പന്തുകളില്‍ സിംഗിളും നാലാം പന്തില്‍ ഡബിളും നേടിയതോടെ നിലവിലെ ചാമ്പ്യന്‍ ജയം ഉറപ്പാക്കി. ആറാം വിക്കറ്റില്‍ ജഡേജയും റെയ്‌നയും പുറത്താകാതെ 41 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. കൊല്‍ക്കത്തയ്‌ക്കു വേണ്ടി സുനില്‍ നരേനും ചൗളയും രണ്ട്‌ വീതം വിക്കറ്റ്‌ വീതമെടുത്തു. ടോസ്‌ നേടിയ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണി കൊല്‍ക്കത്തയെ ബാറ്റിങ്ങിനു വിട്ടു. ഓപ്പണര്‍ ക്രിസ്‌ ലിന്നിന്റെ (51 പന്തില്‍ ആറ്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 82) വെടിക്കെട്ടുണ്ടായിരുന്നിട്ടും പൊരുതാവുന്ന സ്‌കോറിലെത്താന്‍ കഴിയാത്തതാണു കൊല്‍ക്കത്തയ്‌ക്കു തിരിച്ചടിയായത്‌.
അര്‍ധ സെഞ്ചുറി നേട്ടത്തോടെ ലിന്നിന്‌ ഐ.പി.എല്ലില്‍ ആയിരം റണ്‍ തികയ്‌ക്കാന്‍ വിന്‍ഡീസ്‌ താരത്തിനായി. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കു തിളങ്ങാനായില്ല. സഹ ഓപ്പണര്‍ സുനില്‍ നരേന്‍ (രണ്ട്‌), റോബിന്‍ ഉത്തപ്പ (0) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതും മുന്‍ ചാമ്പ്യന്‍മാര്‍ക്കു തിരിച്ചടിയായി. നയന്‍ റാണ (18 പന്തില്‍ 21), റോബിന്‍ ഉത്തപ്പ, ആന്ദ്രെ റസല്‍, ക്രിസ്‌ ലിന്‍ എന്നിവരെയാണു താഹിര്‍ പുറത്താക്കിയത്‌. താഹിറാണു മത്സരത്തിലെ താരം. ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട്‌ വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റുമെടുത്തു. ഡെത്ത്‌ ഓവറുകളില്‍ (അവസാന നാല്‌ ഓവറുകള്‍) റണ്ണെടുക്കാന്‍ കഴിയാത്തതാണു നൈറ്റ്‌റൈഡേഴ്‌സിന്റെ തോല്‍വിക്കു കാരണമായത്‌്. അവസാന ഓവറുകളിലെ വെടിക്കെട്ടുകള്‍ക്കു കേള്‍വി കേട്ടവരാണെങ്കിലും ഇന്നലെ നൈറ്റ്‌ റൈഡേഴ്‌സിനെ തളയ്‌ക്കാന്‍ സൂപ്പര്‍ കിങ്‌സിനായി. നൈറ്റ്‌റൈഡേഴ്‌സ് ബാറ്റ്‌സ്മാന്‍മാര്‍ ഇതുവരെ ഡെത്ത്‌ ഓവറുകളില്‍ ആകെ 29 സിക്‌സറുകളടിച്ചു. ഇന്നലെ 24 പന്തുകളിലായി അവര്‍ നേടിയതു 19 റണ്‍ മാത്രം. കൂടാതെ ഒരു പന്ത്‌ പോലും അതിര്‍ത്തി കടന്നുമില്ല. ഐ.പി.എല്‍. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ബാറ്റിങ്‌ (ഡെത്ത്‌ ഓവറുകളില്‍) പ്രകടനമാണിത്‌.

Ads by Google
Monday 15 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW